കുപ്രസിദ്ധ മോഷ്ടാവ് ആസിഡ് ബിജു ഒടുവിൽ പോലീസിന്റെ പിടിയിൽ

0

മലപ്പുറം: സംസ്ഥാനത്തെ നിരവധി സ്ഥലങ്ങളിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ആസിഡ് ബിജു പോലീസിന്റെ പിടിയിൽ. എടപ്പാൾ പൊൽപ്പാക്കരക്ക് സമീപമുള്ള വീട്ടിൽ കയറി മോഷണം നടത്താൻ ശ്രമിച്ച ശേഷം ഒളിച്ചു കടന്ന ഇയാൾ എറണാകുളം ,പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിലും താമസിച്ച് മോഷണം നടത്തിവരികയായിരുന്നു. പൊന്നാനി പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പലയിടങ്ങളിലായി മോഷണം നടത്തിയിരുന്ന 47 കാരനായ ഇയാളുടെ യഥാർത്ഥ പേര് ബിജു വർഗീസ് എന്നാണ്. ജനവാതിൽ തുറന്ന് കിടക്കുന്നതും, സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന വീടുകൾ കണ്ടെത്തി ഉറക്കത്തിൽ സ്ത്രീകളുടേയും കുട്ടികളുടേയും മേലുള്ള ആഭരണങ്ങൾ ആയുധങ്ങൾ ഉപയോഗിച്ച് കട്ട് ചെയ്ത് മോഷ്ടിച്ച് കൊണ്ടുപോകുന്ന രീതിയായിരുന്നു ആസിഡ് ബിജുവിന്റേത്. സംസ്ഥാനത്ത് 35 ഓളം മോഷണക്കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആസിഡ് ബിജു ഒറ്റപ്പാലം ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയത്. ഇയാൾക്കെതിരെ കാപ്പയുൾപ്പെടെ ഗുണ്ടാ നിയമങ്ങൾ ചുമത്തുമെന്ന് പൊന്നാനി സിഐ.വിനോദ് വലിയാറ്റൂർ പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം തിരൂർ ഡി.വൈ.എസ്‌പി വി.വി ബെന്നിയുടെ നേതൃത്വത്തിൽ ഡി.വൈ.എസ്‌പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ പ്രമോദ്, എഎസ്ഐ ജയപ്രകാശ്, എസ്.സി.പി.ഒമാരായ രാജേഷ്, ജയപ്രകാശ്, സി.പി.ഒ സുമേഷ് എന്നിവരുടെ സഹായത്തോടെ പൊന്നാനി സിഐ വിനോദ് വലിയാട്ടൂരാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഭവനഭേദനം നടത്തിയ ആസിഡ് ബിജുവിനെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here