‘പരാതി കിട്ടിയിട്ടില്ലെന്ന് മന്ത്രി പറയുന്നത് പച്ചക്കള്ളം’; ഗതാഗത മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു

0

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിതരണത്തിൽ ഗതാഗത മന്ത്രിക്ക് പരാതി നൽകിയെന്ന് സിഐടിയു. പരാതി കിട്ടിയിട്ടില്ലെന്ന് മന്ത്രി പറയുന്നത് പച്ചക്കള്ളമെന്നും കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഓർഗനൈസിങ് സെക്രട്ടറി സന്തോഷ് കുമാർ ആരോപിച്ചു.

‘മന്ത്രിയുമായി നേരത്തെ ബന്ധപ്പെട്ടിരുന്നു. പരാതി എത്തിയിട്ടില്ല എന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്.പരാതി പറഞ്ഞിട്ടേ ഇടപെടു എന്നത് ശരിയായ നിലപാടല്ലെന്നും സമരം തുടരുമ്പോൾ സ്വാഭാവികമായി ഇടപെടൽ നടത്തേണ്ടതാണെന്നും’ അദ്ദേഹം പറഞ്ഞു.

‘25,000 ത്തോളം വരുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇന്ന് ആഘോഷമില്ലാത്ത ഈസ്റ്ററാണ്. 17 ദിവസമായി ശമ്പളമില്ലാതെ ജോലിയെടുത്തും സമരം ചെയ്തും ജീവിക്കുന്നു. ഇതിനിടയിൽ വിഷുവിനു കൈനീട്ടിയിട്ടും കൈ നീട്ടമായി ഒരു രൂപ പോലും തരാൻ മാനേജ്മെന്റിനായില്ല. തൊഴിലാളികൾ സമരം തുടരുമ്പോൾ മന്ത്രി സ്വാഭാവികമായി ഇടപെടേണ്ടാതാണെന്ന്’ സന്തോഷ് കുമാർ പറഞ്ഞു.

നാളെ വൈകുന്നേരമോ ചൊവ്വാഴ്ച രാവിലെയോ ശമ്പളം വിതരണം ചെയ്യാനാകുമെന്നാണ് മാനേജ്‌മെൻറിൻറെ പുതിയ അറിയിപ്പ്. ധനവകുപ്പ് അനുവദിച്ച 30 കോടി ഗതാഗത വകുപ്പിന് കൈമാറി. അത് ഉടനെ കെ.എസ്.ആർ.ടി.സിക്ക് കൈമാറും. ബാങ്കിൽ നിന്ന് 50 കോടിയുടെ ഓവർ ഡ്രാഫ്റ്റ് മെടുത്ത് ശമ്പളം നൽകാനാണ് ശ്രമം.

അതേസമയം ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ വിമർശനവുമായി സിഐടിയു കഴിഞ്ഞ ദിവസവും രം​ഗത്തെത്തിയിരുന്നു. അധികാരം എന്നുമുണ്ടാവുമെന്ന് മന്ത്രി കരുതേണ്ടെന്ന് കെഎസ്ആർടിഇഎ സംസ്ഥാന സെക്രട്ടറി ശാന്തകുമാർ പറഞ്ഞു. ഞങ്ങളും കൂടി പ്രവർത്തിച്ചിട്ടാണ് ആന്റണി രാജു മന്ത്രിയായത്. അധികാരം കിട്ടിയപ്പോൾ ജീവനക്കാർക്കെതിരെ രംഗത്ത് വന്നു. ശമ്പളം നൽകാൻ കഴിവില്ലെങ്കിൽ സിഎംഡി ബിജു പ്രഭാകർ രാജിവെക്കണമെന്നും ശാന്തകുമാർ ആവശ്യപ്പെട്ടു.

മാർച്ച് മാസത്തെ ശമ്പളം മുടങ്ങിയതോടെയാണ് കെഎസ്ആർടിസി ജീവനക്കാർ പ്രത്യക്ഷ സമരത്തിലേക്കിറങ്ങിയത്. 28ന് പണിമുടക്ക് നടത്തുമെന്ന് സിഐടിയു പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ സർവീസ് സംഘടനകളും സമരം ശക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം സമരം ചെയ്താൽ പൈസ വരുമോയെന്നായിരുന്നു ഗതാഗതമന്ത്രിയുടെ പരിഹാസം.

ശമ്പളവിതരണത്തിനായി 30 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. 84 കോടി രൂപയാണ് ശമ്പള വിതരണത്തിന് വേണ്ടത്. ബാക്കി തുക കെഎസ്ആർടിസി സ്വയം കണ്ടെത്തണമെന്നാണ് സർക്കാർ നിലപാട്. എന്നാൽ അതിനാവില്ലെന്നും ബാക്കി തുകയും സർക്കാർ തന്നെ നൽകണമെന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here