ഇംഗ്ലണ്ടിനെതിരെ എഡ്‍ജ്ബാസ്റ്റണില നടക്കാനിരിക്കുന്ന ഏക ടെസ്റ്റില ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മ കളിക്കുമോ എന്ന് ഉറപ്പായിട്ടില്ല

0

എഡ്‍ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെ എഡ്‍ജ്ബാസ്റ്റണില നടക്കാനിരിക്കുന്ന ഏക ടെസ്റ്റില ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മ കളിക്കുമോ എന്ന് ഉറപ്പായിട്ടില്ല. കൊവിഡ് ബാധിതനായ ഹിറ്റ്മാന്‍ നിലവില്‍ ഐസൊലേഷനിലാണ്. രോഹിത്തിന് കളിക്കാനാവാതെ വന്നാല്‍ ആരാവും ഇന്ത്യന്‍ ടീമിനെ നയിക്കുക എന്ന ചോദ്യവുമായി ഐസിസി രംഗത്തെത്തിയത് കൗതുകമായി. ഐസിസിയുടെ ചോദ്യത്തോട് ഇന്ത്യന്‍ സ്‍പിന്‍ ഇതിഹാസം ഹർഭജന്‍ സിംഗ് പ്രതികരിക്കുകയും ചെയ്തു.

പേസർ ജസ്പ്രീത് ബുമ്ര എഡ്‍ജ്ബാസ്റ്റണില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുമെന്നായിരുന്നു ഐസിസിക്ക് ഭാജിയുടെ മറുപടി. രോഹിത്തിന് പകരം ബുമ്ര ഇന്ത്യയെ നയിക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

ശനിയാഴ്ച നടത്തിയ റാപിഡ് ആന്‍റിജന്‍ ടെസ്റ്റിലാണ് രോഹിത് ശർമ്മ കൊവിഡ് പോസിറ്റീവായത്. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന് മുന്നോടിയായി ലെസ്റ്റർഷെയറിനെതിരായ ചതുർദിന സന്നാഹ മത്സരത്തില്‍ രോഹിത് ശർമ്മ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ജൂലൈ ഒന്നിന് എഡ്‍ജ്ബാസ്റ്റണില്‍ ടെസ്റ്റ് മത്സരം ആരംഭിക്കും മുമ്പ് കൊവിഡ് ഫലം നെഗറ്റീവാകുക രോഹിത്തിന് വലിയ വെല്ലുവിളിയാണ്. വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പരിക്കിനെ തുടർന്ന് നിലവില്‍ ടീമിനൊപ്പവുമില്ല.

കഴിഞ്ഞ വർഷം നടന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് ഭീതിയെ തുടർന്ന് പുനക്രമീകരിച്ചതാണ് എഡ്‍ജ്ബാസ്റ്റണില്‍ നടക്കാന്‍ പോകുന്ന മത്സരം. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. പരമ്പരയിലെ കഴിഞ്ഞ നാല് ടെസ്റ്റുകളില്‍ ഇന്ത്യയുടെ മികച്ച ബാറ്റർ രോഹിത് ശർമ്മയായിരുന്നു. ഓവലിലെ സെഞ്ചുറിയടക്കം 52.27 ബാറ്റിംഗ് ശരാശരിയോടെ 368 റണ്‍സ് ഹിറ്റ്മാനുണ്ട്. അവസാന ടെസ്റ്റില്‍ തോല്‍വി വഴങ്ങാതിരുന്നാല്‍ 2007ന് ശേഷം ഇംഗ്ലണ്ടില്‍ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്.

രോഹിത് കളിക്കുന്നില്ലെങ്കില്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്കാണ് ടീം ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിക്കുക എന്നാണ് റിപ്പോർട്ട്. മറ്റ് താരങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ബുമ്രയ്ക്കാണ്. ബുമ്രയാണ് നയിക്കുന്നതെങ്കില്‍ ഒരു അപൂര്‍വ റെക്കോര്‍ഡിന് താരം ഉടമയാവും. 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കുന്ന പേസറെന്ന റെക്കോര്‍ഡാണ് ബുമ്രയെ കാത്തിരിക്കുന്നത്. കപില്‍ ദേവാണ് ഇന്ത്യയെ അവസാനമായി ടെസ്റ്റില്‍ നയിച്ച പേസര്‍. 1987ല്‍ പാകിസ്ഥാനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു അത്.

LEAVE A REPLY

Please enter your comment!
Please enter your name here