സിക്‌സ് പറത്തിക്കോ എന്ന് ഞാന്‍ പറയും, അടുത്ത പന്ത് അവന്‍ തൂക്കും; ഞങ്ങള്‍ തീയും തീയുമാണ്!’അഭിഷേക് ശര്‍മയുമൊത്തുള്ള ഓപ്പണിങ് സഖ്യത്തിന്റെ രസതന്ത്രം വിവരിച്ച് സഞ്ജു സാംസണ്‍

0

മുംബൈ: ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് മലയാളിയായ സഞ്ജു സാംസണ്‍. ഹാട്രിക്ക് 80 പ്ലസ് സ്‌കോറുകളുമായി താരം ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നെടുംതൂണായി മാറി. സഞ്ജുവും അഭിഷേക് ശര്‍മയും ചേര്‍ന്ന ഓപ്പണിങ് സഖ്യമാണ് സമീപ കാലത്ത് ഇന്ത്യക്ക് ടി20 ഫോര്‍മാറ്റില്‍ ആധിപത്യം ഉറപ്പിക്കാന്‍ കരുത്തായ ഒരു ഘടകം.

ഇപ്പോള്‍ തങ്ങള്‍ തമ്മിലുള്ള കെമിസ്ട്രിയെക്കുറിച്ച് പറയുകയാണ് സഞ്ജു. തങ്ങള്‍ക്കിടയിലുള്ള അനായാസതയും സന്തുലിതാവസ്ഥയുമാണ് കൂട്ടുകെട്ടിന്റെ വിജയം എന്നാണ് സഞ്ജു ഓപ്പണിങ് സഖ്യത്തെ വിശേഷിപ്പിച്ചത്. തങ്ങള്‍ തീയും തീയുമാണെന്നും സഞ്ജു പറയുന്നു.

‘ഞങ്ങള്‍ ഐസും തീയുമല്ല, ഞങ്ങള്‍ തീയും തീയുമാണ്. ചിലപ്പോള്‍ അവന്റെ വെടിക്കെട്ടായിരിക്കും. ചില സമയങ്ങളില്‍ ഞാനായിരിക്കും കടന്നാക്രമണം നടത്തുക. ഞങ്ങള്‍ തമ്മിലുള്ള രസതന്ത്രം അതാണ്. 2024 മുതല്‍ ഞങ്ങള്‍ ഓപ്പണിങില്‍ സഖ്യമായി ഇറങ്ങുന്നുണ്ട്. മാത്രമല്ല മലയാളി- പഞ്ചാബി സൗഹൃദവും അതില്‍ വര്‍ക്കൗട്ടാകുന്നുണ്ട്. ഈ മനഃപ്പൊരുത്തം ഞങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കുന്നതല്ല. അതു സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനാല്‍ കൂട്ടുകെട്ടില്‍ ഒരു സങ്കീര്‍ണതയുമില്ല.’

‘പന്ത് എങ്ങനെയാണ് വരുന്നതെന്നു അദ്ദേഹം എന്നോടു ചോദിക്കും. കുഴപ്പമില്ല സിക്‌സടിച്ചോ എന്നു ഞാന്‍ പറയും. അവന് അത് അനായാസം ചെയ്യാന്‍ പറ്റുന്ന കാര്യമാണ്. നിര്‍ഭയനും സമചിത്തതയും ആവോളമുള്ള താരം കൂടിയാണ് അഭിഷേക്. അവന്റെ ഈ സമീപനം എനിക്ക് വലിയ ഇഷ്ടമാണ്. കളത്തിനകത്തും പുറത്തും അവനുമായുള്ള സൗഹൃദവും എന്നെ സംബന്ധിച്ച് അവിസ്മരണീയമാണ്’- സഞ്ജു വ്യക്തമാക്കി.

2 ചുവപ്പ് കാര്‍ഡുകള്‍, സമനിലക്കുരുക്ക്; ബയേണ്‍ മ്യൂണിക്ക് തോല്‍ക്കാതെ പിടിച്ചു നിന്നു
ലോകകപ്പ് ഫൈനലില്‍ ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് പവര്‍പ്ലേയില്‍ അടിച്ചെടുത്തത് 98 റണ്‍സ്. ഇരുവരുടേയും കരുത്തില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സാണ് കലാശപ്പോരില്‍ കിവികള്‍ക്ക് മുന്നില്‍ വച്ചത്.

സമീപ കാലത്ത് കായിക ലോകം കണ്ട മഹത്തായ തിരിച്ചു വരവാണ് സഞ്ജുവിന്റേത്. അഭിഷേകും സഞ്ജുവും ചേര്‍ന്ന ഓപ്പണിങ് വലിയ ക്ലിക്കായി മാറിയിരുന്നു. എന്നാല്‍ ലോകകപ്പ് മുന്നില്‍ കണ്ട് ശുഭ്മാന്‍ ഗില്ലിനെ ടി20 ഓപ്പണറാക്കി തിരിച്ചു കൊണ്ടു വന്നപ്പോള്‍ സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനം നഷ്ടമായി.

എന്നാല്‍ ഗില്ലും അഭിഷേകും ചേര്‍ന്ന ഓപ്പണിങ് സഖ്യം ക്ലിക്കായതുമില്ല. മോശം ഫോം തുടര്‍ന്നതോടെ ഗില്ലിനെ ഒഴിവാക്കിയാണ് ഇന്ത്യ ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തത്. അതിനിടെ ഇഷാന്‍ കിഷന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ ബാറ്റ് വീശി ലോകകപ്പ് ടീമിലേക്ക് വരികയും ചെയ്തു.

ബെര്‍ണാബ്യുവില്‍ നാലടിച്ച് റയല്‍ മാഡ്രിഡ്; തകര്‍പ്പന്‍ ജയം
സഞ്ജുവിനു ലോകകപ്പിനു തൊട്ടുമുന്‍പ് നടന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ തിളങ്ങാനായില്ല. ഇഷാന്‍ വെട്ടിത്തിളങ്ങുകയും ചെയ്തു. ഇതോടെ സഞ്ജുവിനു പകരം ഇഷാനായി അഭിഷേകിനൊപ്പം ലോകകപ്പില്‍ ആദ്യ മത്സരം മുതല്‍ ഓപ്പണര്‍.

പിന്നീട് ഇന്ത്യ ദക്ഷിണാഫ്രിക്കയോടു സൂപ്പര്‍ എട്ടില്‍ പരാജയപ്പെട്ടത് വഴിത്തിരിവായി. സഞ്ജു വീണ്ടും ഓപ്പണര്‍ റോളില്‍ എത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ 97 റണ്‍സടിച്ച് സഞ്ജു കത്തും ഫോമിലേക്ക് ഗിയര്‍ മാറ്റിയതോടെ പിറന്നത് ചരിത്രം. പിന്നാലെ ഇംഗ്ലണ്ടിനെതിരായ സെമിയിലും ന്യൂസിലന്‍ഡിനെതിരായ ഫൈനലിലും 89 റണ്‍സ് വീതം.

വെറും അഞ്ച് കളിയില്‍ നിന്നു 321 റണ്‍സ് അടിച്ച് സഞ്ജു ലോകകപ്പിന്റെ താരമായി മാറി. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടതല്‍ റണ്‍സ് നേടുന്ന താരമെന്ന വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡും താരം സ്വന്തം പേരിലാക്കി. 80.25 റണ്‍സ് ശരാശരിയില്‍ 199.37 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. 27 ഫോറും 24 സിക്‌സുമാണ് 5 കളിയില്‍ നിന്നു മലയാളി താരം അടിച്ചെടുത്തത്.

ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി

0

ഗൾഫ് മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് നിർണായക തീരുമാനവുമായി സിബിഎസ്ഇ. നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്ന ഗൾഫ് രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. തീരുമാനം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ CBSE സ്കൂളുകളിൽ നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളാണ് റദ്ദാക്കിയത്. ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രഖ്യാപനപ്രകാരം 2026 മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. നേരത്തെ മാറ്റിവെച്ചിരുന്ന പരീക്ഷകളും ഇനി നടത്തില്ലെന്ന് അധികൃതർ അറിയിച്ചു. മേഖലയിലെ സംഘർഷാവസ്ഥയും സുരക്ഷാ ആശങ്കകളും കണക്കിലെടുത്ത് സ്കൂളുകളിലും പ്രാദേശിക അധികാരികളിലും നിന്ന് ലഭിച്ച നിർദേശങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി.

ഇതിനൊപ്പം, നേരത്തെ മാറ്റിവെച്ചിരുന്ന പരീക്ഷകൾ വീണ്ടും നടത്തില്ലെന്നും ഈ വിദ്യാർത്ഥികളുടെ പരീക്ഷാഫലം സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് അറിയിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. അതേസമയം പത്താം ക്ലാസ് പരീക്ഷകൾ സിബിഎസ്ഇ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.

വിദ്യാർത്ഥികളുടെ മോഡൽ പരീക്ഷകളും ഇതിനുമുമ്പ് നടന്ന മറ്റ് മൂല്യനിർണയങ്ങളും അടിസ്ഥാനമാക്കിയായിരിക്കും പരീക്ഷാഫലം തീരുമാനിക്കാൻ സാധ്യതയെന്ന് വിദ്യാഭ്യാസ രംഗത്തുള്ളവർ സൂചിപ്പിക്കുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഉയർന്ന വിദ്യാഭ്യാസ പ്രവേശനത്തിന് ഏറെ നിർണായകമായതിനാൽ പുതിയ തീരുമാനം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക ഉയർത്തിയിരിക്കുകയാണ്.

ഗൾഫ് മേഖലയിലെ സാഹചര്യങ്ങൾ സാധാരണ നിലയിലാകുന്നതുവരെ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് സി.ബി.എസ്.ഇ ഈ തീരുമാനം എടുത്തതെന്നാണ് വിലയിരുത്തൽ.

ഉംറ സീസൺ; പ്രധാന സമയപരിധികൾ പ്രഖ്യാപിച്ചു, രാജ്യത്തേക്ക് വരുന്ന എല്ലാ തീർത്ഥാടകരും നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ

0

ദുബായ്: ഉംറ തീർത്ഥാടനത്തിനായി സൗദിയിലേക്ക് പോകുന്നവർക്ക് പ്രധാന അറിയിപ്പ്. ഈ വർഷത്തെ ഉംറ സീസണുമായി ബന്ധപ്പെട്ട വിസ, പ്രവേശനം, മടക്കം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട സമയപരിധികൾ പ്രഖ്യാപിച്ചു.

ഉംറ വിസ അനുവദിക്കുന്ന അവസാന തീയതി ശവ്വാൽ 1 അതായത് ഇം​ഗ്ലീഷ് മാസം മാർച്ച് 20 ആണ്. സൗദിയിൽ പ്രവേശിക്കേണ്ട അവസാന തീയതി ശവ്വാൽ 15ഉം അതായത് ഏപ്രിൽ 3. രാജ്യം വിടേണ്ട അവസാന തീയതി ദുൽ ഖഅദ് ഒന്നുമാണ് അതായത് ഏപ്രിൽ 18നുമാണ്.

ഹജ്ജ് കർമ്മം നിർവഹിക്കാൻ സാധുവായ ഹജ്ജ് വിസ തന്നെ നിർബന്ധമാണ്. ഉംറ വിസ ഉപയോഗിച്ച് ഹജ്ജ് ചെയ്യാൻ അനുവാദമില്ലെന്ന് മന്ത്രാലയം വീണ്ടും വ്യക്തമാക്കി. റമദാൻ മാസത്തിൽ തീർത്ഥാടകർക്ക് നൽകിയ സേവനങ്ങൾക്കും യാത്ര തടസ്സപ്പെട്ടവർക്ക് നൽകിയ സഹായങ്ങൾക്കും ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിയ ഉംറ കമ്പനികളെ പ്രശംസിച്ചു.

വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാൻ കൃത്യമായ സമയക്രമം പാലിക്കണമെന്നും, തീർത്ഥാടകരുടെ മടക്കയാത്ര സംബന്ധിച്ച വിവരങ്ങൾ ‘നുസുക് മസാർ’ (Nusuk Masar) പ്ലാറ്റ്‌ഫോം വഴി കൃത്യമായി അപ്‌ഡേറ്റ് ചെയ്യണമെന്നും മന്ത്രി നിർദ്ദേശിച്ചു.

സൗദി വിഷൻ 2030 ലക്ഷ്യങ്ങളോട് അനുബന്ധിച്ച് തീർത്ഥാടകരുടെ അനുഭവം മെച്ചപ്പെടുത്താനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും മന്ത്രാലയം വിവിധ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. 2026-ൽ നടക്കാനിരിക്കുന്ന മൂന്നാമത് ഉംറ ആൻഡ് വിസിറ്റ് ഫോറത്തിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.

സൗദി ഹജ്ജ് ഉംറ മന്ത്രാലയം തീർത്ഥാടനം നടത്തുന്ന കമ്പനികളുമായി നടത്തിയ 17-ാമത് വെർച്വൽ മീറ്റിംഗിലാണ് ഈ പ്രഖ്യാപനമുണ്ടായത്. ഹജ്ജ്, ഉംറ സീസണുകളിലെ നിയമങ്ങൾ രാജ്യത്തേക്ക് വരുന്ന എല്ലാ തീർത്ഥാടകർ കർശനമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

ശബരിമല യുവതി പ്രവേശനം; ‘വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകും, വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് ആചാരപരമായ കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവരും സാമൂഹിക പരിഷ്കർത്താക്കളും, ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാട്’; വിഎൻ വാസവൻ

0

കോട്ടയം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാട് മാറ്റത്തിൽ പ്രതികരിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ. വിഷയത്തിൽ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആചാരപരമായ കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവരും സാമൂഹിക പരിഷ്കർത്താക്കളുമാണ് തീരുമാനമെടുക്കേണ്ടതെന്നും, ഇക്കാര്യം നേരെത്തെ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും കോട്ടയത്ത് മാധ്യമങ്ങളെ കണ്ട അദ്ദേഹം പ്രതികരിച്ചു.

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത് പണ്ഡിതരാണ്. ഇക്കാര്യം മുൻപ് കോടതിയെ അറിയിച്ചു. ഇപ്പോഴും അത് തന്നെയാണ് തങ്ങൾ പറയുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത് ർട്ടി നിലപാടാണെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. അതേസമയം, ശബരിമല യുവതിപ്രവേശന കേസിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ ഇന്ന് നിലപാട് അറിയിക്കും. യുവതി പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള സത്യവാങ്മൂലമാണ് ഇരുകൂട്ടർ കോടതിയിൽ സമർപ്പിക്കുക എന്നാണ് റിപ്പോർട്ട്. കേസിലെ എല്ലാ കക്ഷികൾക്കും സത്യവാങ്മൂലം സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് മുൻപുണ്ടായിരുന്ന നിലപാടിൽ മലക്കം മറിഞ്ഞിരിക്കുകയാണ് സംസ്ഥാന സർക്കാർ. യുവായതികൾ ശബരിമലയിൽ കയറേണ്ടെന്നാണ് സർക്കാരിന്റെ പതിയ നിലപാട്. ആചാരം സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് പുതിയ നിലപാടുമാറ്റമെന്നാണ് വിശദീകരണം. ഇക്കാര്യം സുപ്രീം കോടതിയെ ഇന്ന് അറിയിക്കും. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ വിശ്വാസികളെ കൂടെ നിർത്താനായുള്ള നീക്കമാണ് സർക്കാരിന്റെ വിഷയത്തിലെ യു ടേൺ എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

പൊതുജന സുരക്ഷ; ഇറാൻ ആക്രമണം ശക്തമാക്കിയതോടെ ഖത്തറിലെ ചില പ്രദേശങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുന്നു, അടിയന്തര സന്ദേശം നൽകി

0

ദോഹ: ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ വ്യോമാക്രമണം ശക്തമാക്കുന്നതിനാൽ നിരവധി പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുദ്ധം കഴിയുന്നതുവരെ പൊതു സുരക്ഷ ഉറപ്പാക്കുന്നതിനാൽ താൽക്കാലിക മുൻകരുതൽ നടപടിയായി നിരവധി പ്രധാന പ്രദേശങ്ങൾ ഒഴിപ്പിക്കുകയാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ദോഹയിലെ മധ്യ മുഷൈരിബ് ജില്ലയിൽ ചില താമസക്കാർക്ക് ഇതിനോടകം തന്നെ സ്ഥലം ഒഴിയാനുള്ള അലേർട്ട് ലഭിച്ചു.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്നും പുലർച്ചെ പൊതുജനങ്ങൾക്ക് അടിയന്തര സന്ദേശം വന്നു. അതേ സമയം, ഒമാനിലെ സോഹാർ നഗരത്തിലുള്ള വ്യാവസായിക മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യാക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം കരയിൽ വെച്ച് ഇന്ത്യാക്കാർ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച മന്ത്രാലയം, അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നതായും അറിയിച്ചു. ഡ്രോൺ ആക്രമണത്തിൽ ആകെ 11 പേർക്ക് പരിക്കേറ്റു, ഇതിൽ 10 പേരും ഇന്ത്യക്കാരാണ്.

പരിക്കേറ്റവരിൽ അഞ്ചുപേർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായും ബാക്കിയുള്ള അഞ്ചുപേർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. മസ്കറ്റിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള അൽ അവഹി ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഡ്രോണുകൾ പതിച്ചത്.

ദിവസങ്ങള്‍ക്കു മുമ്പ് ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട മോജ്തബ ഖമേനിയെക്കുറിച്ചും ഇറാന്റെ ഉന്നത നേതാക്കളെ ക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ നൽകുന്നവര്‍ക്ക് 10 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സര്‍വീസ് റിവാര്‍ഡ് ഫോര്‍ ജസ്റ്റീസ് പ്രോഗാരം വഴിയാണ് ഇത് സംബന്ധിച്ച നോട്ടീസ് പുറപ്പെടുവിച്ചത്. മോജ് തബയുള്‍പ്പെടെ 10 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഇത് സംബന്ധിച്ച് ചിത്രങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്റര്‍ എക്‌സില്‍ സെക്യൂരിറ്റി സര്‍വീസ് വിഭാഗം പോസ്റ്റ് ചെയ്തു. ഇന്റലിജന്‍സ് മന്ത്രി എസ്മായില്‍ ഖത്തീബ്, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗര്‍ ഹെജാസി, മേജര്‍ ജനറല്‍ യഹ്യ റഹിം സഫാവി, ആഭ്യന്തര മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ എസ്‌കന്ദര്‍ മൊമെനി, സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി എന്നിവരുള്‍പ്പെടെ അമേരിക്ക വിവരങ്ങള്‍ തേടുന്ന നിരവധി ഇറാനിയന്‍ ഉദ്യോഗസ്ഥരുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്കുന്നവര്‍ക്ക് 10 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

അതേസമയം ഇറാന്റെ സാമ്പത്തിക നട്ടെല്ലെന്നറിയപ്പെടുന്ന ഖാര്‍ഗ് ദ്വീപില്‍ അമേരിക്കന്‍ സൈന്യം കനത്ത നാശം വിതച്ചുവെന്ന് യുഎസ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ്. വേണ്ടിവന്നാല്‍ ഖാര്‍ഗിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി തച്ചുടയ്ക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യപ്പെടുന്നത് ഖാര്‍ഗിലാണ്.’മദ്ധ്യപൂര്‍വ ദേശത്ത് ഇന്നുവരെ നടത്തിയിട്ടുള്ളതില്‍ അതിശക്തമായ ബോംബാക്രമണം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നടത്തി. ഇറാന്റെ ഖാര്‍ഗിലുള്ള എല്ലാ സൈനിക കേന്ദ്രങ്ങളും നശിപ്പിച്ചു’ എന്നാണ് ട്രംപ് സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്.

ഇരിങ്ങാലക്കുടയിൽ കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; തോക്ക് എത്തിച്ച് നൽകിയ രണ്ടു പേർ പിടിയിൽ

0

തൃശൂര്‍: ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ കാറിനകത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇയാൾക്ക് തോക്ക് എത്തിച്ച് നൽകിയ യുവാക്കൾ അറസ്റ്റിലായി. സംഭവത്തിൽ വടക്കാഞ്ചേരി മംഗലം കാലായില്‍ വീട്ടില്‍ ജസ്റ്റിന്‍ മാത്യു (40) , ഇടുക്കി കുമളി സ്വദേശി തറപ്പേല്‍ വീട്ടില്‍ റീഗന്‍ ജോസഫ് (40) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ജസ്റ്റിനെ വടക്കാഞ്ചേരിയില്‍ നിന്നും റീഗനെ ഇടുക്കിയിൽ നിന്നുമാണ് പിടികൂടിയത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പോലീസും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് ആണ് പ്രതികളെ പിടികൂടിയത്.

കേസിനാസ്പദമായ സംഭവം നടന്നത് മാര്‍ച്ച് 10 ന് രാത്രി ഒമ്പതോടെയാണ്. ഇരിങ്ങാലക്കുട കുറ്റിക്കാടന്‍ വീട്ടില്‍ ജോസിനെ (57), ആണ് ഇരിങ്ങാലക്കുട ഗാന്ധിഗ്രാമില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട നടന്ന അന്വേഷണത്തിൽ കാറില്‍ നിന്നും തോക്കും ഒരു കുറിപ്പും പോലീസ് കണ്ടെടുത്തു. തനിക്ക് തോക്ക് നല്‍കിയത് ജസ്റ്റിനും റീഗനും ചേര്‍ന്നാണെന്ന് ജോസ് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കേരള പോലീസ് അക്കാദമിയിലെ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലെ സയന്റിഫിക് ആന്‍ഡ് ബാലിസ്റ്റിക് ഓഫീസറായ അജയ് ബാബു തോക്ക് ശാസ്ത്രീയ പരിശോധന നടത്തി. തുടർന്ന് തോക്ക് നിയമവിരുദ്ധമായി നിര്‍മ്മിച്ചതാണെന്നും ഇതിന് ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തി.

ഇതോടെ പ്രതികള്‍ അനധികൃതമായി തോക്ക് നിർമ്മിച്ചതോ അല്ലെങ്കിൽ വാങ്ങി സൂക്ഷിച്ചതോ ആണെന്നും ഇത് ജോസിന് കൈമാറുകയായിരുന്നുവെന്നും വ്യക്തമായി. തുടർന്ന് ഇരുവർക്കുമെതിരെ ആയുധ നിയമപ്രകാരം ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഒരതികളിൽ ഒരാളായ ജസ്റ്റിൻ വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു അടിപിടിക്കേസില്‍ പ്രതിയാണ്.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ഷാജി എം.കെ., എസ്.ഐമാരായ അഭിലാഷ് ടി, അനു ജോസ്, ജി.എസ്.ഐ മുഹമ്മദ് റാഷി എം.എ, ജി.എസ്.സി.പി.ഒമാരായ രഞ്ജിത്ത്, ഗിരീഷ്, സി.പി.ഒമാരായ ഉമേഷ്, ഗിരീഷ്, ഡാന്‍സാഫ് അംഗങ്ങളായ ജി.എസ്.ഐ മാരായ സതീശന്‍, മൂസ, ജയകൃഷ്ണന്‍, ജി.എ.എസ്.ഐ മാരായ ഷിജോ, റെജി എ.യു. തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചതും പ്രതികളെ പിടികൂടിയതും.

കഴക്കൂട്ടത്ത് വീട് തീപിടിച്ച് കത്തിനശിച്ചു, വീട്ടിൽ ഉറങ്ങിക്കിടന്ന വയോധിക രക്ഷപ്പെട്ടത് തലനാരിഴക്ക്

0

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീട് തീപിടിച്ച് കത്തിനശിച്ചു. കഴക്കൂട്ടം പുത്തൻവീട്ടിൽ റാബിയത് ബീവിയുടെ വീടാണ് കത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തലനാരിഴക്കാണ് വീട്ടിൽ ഉറങ്ങിക്കിടന്ന വയോധിക രക്ഷപ്പെട്ടത്. വീട് പൂർണ്ണമായും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് വീട്ടിൽ തീപിടത്തം ഉണ്ടായതെന്ന് റാബിയത് പറയുന്നു. പുലർച്ചെ അസാധാരണമായി ശബ്ദം കേട്ട അയൽക്കാരനാണ് വീടിന് തീപിടിച്ചത് കണ്ടത്. തുടർന്ന് ഓടിയെത്തി വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന റാബിയത് ബീവിയെ വിളിച്ചുണര്‍ത്തി പുറത്തെത്തിക്കുകയായിരുന്നു. ഇതേതുടർന്ന് തീ വീട്ടിൽ ആളി പടരുകയായിരുന്നു. ഇവരുടെ മകൻ പുറത്തുപോയ സമയത്താണ് സംഭവം. മുൻപ് തീവെപ്പ് കേസിലെ പ്രതിയായിരുന്നു മകൻ. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്.

‘ഒരു പാർട്ടിയുടെയും ഭാഗമായി നിൽക്കാൻ പറ്റില്ല, അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതൻ വന്നു കണ്ടിരുന്നു, സുരേഷ് ഗോപിയും വിളിച്ചു, പക്ഷെ തെരഞ്ഞെടുപ്പിൽ നിൽക്കുന്നില്ല, രാജ്യസഭാംഗത്വം നൽകിയാൽ സ്വീകരിക്കും’; ഐഎം വിജയൻ

0

തൃശൂർ: തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നിലപാട് വ്യക്തമാക്കി മുൻ ഫുട്ബോൾ താരം ഐഎം വിജയൻ. ഐഎം വിജയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തരത്തിലുള്ള ചർച്ചകളും അഭ്യൂഹങ്ങളും ഉയർന്ന സാഹചര്യത്തിലാണ് വിഷയത്തിൽ വ്യക്തത വരുത്തി അദ്ദേഹം തന്നെ രംഗത്തെത്തിയത്. തനിക്ക് ഏതെങ്കിലും ഒരു പാർട്ടിയുടെ ഭാഗമായി നില്ക്കാൻ കഴിയില്ലെന്നായിരുന്നു ഐഎം വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. മൂന്നു പാർട്ടിയുമായി ബന്ധമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ തന്നെ പ്രധാനമന്ത്രിയുടെ ദൂതൻ വന്നു കണ്ടിരുന്നുവെന്നും സുരേഷ് ഗോപി വിളിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നാണ് ഐഎം വിജയൻ വ്യക്തമാക്കിയത്. അതേസമയം, രാജ്യസഭാംഗത്വം നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫും യുഡിഎഫും മത്സരിക്കുന്നോ എന്ന് ചോദിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് നിലപാടെന്നും. രാജ്യസഭാംഗത്വം സ്പോർട്സിന്റെ ഭാഗമായി കിട്ടിയാൽ സ്വീകരിക്കുമെന്നും ഐഎം വിജയൻ നിലപാടാണ്. തനിക്ക് എല്ലാവരെയും വേണം. ഒരിക്കലും വിളിക്കാത്തവർ പോലും വിളിച്ച് തെരഞ്ഞെടുപ്പിൽ നിൽക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവിൽ ലഭിക്കുന്ന സ്നേഹം തുടർന്ന് ലഭിക്കാനാണ് താൽപര്യമെന്നും ഐഎം വിജയൻ പറഞ്ഞു. താൻ ദേശീയ താരമായതിനാൽ സ്പോർട്സ് പ്രേമികളും അല്ലാത്തവരും ഒരു പോലെ സ്നേഹിക്കപ്പെടുന്നുണ്ട്. ആ സ്നേഹം തുടർന്നും ലഭിക്കണമെന്നാണ് ആഗ്രഹമെന്ന്എം ഐഎം വിജയൻ പറഞ്ഞു.

എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്നും എം ആർ അജിത് കുമാറിനെ നീക്കി; പകരം ചുമതല അഡീഷണൽ എക്സൈസ് കമ്മീഷണർക്ക്

തിരുവനന്തപുരം: എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റി. സെൻട്രൽ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. തുടർന്ന് അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് ഭരണനിർവഹണ ചുമതല നൽകി.

ശബരിമല സ്വർണക്കവർച്ച കേസ്; നിലപാട് വ്യക്തമാക്കി ഹൈക്കോടതി, ‘നിലവിലെ അന്വേഷണത്തിൽ ഇടപെടാനില്ല, കേസ് അന്വേഷിക്കുന്നത് ഏറ്റവും മികച്ച ഉദ്യോഗസ്ഥർ’, ഹർജി ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും

കൊച്ചി: ശബരിമല സ്വർണക്കർച്ച കേസുമായി ബന്ധപ്പെട്ട് നടക്കുന്ന എസ്ഐടിയുടെ അന്വേഷണത്തിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി. കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട ഹർജി പരിഗണിക്കവെയായിരുന്നു കോടതി നിലപാട് അറിയിച്ചത്. പ്രതികൾക്ക് ജാമ്യം അനുവദിച്ചപ്പോൾ വിചാരണ കോടതി എന്തെങ്കിലും പറഞ്ഞു എന്നത് കൊണ്ട് അന്വേഷണത്തിൽ ഇടപെടാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളതെന്നും. എസ്ഐടിയുടെ അന്വേഷണം കോടതി മേൽനോട്ടത്തിലാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിനെപ്പറ്റിയുള്ള പൊതു ധാരണകളല്ല കോടതിയുടെ പരിഗണനയിലുള്ളതെന്നും ദേവസ്വം ബഞ്ച് വ്യക്തമാക്കി. ഒരാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും കോടതി പരിഗണിക്കും.

സ്വർണപ്പാളികൾ പരിശോധിച്ച് യഥാർ‌ത്ഥ ശാസ്‌ത്രീയ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ട്. ഉന്നത നിലവാരമുള്ള ലാബിലാണ് പരിശോധന നടക്കുന്നത്. പ്രതികളുടെ ജാമ്യം പരിഗണിച്ച കോടതി എന്തെങ്കിലും പറഞ്ഞാൽ അതിന്റെപേരിൽ അന്വേഷണത്തിൽ ഇടപെടാനാകില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. യഥാർ‌ത്ഥ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുക എന്നതാണ് ലക്ഷ്യമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം, ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലാവുകയും തെളിവുകളുടെ അഭാവത്തിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്ത തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് എസ്ഐടി. തന്ത്രിക്കെതിരെ തെളിവുകൾ ഉണ്ടെന്നാണ് എസ്ഐടി പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് എസ്ഐടി ഹൈക്കോടതിയിൽ ഹർജി നൽകി. വിചാരണക്കോടതി പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട എസ്ഐടി തന്ത്രിക്കെതിരെ തെളിവുകൾ ഉണ്ടെന്നും അപ്പീലിൽ ചൂണ്ടികാണിക്കുന്നുണ്ട്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ പാളി കേസിലും നൽകിയ ജാമ്യം റദ്ദാക്കണമെന്നാണ് എസ്ഐടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

സ്വർണകൊള്ളക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നതിനിടെ 41 ദിവസം കഴിഞ്ഞാണ് തന്ത്രിക്കു ജാമ്യം കിട്ടിയത്. തന്ത്രി കട്ടിളപ്പാളി കേസിൽ 13ാംപ്രതിയും ദ്വാരപാലകപാളി കേസിൽ 16-ാം പ്രതിയുമാണ്. ജനുവരി 9നാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും കേസിൽ പ്രധാനപ്രതിയാണ് കണ്ഠര് രാജീവര് എന്നും എസ്‌ഐടി റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും എസ്‌ഐടി ആരോപിച്ചിരുന്നു. പോറ്റിയെ ശബരിമലയിൽ എത്തിച്ചതിലും തന്ത്രിക്ക് മുഖ്യപങ്കുണ്ടെന്നും തന്ത്രിയുടെ അനുജ്ഞയാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നും എസ്ഐടി വാദിച്ചിരുന്നു.എന്നാൽ ഈ വാദങ്ങൾ എല്ലാം തള്ളിയാണ് തന്ത്രി കണ്ഠര് രാജീവർക്ക് കർശന ഉപാധികളോടെ കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. ഈ ജനം റദ്ദാക്കണമെന്നാണ് എസ്ഐടിയുടെ ആവശ്യം.

ടെസ്റ്റ് ട്യൂബുകളിലും ടിഷ്യു പേപ്പർ റോളുകളിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 2,000 ജീവനുള്ള പൂന്തോട്ട റാണി ഉറുമ്പുകളെ; ചൈനക്കാരൻ അറസ്റ്റിൽ

0

കെനിയയിലെ പ്രധാന വിമാനത്താവളത്തിലൂടെ ക്വീൻ ഗാർഡൻ ഉറുമ്പുകളെ രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ചതിന് ഒരു ചൈനീസ് പൗരനെ അറസ്റ്റ് ചെയ്തു. നെയ്‌റോബിയിലെ ജോമോ കെനിയാട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സുരക്ഷാ പരിശോധനയ്ക്കിടെ ചൈനീസ് പൗരനായ ഷാങ് കെക്വന് പിടിവീഴുകയായിരുന്നു. ഇയാൾ ചൈനയിലേക്ക് കടത്താൻ ശ്രമിച്ചത് 2,000 -ത്തോളം റാണി ഉറുമ്പുകളെയാണ്. കഴിഞ്ഞ വർഷം കെനിയയിൽ തകർന്ന ഒരു ഉറുമ്പ് കടത്ത് ശൃംഖലയുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്ന് അന്വേഷകർ പറയുന്നു.

അന്താരാഷ്ട്ര ജൈവ വൈവിധ്യ ഉടമ്പടി പ്രകാരം ഉറുമ്പുകൾ സംരക്ഷണ വിഭാഗത്തിൽപ്പെടുന്നു. അതിനാൽ ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്കുള്ള അവയുടെ വ്യാപാരം കുറ്റകരമാണ്. കെനിയ വൈൽഡ് ലൈഫ് സർവീസ് (Kenya Wildlife Service) യൂറോപ്പിലും ഏഷ്യയിലും മെസ്സോർ സെഫാലോട്ടുകൾ എന്നറിയപ്പെടുന്ന പൂന്തോട്ട ഉറുമ്പുകളുടെ ആവശ്യകത വർദ്ധിച്ചുവരുന്നതിനെക്കുറിച്ച് കഴിഞ്ഞ വർഷം മുന്നറിയിപ്പ് നൽകിയിരുന്നു.

ഈ ഉറുമ്പുകളെ ശേഖരിക്കുന്നവർ അവയെ വളർത്തുമൃഗങ്ങളായി വളർത്തുന്നുവെന്ന റിപ്പോര്‍ട്ടുകൾ വന്നതിന് പിന്നാലെയായിരുന്നു മുന്നറിയിപ്പ്. ഇതിന് പിന്നാലെ കഴിഞ്ഞ വർഷം കെനിയയിൽ വച്ച് ഒരു ഉറുമ്പ് കടത്ത് ശൃംഖലയെ അറസ്റ്റി ചെയ്തിരുന്നു. ഈ സംഘവുമായി ഷാങ് കെക്വന് ബന്ധമുണ്ടെന്ന് അന്വേഷകർ കോടതിയെ അറിയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

കടത്താൻ ശ്രമിച്ച ഉറുമ്പുകൾ ഭീമൻ ആഫ്രിക്കൻ കൊയ്ത്തു യന്ത്ര ഉറുമ്പുകളായിരുന്നു ( Giant African harvester ants). അവ പാരിസ്ഥിതികമായി ഏറെ പ്രധാനപ്പെട്ടതാണെന്ന് കെഡബ്ല്യുഎസ് പറഞ്ഞു, ആവാസവ്യവസ്ഥയിൽ നിന്ന് അവയെ നീക്കം ചെയ്യുന്നത് മണ്ണിന്‍റെ ആരോഗ്യത്തെയും ജൈവവൈവിധ്യത്തെയും തകർക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. യൂറോപ്പിലെയും ഏഷ്യയിലെയും വിദേശ വളർത്തുമൃഗ വിപണികളും സമ്പന്ന ഭവനങ്ങളുമാണ് ഇത്തരം കടത്തു സംഘങ്ങളുടെ ലക്ഷ്യങ്ങൾ.

ഷാങ് കെക്വന്‍റെ ബാഗേജിൽ ചില ഉറുമ്പുകളെ ടെസ്റ്റ് ട്യൂബുകളും മറ്റു ചിലതിനെ ടിഷ്യു പേപ്പർ റോളുകളിലും ഒളിപ്പിച്ച് കടത്തുകയായിരുന്നെന്നും സ്റ്റേറ്റ് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. സ്വകാര്യ ലഗേജിൽ നിന്ന് പ്രത്യേക ടെസ്റ്റ് ട്യൂബുകളിൽ പായ്ക്ക് ചെയ്ത നിലയിൽ 1,948 പൂന്തോട്ട ഉറുമ്പുകൾ കണ്ടെത്തി ഒപ്പം മൂന്ന് ടിഷ്യു പേപ്പറിന്‍റെ റോളുകളിൽ ഒളിപ്പിച്ച നിലയിൽ 300 ജീവനുള്ള ഉറുമ്പുകളെ കൂടി കണ്ടെത്തി. ഷാങിന്‍റെ ഫോണും ലാപ്‌ടോപ്പും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാനുള്ള അനുമതിയും അന്വേഷണ സംഘം തേടി.

ഉറുമ്പുളെ പിടികൂടുന്നുണ്ടെന്ന് സംശയിക്കുന്ന മറ്റ് കെനിയൻ പട്ടണങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുമെന്നും കൂടുതൽ അറസ്റ്റുകൾ പ്രതീക്ഷിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ മേയിൽ, ആയിരക്കണക്കിന് ജീവനുള്ള റാണി ഉറുമ്പുകളെ രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ചതിന് രണ്ട് ബെൽജിയക്കാരെയും ഒരു വിയറ്റ്നാമീസ് പൗരനും ഒരു കെനിയൻ പൗരനെയും കെനിയൻ കോടതി ഒരു വർഷം തടവോ 5,800 പൗണ്ടോ (ഏാണ്ട് ആറ് ലക്ഷം രൂപയോളം) പിഴയോ വിധിച്ചിരുന്നു.

ഇതായിരുന്നു കെനിയയിൽ ഉറുമ്പ് കടത്തുമായി ബന്ധപ്പെട്ട ആദ്യ കേസ്. അന്നത്തെ സംഖത്തിലെ മുഖ്യ കണ്ണിയായിരുന്നു ഷാങെന്നും ഇയാൾ അന്ന് വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടതാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അതേസമയം കഴിഞ്ഞ വർഷം പിടിച്ചെടുത്ത ഉറുമ്പുകൾ ഭീമൻ ആഫ്രിക്കൻ കൊയ്ത്തു യന്ത്ര ഉറുമ്പുകളായിരുന്നു. അവ പാരിസ്ഥിതികമായി പ്രധാനപ്പെട്ടതാണെന്ന് കെഡബ്ല്യുഎസ് പറഞ്ഞു. ആവാസവ്യവസ്ഥയിൽ നിന്ന് അവയെ നീക്കം ചെയ്യുന്നത് മണ്ണിന്റെ ആരോഗ്യത്തെയും ജൈവവൈവിധ്യത്തെയും തകർക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.

‘തൊഴിലുടമകളുടെ മനോഭാവം നിങ്ങൾക്കറിയില്ല, ഇത്തരമൊരു നിയമം വന്നാൽ അവർ സ്ത്രീകളെ ജോലിക്കെടുക്കുന്നത് അവസാനിപ്പിക്കും’; നിർബന്ധിത ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

0

ന്യൂഡൽഹി: നിർബന്ധിത ആർത്തവ അവധിക്കുള്ള ദേശീയ ഉത്തരവിനെക്കുറിച്ച് ഗുരുതരമായ എതിർപ്പ് പ്രകടിപ്പിച്ച് സുപ്രീം കോടതി. അത്തരമൊരു നിയമം മനഃപൂർവ്വമല്ലെങ്കിൽ പോലും ജോലിസ്ഥലത്ത് വിവേചനത്തിന് കാരണമാകുമെന്നും സ്ത്രീകളുടെ കരിയർ വളർച്ചയെ തടസ്സപ്പെടുത്തുമെന്നും കോടതി അഭിപ്രായപ്പെട്ടു. നിർബന്ധിത നിയമപരമായ ആവശ്യകത സ്ത്രീകളെ നിയമിക്കുന്നതിൽ നിന്ന് തൊഴിലുടമകളെ പൂർണ്ണമായും പിന്തിരിപ്പിച്ചേക്കാമെന്ന് ചീഫ് ജസ്റ്റിസ് (സിജെഐ) സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി.

അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്. ഇത്തരമൊരു നിയമം നിലവിൽ വന്നാൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന തെറ്റായ ധാരണ സമൂഹത്തിൽ പടരുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ആർത്തവം എന്നത് എന്തോ മോശം കാര്യമാണെന്ന ചിന്താഗതി തൊഴിലുടമകൾക്കിടയിൽ വളരാൻ ഇത് കാരണമാകും. “തൊഴിലുടമകളുടെ മനോഭാവം നിങ്ങൾക്കറിയില്ല, ഇത്തരമൊരു നിയമം വന്നാൽ അവർ സ്ത്രീകളെ ജോലിക്കെടുക്കുന്നത് അവസാനിപ്പിക്കും,” എന്ന് ഹർജിക്കാരന് കോടതി മുന്നറിയിപ്പ് നൽകി. ബോധവൽക്കരണവും നിയമപരമായ നിർബന്ധവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്നും കോടതി വ്യക്തമാക്കി.

കേരള സർക്കാർ 2013ൽ സംസ്ഥാനത്തെ സർവ്വകലാശാലകളിൽ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച കാര്യം മുതിർന്ന അഭിഭാഷകൻ എം ആർ ഷംഷാദ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ലിംഗസമത്വം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പിണറായി വിജയൻ സർക്കാർ ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പല സ്വകാര്യ കമ്പനികളും നിലവിൽ ഇത്തരത്തിൽ ഇളവുകൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇവയെല്ലാം സ്വമേധയാ നടപ്പിലാക്കുന്ന രീതികളാണെന്നും നിയമം വഴി ഇത് അടിച്ചേൽപ്പിക്കുമ്പോൾ സ്ത്രീകളുടെ കരിയർ തന്നെ ഇല്ലാതാകുമെന്നും കോടതി മറുപടി നൽകി.

ആർത്തവ ശുചിത്വവും ആരോഗ്യവും ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം ഒരു പെൺകുട്ടിയുടെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമാണെന്ന് ജനുവരിയിൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. സ്കൂളുകളിൽ സൗജന്യ സാനിറ്ററി നാപ്കിനുകളും വൃത്തിയുള്ള ശൗചാലയങ്ങളും ഉറപ്പാക്കാൻ കോടതി സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്. എന്നാൽ അവധി എന്നത് ഒരു നിയമപരമായ ബാധ്യതയാക്കി മാറ്റുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന കർശന നിലപാടാണ് ചീഫ് ജസ്റ്റിസ് ഇന്ന് സ്വീകരിച്ചത്.

ആർത്തവ ശുചിത്വം ഒരു മൗലികാവകാശമാണെങ്കിലും, സ്ത്രീകളെ തൊഴിൽ മേഖലയിൽ നിന്ന് ഒറ്റപ്പെടുത്തുന്നതിനുപകരം ശാക്തീകരിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആർത്തവ അവധിയുടെ പാത ശ്രദ്ധാപൂർവ്വം സഞ്ചരിക്കണം എന്നും കോടതി വ്യക്തമാക്കി.

ശബരിമല സ്വർണക്കവർച്ച കേസ്; തന്ത്രിക്കെതിരെ തെളിവുകൾ ഉണ്ടെന്ന് എസ്ഐടി, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ

കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലാവുകയും തെളിവുകളുടെ അഭാവത്തിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്ത തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് എസ്ഐടി. തന്ത്രിക്കെതിരെ തെളിവുകൾ ഉണ്ടെന്നാണ് എസ്ഐടി പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് എസ്ഐടി ഹൈക്കോടതിയിൽ ഹർജി നൽകി. വിചാരണക്കോടതി പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട എസ്ഐടി തന്ത്രിക്കെതിരെ തെളിവുകൾ ഉണ്ടെന്നും അപ്പീലിൽ ചൂണ്ടികാണിക്കുന്നുണ്ട്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ പാളി കേസിലും നൽകിയ ജാമ്യം റദ്ദാക്കണമെന്നാണ് എസ്ഐടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

സ്വർണകൊള്ളക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നതിനിടെ 41 ദിവസം കഴിഞ്ഞാണ് തന്ത്രിക്കു ജാമ്യം കിട്ടിയത്. തന്ത്രി കട്ടിളപ്പാളി കേസിൽ 13ാംപ്രതിയും ദ്വാരപാലകപാളി കേസിൽ 16-ാം പ്രതിയുമാണ്. ജനുവരി 9നാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും കേസിൽ പ്രധാനപ്രതിയാണ് കണ്ഠര് രാജീവര് എന്നും എസ്‌ഐടി റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും എസ്‌ഐടി ആരോപിച്ചിരുന്നു. പോറ്റിയെ ശബരിമലയിൽ എത്തിച്ചതിലും തന്ത്രിക്ക് മുഖ്യപങ്കുണ്ടെന്നും തന്ത്രിയുടെ അനുജ്ഞയാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നും എസ്ഐടി വാദിച്ചിരുന്നു.എന്നാൽ ഈ വാദങ്ങൾ എല്ലാം തള്ളിയാണ് തന്ത്രി കണ്ഠര് രാജീവർക്ക് കർശന ഉപാധികളോടെ കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. ഈ ജനം റദ്ദാക്കണമെന്നാണ് എസ്ഐടിയുടെ ആവശ്യം.

ആരോഗ്യമന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെഎ‍സ്‍യു പ്രവർത്തകരുടെ കയ്യിൽ ആയുധം ഉണ്ടായിരുന്നില്ലെന്ന് മൊഴി നൽകി പോലീസ്, അഞ്ച് കെഎ‍സ്‍യു പ്രവർത്തകർക്കും ജാമ്യം

0

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അഞ്ച് കെഎ‍സ്‍യു പ്രവർത്തകർക്കും ജാമ്യം. പ്രവർത്തകരുടെ കയ്യിൽ ഒരു ആയുധവും ഇല്ലായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ മൊഴി നൽകി. കരിങ്കൊടി മാത്രമായിരുന്നു പ്രവർത്തകരുടെ കയ്യിൽ ഉണ്ടായിരുന്നതെന്നും ടൗൺ സ്റ്റേറ്റിനിലെ മൂന്നു പോലീസുകാർ മൊഴി നൽകി. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ എസ്ഐ അനൂപ്, ഗ്രേഡ് എസ്ഐ പ്രകാശ് സിപി ഒ അഖിൽ തുടങ്ങിയ ഉദ്യോഗസ്ഥരുടെ മൊഴിയാണ് കേസ് അന്വേഷിക്കുന്ന റെയിൽവേ പോലീസ് രേഖപ്പെടുത്തിയത്. ഒരു തരത്തിലുമുള്ള ആയുധവും ഇ കെഎ‍സ്‍യു പ്രവർത്തകരുടെ കയ്യിൽ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുള്ളത്. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ തലശേരി കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. റിമാൻഡിൽ കഴിയുന്ന കെഎ‍സ്‍യു ജില്ലാ പ്രസിഡന്റ് എം.സി.അതുൽ ഉൾപ്പടെ അഞ്ചുപേർക്കാണ് ജാമ്യം ലഭിച്ചത്. വധശ്രമം ഉൾപ്പടെയുളള 9 വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. പതിനഞ്ച് ദിവസമായി പ്രവർത്തകർ ജയിലിൽ കഴിയുകയാണ്.

പ്രതികളെ കഴിഞ്ഞ ദിവസം റെയിൽവേസ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിലും ആയുധം ഒന്നും കണ്ടെത്താനായില്ല. നേരത്തെ അഞ്ചുപേരുടെയും ജാമ്യാപേക്ഷ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തളളിയിരുന്നു. പ്രതികൾ ആയുധമുപയോഗിച്ച് വധിക്കാൻ ശ്രമിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നുമയായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നാണ് പ്രതിഭാഗം വധിച്ചത്.

നാഗര്‍കോവില്‍-മംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസിന് കേരളത്തിൽ മൂന്ന് സ്റ്റോപ്പുകള്‍ കൂടി അനുവദിച്ചു

കോഴിക്കോട്: നാഗര്‍കോവില്‍-മംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസിന് (ട്രെയിന്‍ നമ്പര്‍: 16329/16330) കേരളത്തിൽ മൂന്ന് സ്റ്റോപ്പുകള്‍ കൂടി അനുവദിച്ചു. പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചത്. കണ്ണൂരിനും കാസര്‍കോടിനും ഇടയില്‍ സ്‌റ്റോപ്പുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നുള്ള പ്രയാസം യാത്രക്കാര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് നടപടി.

16329 നാഗര്‍കോവില്‍-മംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസ് ചൊവ്വാഴ്ചകളിലാണ് സര്‍വീസ് നടത്തുന്നത്. രാവിലെ 11.40ന് നാഗര്‍കോവില്‍ ജങ്ഷനില്‍ നിന്ന് പുറപ്പെടും. 16330 മംഗളൂരു ജങ്ഷന്‍ -നാഗര്‍കോവില്‍ അമൃത് ഭാരത് എക്‌സ്പ്രസ് എല്ലാ ബുധനാഴ്ചകളിലും രാവിലെ എട്ടിന് മംഗളൂരു ജങ്ഷനില്‍ നിന്ന് പുറപ്പെടും.