തിരുവനന്തപുരം: കഴക്കൂട്ടത്ത് വീട് തീപിടിച്ച് കത്തിനശിച്ചു. കഴക്കൂട്ടം പുത്തൻവീട്ടിൽ റാബിയത് ബീവിയുടെ വീടാണ് കത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തലനാരിഴക്കാണ് വീട്ടിൽ ഉറങ്ങിക്കിടന്ന വയോധിക രക്ഷപ്പെട്ടത്. വീട് പൂർണ്ണമായും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് വീട്ടിൽ തീപിടത്തം ഉണ്ടായതെന്ന് റാബിയത് പറയുന്നു. പുലർച്ചെ അസാധാരണമായി ശബ്ദം കേട്ട അയൽക്കാരനാണ് വീടിന് തീപിടിച്ചത് കണ്ടത്. തുടർന്ന് ഓടിയെത്തി വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന റാബിയത് ബീവിയെ വിളിച്ചുണര്‍ത്തി പുറത്തെത്തിക്കുകയായിരുന്നു. ഇതേതുടർന്ന് തീ വീട്ടിൽ ആളി പടരുകയായിരുന്നു. ഇവരുടെ മകൻ പുറത്തുപോയ സമയത്താണ് സംഭവം. മുൻപ് തീവെപ്പ് കേസിലെ പ്രതിയായിരുന്നു മകൻ. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്.

