കൽപ്പറ്റ: വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണ മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലിന് മുമ്പ് തന്നെ അപകടസാധ്യത സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഇടിഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ജൂൺ 25-ന് ചേർന്ന അവലോകന യോഗത്തിൽ, മഴക്കാലത്ത് കൂട്ടിയിട്ട മണ്ണ് കാരണം സോയിൽ പൈപ്പിങ്, ചരിവ് അസ്ഥിരത (Slope Stability) എന്നിവ മൂലം അപകടസാധ്യതയുണ്ടാകാമെന്നും അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചിരുന്നു. ഇതുസംബന്ധിച്ച യോഗമിനിറ്റ്സും പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
മുഖ്യമന്ത്രി വി.ഡി. സതീശനും പൊതുമരാമത്ത് മന്ത്രി ടി. സിദ്ദിഖും തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് ദുരന്തത്തിന് കാരണമെന്ന് വ്യക്തമാക്കി. മണ്ണ് നീക്കം ചെയ്യാൻ ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കഴിഞ്ഞ മാസം 20-ന് തന്നെ ഉത്തരവിറക്കിയിരുന്നുവെന്നും, കരാറുകാർ നിർദേശം പാലിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കനത്ത മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും, പ്രദേശത്ത് ചെളി കലർന്ന പ്രത്യേക ഘടനയുള്ള മണ്ണായതിനാൽ സ്ഥിതി കൂടുതൽ സങ്കീർണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

