തൃശൂര്‍: ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ കാറിനകത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇയാൾക്ക് തോക്ക് എത്തിച്ച് നൽകിയ യുവാക്കൾ അറസ്റ്റിലായി. സംഭവത്തിൽ വടക്കാഞ്ചേരി മംഗലം കാലായില്‍ വീട്ടില്‍ ജസ്റ്റിന്‍ മാത്യു (40) , ഇടുക്കി കുമളി സ്വദേശി തറപ്പേല്‍ വീട്ടില്‍ റീഗന്‍ ജോസഫ് (40) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ജസ്റ്റിനെ വടക്കാഞ്ചേരിയില്‍ നിന്നും റീഗനെ ഇടുക്കിയിൽ നിന്നുമാണ് പിടികൂടിയത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പോലീസും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് ആണ് പ്രതികളെ പിടികൂടിയത്.
കേസിനാസ്പദമായ സംഭവം നടന്നത് മാര്‍ച്ച് 10 ന് രാത്രി ഒമ്പതോടെയാണ്. ഇരിങ്ങാലക്കുട കുറ്റിക്കാടന്‍ വീട്ടില്‍ ജോസിനെ (57), ആണ് ഇരിങ്ങാലക്കുട ഗാന്ധിഗ്രാമില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട നടന്ന അന്വേഷണത്തിൽ കാറില്‍ നിന്നും തോക്കും ഒരു കുറിപ്പും പോലീസ് കണ്ടെടുത്തു. തനിക്ക് തോക്ക് നല്‍കിയത് ജസ്റ്റിനും റീഗനും ചേര്‍ന്നാണെന്ന് ജോസ് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കേരള പോലീസ് അക്കാദമിയിലെ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലെ സയന്റിഫിക് ആന്‍ഡ് ബാലിസ്റ്റിക് ഓഫീസറായ അജയ് ബാബു തോക്ക് ശാസ്ത്രീയ പരിശോധന നടത്തി. തുടർന്ന് തോക്ക് നിയമവിരുദ്ധമായി നിര്‍മ്മിച്ചതാണെന്നും ഇതിന് ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തി.
ഇതോടെ പ്രതികള്‍ അനധികൃതമായി തോക്ക് നിർമ്മിച്ചതോ അല്ലെങ്കിൽ വാങ്ങി സൂക്ഷിച്ചതോ ആണെന്നും ഇത് ജോസിന് കൈമാറുകയായിരുന്നുവെന്നും വ്യക്തമായി. തുടർന്ന് ഇരുവർക്കുമെതിരെ ആയുധ നിയമപ്രകാരം ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഒരതികളിൽ ഒരാളായ ജസ്റ്റിൻ വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു അടിപിടിക്കേസില്‍ പ്രതിയാണ്.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ഷാജി എം.കെ., എസ്.ഐമാരായ അഭിലാഷ് ടി, അനു ജോസ്, ജി.എസ്.ഐ മുഹമ്മദ് റാഷി എം.എ, ജി.എസ്.സി.പി.ഒമാരായ രഞ്ജിത്ത്, ഗിരീഷ്, സി.പി.ഒമാരായ ഉമേഷ്, ഗിരീഷ്, ഡാന്‍സാഫ് അംഗങ്ങളായ ജി.എസ്.ഐ മാരായ സതീശന്‍, മൂസ, ജയകൃഷ്ണന്‍, ജി.എ.എസ്.ഐ മാരായ ഷിജോ, റെജി എ.യു. തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചതും പ്രതികളെ പിടികൂടിയതും.

