പൊതുജന സുരക്ഷ; ഇറാൻ ആക്രമണം ശക്തമാക്കിയതോടെ ഖത്തറിലെ ചില പ്രദേശങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുന്നു, അടിയന്തര സന്ദേശം നൽകി

0

ദോഹ: ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ വ്യോമാക്രമണം ശക്തമാക്കുന്നതിനാൽ നിരവധി പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുദ്ധം കഴിയുന്നതുവരെ പൊതു സുരക്ഷ ഉറപ്പാക്കുന്നതിനാൽ താൽക്കാലിക മുൻകരുതൽ നടപടിയായി നിരവധി പ്രധാന പ്രദേശങ്ങൾ ഒഴിപ്പിക്കുകയാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ദോഹയിലെ മധ്യ മുഷൈരിബ് ജില്ലയിൽ ചില താമസക്കാർക്ക് ഇതിനോടകം തന്നെ സ്ഥലം ഒഴിയാനുള്ള അലേർട്ട് ലഭിച്ചു.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്നും പുലർച്ചെ പൊതുജനങ്ങൾക്ക് അടിയന്തര സന്ദേശം വന്നു. അതേ സമയം, ഒമാനിലെ സോഹാർ നഗരത്തിലുള്ള വ്യാവസായിക മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യാക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം കരയിൽ വെച്ച് ഇന്ത്യാക്കാർ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച മന്ത്രാലയം, അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നതായും അറിയിച്ചു. ഡ്രോൺ ആക്രമണത്തിൽ ആകെ 11 പേർക്ക് പരിക്കേറ്റു, ഇതിൽ 10 പേരും ഇന്ത്യക്കാരാണ്.

പരിക്കേറ്റവരിൽ അഞ്ചുപേർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായും ബാക്കിയുള്ള അഞ്ചുപേർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. മസ്കറ്റിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള അൽ അവഹി ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഡ്രോണുകൾ പതിച്ചത്.

ദിവസങ്ങള്‍ക്കു മുമ്പ് ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട മോജ്തബ ഖമേനിയെക്കുറിച്ചും ഇറാന്റെ ഉന്നത നേതാക്കളെ ക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ നൽകുന്നവര്‍ക്ക് 10 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സര്‍വീസ് റിവാര്‍ഡ് ഫോര്‍ ജസ്റ്റീസ് പ്രോഗാരം വഴിയാണ് ഇത് സംബന്ധിച്ച നോട്ടീസ് പുറപ്പെടുവിച്ചത്. മോജ് തബയുള്‍പ്പെടെ 10 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഇത് സംബന്ധിച്ച് ചിത്രങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്റര്‍ എക്‌സില്‍ സെക്യൂരിറ്റി സര്‍വീസ് വിഭാഗം പോസ്റ്റ് ചെയ്തു. ഇന്റലിജന്‍സ് മന്ത്രി എസ്മായില്‍ ഖത്തീബ്, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗര്‍ ഹെജാസി, മേജര്‍ ജനറല്‍ യഹ്യ റഹിം സഫാവി, ആഭ്യന്തര മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ എസ്‌കന്ദര്‍ മൊമെനി, സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി എന്നിവരുള്‍പ്പെടെ അമേരിക്ക വിവരങ്ങള്‍ തേടുന്ന നിരവധി ഇറാനിയന്‍ ഉദ്യോഗസ്ഥരുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്കുന്നവര്‍ക്ക് 10 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

അതേസമയം ഇറാന്റെ സാമ്പത്തിക നട്ടെല്ലെന്നറിയപ്പെടുന്ന ഖാര്‍ഗ് ദ്വീപില്‍ അമേരിക്കന്‍ സൈന്യം കനത്ത നാശം വിതച്ചുവെന്ന് യുഎസ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ്. വേണ്ടിവന്നാല്‍ ഖാര്‍ഗിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി തച്ചുടയ്ക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യപ്പെടുന്നത് ഖാര്‍ഗിലാണ്.’മദ്ധ്യപൂര്‍വ ദേശത്ത് ഇന്നുവരെ നടത്തിയിട്ടുള്ളതില്‍ അതിശക്തമായ ബോംബാക്രമണം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നടത്തി. ഇറാന്റെ ഖാര്‍ഗിലുള്ള എല്ലാ സൈനിക കേന്ദ്രങ്ങളും നശിപ്പിച്ചു’ എന്നാണ് ട്രംപ് സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here