കൊച്ചി: ശബരിമല സ്വർണക്കർച്ച കേസുമായി ബന്ധപ്പെട്ട് നടക്കുന്ന എസ്ഐടിയുടെ അന്വേഷണത്തിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി. കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട ഹർജി പരിഗണിക്കവെയായിരുന്നു കോടതി നിലപാട് അറിയിച്ചത്. പ്രതികൾക്ക് ജാമ്യം അനുവദിച്ചപ്പോൾ വിചാരണ കോടതി എന്തെങ്കിലും പറഞ്ഞു എന്നത് കൊണ്ട് അന്വേഷണത്തിൽ ഇടപെടാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളതെന്നും. എസ്ഐടിയുടെ അന്വേഷണം കോടതി മേൽനോട്ടത്തിലാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിനെപ്പറ്റിയുള്ള പൊതു ധാരണകളല്ല കോടതിയുടെ പരിഗണനയിലുള്ളതെന്നും ദേവസ്വം ബഞ്ച് വ്യക്തമാക്കി. ഒരാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും കോടതി പരിഗണിക്കും.
സ്വർണപ്പാളികൾ പരിശോധിച്ച് യഥാർത്ഥ ശാസ്‌ത്രീയ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ട്. ഉന്നത നിലവാരമുള്ള ലാബിലാണ് പരിശോധന നടക്കുന്നത്. പ്രതികളുടെ ജാമ്യം പരിഗണിച്ച കോടതി എന്തെങ്കിലും പറഞ്ഞാൽ അതിന്റെപേരിൽ അന്വേഷണത്തിൽ ഇടപെടാനാകില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. യഥാർത്ഥ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുക എന്നതാണ് ലക്ഷ്യമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലാവുകയും തെളിവുകളുടെ അഭാവത്തിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്ത തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് എസ്ഐടി. തന്ത്രിക്കെതിരെ തെളിവുകൾ ഉണ്ടെന്നാണ് എസ്ഐടി പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് എസ്ഐടി ഹൈക്കോടതിയിൽ ഹർജി നൽകി. വിചാരണക്കോടതി പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട എസ്ഐടി തന്ത്രിക്കെതിരെ തെളിവുകൾ ഉണ്ടെന്നും അപ്പീലിൽ ചൂണ്ടികാണിക്കുന്നുണ്ട്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ പാളി കേസിലും നൽകിയ ജാമ്യം റദ്ദാക്കണമെന്നാണ് എസ്ഐടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
സ്വർണകൊള്ളക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നതിനിടെ 41 ദിവസം കഴിഞ്ഞാണ് തന്ത്രിക്കു ജാമ്യം കിട്ടിയത്. തന്ത്രി കട്ടിളപ്പാളി കേസിൽ 13ാംപ്രതിയും ദ്വാരപാലകപാളി കേസിൽ 16-ാം പ്രതിയുമാണ്. ജനുവരി 9നാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും കേസിൽ പ്രധാനപ്രതിയാണ് കണ്ഠര് രാജീവര് എന്നും എസ്‌ഐടി റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും എസ്‌ഐടി ആരോപിച്ചിരുന്നു. പോറ്റിയെ ശബരിമലയിൽ എത്തിച്ചതിലും തന്ത്രിക്ക് മുഖ്യപങ്കുണ്ടെന്നും തന്ത്രിയുടെ അനുജ്ഞയാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നും എസ്ഐടി വാദിച്ചിരുന്നു.എന്നാൽ ഈ വാദങ്ങൾ എല്ലാം തള്ളിയാണ് തന്ത്രി കണ്ഠര് രാജീവർക്ക് കർശന ഉപാധികളോടെ കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. ഈ ജനം റദ്ദാക്കണമെന്നാണ് എസ്ഐടിയുടെ ആവശ്യം.

