കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലാവുകയും തെളിവുകളുടെ അഭാവത്തിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്ത തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് എസ്ഐടി. തന്ത്രിക്കെതിരെ തെളിവുകൾ ഉണ്ടെന്നാണ് എസ്ഐടി പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് എസ്ഐടി ഹൈക്കോടതിയിൽ ഹർജി നൽകി. വിചാരണക്കോടതി പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട എസ്ഐടി തന്ത്രിക്കെതിരെ തെളിവുകൾ ഉണ്ടെന്നും അപ്പീലിൽ ചൂണ്ടികാണിക്കുന്നുണ്ട്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ പാളി കേസിലും നൽകിയ ജാമ്യം റദ്ദാക്കണമെന്നാണ് എസ്ഐടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
സ്വർണകൊള്ളക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നതിനിടെ 41 ദിവസം കഴിഞ്ഞാണ് തന്ത്രിക്കു ജാമ്യം കിട്ടിയത്. തന്ത്രി കട്ടിളപ്പാളി കേസിൽ 13ാംപ്രതിയും ദ്വാരപാലകപാളി കേസിൽ 16-ാം പ്രതിയുമാണ്. ജനുവരി 9നാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും കേസിൽ പ്രധാനപ്രതിയാണ് കണ്ഠര് രാജീവര് എന്നും എസ്‌ഐടി റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും എസ്‌ഐടി ആരോപിച്ചിരുന്നു. പോറ്റിയെ ശബരിമലയിൽ എത്തിച്ചതിലും തന്ത്രിക്ക് മുഖ്യപങ്കുണ്ടെന്നും തന്ത്രിയുടെ അനുജ്ഞയാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നും എസ്ഐടി വാദിച്ചിരുന്നു.എന്നാൽ ഈ വാദങ്ങൾ എല്ലാം തള്ളിയാണ് തന്ത്രി കണ്ഠര് രാജീവർക്ക് കർശന ഉപാധികളോടെ കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. ഈ ജനം റദ്ദാക്കണമെന്നാണ് എസ്ഐടിയുടെ ആവശ്യം.

