കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അഞ്ച് കെഎസ്‍യു പ്രവർത്തകർക്കും ജാമ്യം. പ്രവർത്തകരുടെ കയ്യിൽ ഒരു ആയുധവും ഇല്ലായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ മൊഴി നൽകി. കരിങ്കൊടി മാത്രമായിരുന്നു പ്രവർത്തകരുടെ കയ്യിൽ ഉണ്ടായിരുന്നതെന്നും ടൗൺ സ്റ്റേറ്റിനിലെ മൂന്നു പോലീസുകാർ മൊഴി നൽകി. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ എസ്ഐ അനൂപ്, ഗ്രേഡ് എസ്ഐ പ്രകാശ് സിപി ഒ അഖിൽ തുടങ്ങിയ ഉദ്യോഗസ്ഥരുടെ മൊഴിയാണ് കേസ് അന്വേഷിക്കുന്ന റെയിൽവേ പോലീസ് രേഖപ്പെടുത്തിയത്. ഒരു തരത്തിലുമുള്ള ആയുധവും ഇ കെഎസ്‍യു പ്രവർത്തകരുടെ കയ്യിൽ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുള്ളത്. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ തലശേരി കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. റിമാൻഡിൽ കഴിയുന്ന കെഎസ്‍യു ജില്ലാ പ്രസിഡന്റ് എം.സി.അതുൽ ഉൾപ്പടെ അഞ്ചുപേർക്കാണ് ജാമ്യം ലഭിച്ചത്. വധശ്രമം ഉൾപ്പടെയുളള 9 വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. പതിനഞ്ച് ദിവസമായി പ്രവർത്തകർ ജയിലിൽ കഴിയുകയാണ്.
പ്രതികളെ കഴിഞ്ഞ ദിവസം റെയിൽവേസ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിലും ആയുധം ഒന്നും കണ്ടെത്താനായില്ല. നേരത്തെ അഞ്ചുപേരുടെയും ജാമ്യാപേക്ഷ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തളളിയിരുന്നു. പ്രതികൾ ആയുധമുപയോഗിച്ച് വധിക്കാൻ ശ്രമിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നുമയായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നാണ് പ്രതിഭാഗം വധിച്ചത്.

