വാഹനമോടിക്കുന്നവർക്ക് മാത്രമല്ല, വഴിയിലൂടെ പോകുന്നവരും കുടുങ്ങും; സൂക്ഷിച്ചും കണ്ടും നടന്നാൽ കേസിൽ പെടാതെ രക്ഷപ്പെടാം; പുതിയ നിയമം വരുന്നു

0

തിരുവനന്തപുരം: റോഡ് നിയമങ്ങൾ ലംഘിക്കുന്ന കാൽനടയാത്രക്കാർക്കെതിരെയും കേസെടുക്കുംവിധത്തിലുള്ള നിയമനിർമാണത്തിന് സർക്കാർ ഒരുങ്ങുന്നു. ​ഗതാ​ഗത വകുപ്പ് കമ്മീഷണർ സിഎച്ച് നാ​ഗരാജു സർക്കാരിന് ശുപാർശ നൽകി.

മോട്ടോർ വാഹന നിയമ പ്രകാരം വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെ മാത്രമാണ് നിലവിൽ ശിക്ഷാനടപടികൾ സ്വീകരിക്കാനാവുക. റോഡ് ഉപയോ​ഗ നിയമം നടപ്പാക്കുന്നതിന് പ്രയോ​ഗികമായി പരിമിതകളുള്ളതിനാൽ അവ മറികടക്കുന്നതിനുള്ള വ്യവസ്ഥകൾ നിയമത്തിലുണ്ടാകും. സീബ്രാ ക്രോസ്, നടപ്പാത, ഡിവൈഡർ, എഐ ക്യാമറ, ട്രാഫിക് സി​ഗ്നലുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉള്ളിടത്താകും ആദ്യഘട്ടത്തിൽ നടപ്പാക്കുക.

സീബ്രാ ക്രോസ് ഉണ്ടായിട്ടും അവയിലൂടെയല്ല റോഡ് മുറിച്ചുകടക്കുന്നതെങ്കിൽ പിഴ ഈടാക്കും. കാൽനടയാത്രക്കാർക്കുള്ള ചുവന്ന സി​ഗ്നൽ കിടക്കെ റോഡ് മുറിച്ചു കടന്നാലും നിയന്ത്രിത മേഖലയിലുള്ള മീഡിയനോ റോഡോ ബാരിക്കേഡുകളോ മറികടന്നു കഴിഞ്ഞാലോ നടപ്പാത ഉണ്ടായിട്ടും അവയിലൂടെയല്ലാതെ നടന്നാലും പിഴയിടാക്കും.

സ്വർണവിലയിൽ റെക്കോർഡ് വർദ്ധന; പവന് 60,000 രൂപ കടക്കുന്നത് ഇതാദ്യം

0

 

തിരുവനന്തപുരം:‌ സംസ്ഥാനത്ത് സ്വർണവിലയിൽ വൻവർദ്ധന. പവന് 600 രൂപ വർദ്ധിച്ച് 60,200 രൂപയായി. ഇതാദ്യമായാണ് പവന് 60,000 രൂപ കടക്കുന്നത്. ഒരു ​ഗ്രാം സ്വർണത്തിന് 75 രൂപ വർദ്ധിച്ച് 7,525 രൂപയായി.

കഴിഞ്ഞയാഴ്ച വരെ പവന് 59,600 രൂപയായിരുന്നു. തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്നലെയും ഇന്നുമായി 720 രൂപയാണ് വർദ്ധിച്ചത്. ജനുവരി ഒന്ന് മുതൽ സ്വർണവിലയിൽ വർദ്ധന രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ ഇടയ്‌ക്ക് ചെറിയ ഇടവേള എടുത്തെങ്കിലും വീണ്ടും ഉയരുകയായിരുന്നു.

ജനുവരി ഒന്നിന് പവന് 57,200 രൂപയായിരുന്നു. രണ്ടാഴ്ച പിന്നിട്ടപ്പോൾ 59,000 ആയി ഉയർന്നു. ഒരാഴ്ചയിൽ 1,200 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,525 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6,205 രൂപയാണ്.

ഭഗവാന്റെ സ്വത്ത് സ്വകാര്യ വ്യക്തിക്ക് ; 8 ഏക്കർ ഭൂമിക്ക് പട്ടയം നൽകിയത് ദേവസ്വത്തിന്റെ എതിർപ്പ് അവഗണിച്ച്; ജില്ല ഭരണകൂടത്തിനെതിരെ പ്രതിഷേധം

0

കണ്ണൂർ: കണ്ണാടിപ്പറമ്പ് ദേവസ്വം ഭൂമിയിൽ സ്വകാര്യ വ്യക്തിക്ക് അനധികൃതമായി പട്ടയം അനുവദിച്ച നടപടി വിവാദമാകുന്നു. കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിനോട് ചേർന്ന് കിടക്കുന്ന 7.87 ഏക്കർ ഭൂമിക്കാണ് ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടർ പട്ടയം നൽകിയത്. ട്രീബ്യൂണലിൽ ദേവസ്വത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്  സമയം അനുവദിക്കാതെയാണ് ഡെപ്യൂട്ടി കളക്ടർ തിരക്കിട്ട് നടപടിയിലേക്ക് കടന്നത്. ദേവസ്വം സ്വത്തുക്കളുടെ പട്ടയവുമായി ബന്ധപ്പെട്ട് കർശന വ്യവസ്ഥകൾ പാലിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം കാറ്റിപ്പറത്തിയാണ് ഉദ്യോ​ഗസ്ഥന്റെ ഏകപക്ഷീയ തീരുമാനം. കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിന് മുൻവശത്തായി മെയിൻ റോഡിനോട് ചേർന്നാണ് എട്ടേക്കർ ഭൂമി സ്ഥിതി ചെയ്യുന്നത്.

കണ്ണാടിപ്പറമ്പ് ദേവസ്വവും സ്വകാര്യവ്യക്തിയും തമ്മിൽ സ്ഥലം സംബന്ധിച്ച് വർഷങ്ങളായി രൂക്ഷമായ തർക്കം നിലനിൽക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ക്ഷേത്രഭൂമി കയ്യേറി അതിർത്തി നിർമ്മിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. എന്നാൽ ഈ ഭൂമി കൂടി ഉൾപ്പെടുത്തിയാണ് ഇപ്പോൾ പട്ടയം നൽകിയത്.

ഇതുമായി ബന്ധപ്പെട്ട്  ഡെപ്യൂട്ടി കളക്ടർ  മുൻപാകെ ദേവസ്വം കൃത്യമായ രേഖകൾ ഹാജരാക്കി കൗണ്ടർ ഫയൽ ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ട്രീബ്യൂണൽ ​ഹിയറിം​ഗിൽ ദേവസ്വത്തിന്റെ ഭാ​ഗം പോലും കേൾക്കാൻ  തയ്യാറായില്ല. ജില്ലയിലെ അനധികൃത പട്ടയവുമായി ബന്ധപ്പെട്ട് ലോകായുക്തയിലും വിജിലൻസിലും പരാതി നിലനിൽക്കേയാണ് പുതിയ സംഭവ വികാസങ്ങൾ. ദേവസ്വത്തിന്റെ സ്വത്ത് അനധികൃതനായി പതിച്ച് നൽകിയ നൽകിയ ജില്ലാ ഭരണകൂടത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പ്രദേശവാസികൾ.

ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. പ്രതിപക്ഷ സർവീസ് സംഘടനളും സിപിഐയുടെ സർവീസ് സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

സി.പി.ഐ സർവീസ് സംഘടന ജോയിൻറ് കൗൺസിലും യു.ഡി.എഫ് അനുകൂല സർവീസ് സംഘടനയായ സെറ്റോയുമാണ് ഒരേ ദിവസം പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,ഡി.എ കുടിശിക അനുവദിക്കുക, പുതിയ ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. പ്രതിപക്ഷ സംഘടനകളും സി.പി.ഐയുടെ ജോയിൻറ് കൌൺസിലും നടത്തുന്ന പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

പണിമുടക്ക് ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യും.അവശ്യ സാഹചര്യങ്ങളിൽ ഒഴികെ അവധി നൽകരുതെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം.ജോലിക്ക് എത്തുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാനും നിർദ്ദേശം ഉണ്ട്.പ്രതിപക്ഷ സംഘടനകളുടെ സമരം സർക്കാരിലെ ചില ഓഫീസുകളെ ഒഴികെ സാരമായി ബാധിക്കാനിടയില്ല.ജോയിൻറ് കൌൺസിലിന്
സ്വാധീനമുളള റവന്യു വകുപ്പിന് കീഴിലുളള വില്ലേജ് ഓഫീസുകളുടെ പ്രവർത്തനത്തെ പണിമുടക്ക് ബാധിക്കാൻ സാധ്യതയുണ്ട്.

സി.പി.ഐ സംഘടനകളുളള കൃഷി,മൃഗ സംരക്ഷണ വകുപ്പുകളെയും പണിമുടക്ക് ബാധിക്കാൻ ഇടയുണ്ട്. സമരത്തെ നേരിടാൻ സി.പി.ഐ.എം അനുകൂല സർവീസ് സംഘടനകളും ശക്തമായി രംഗത്തുണ്ട്. പണിമുടക്ക് പ്രഖ്യാപിച്ച സംഘടനകളെ നോട്ടീസ് നൽകിയ ശേഷവും സർക്കാർ ചർച്ചക്ക് വിളിച്ചില്ല.ജനാധിപത്യ വിരുദ്ധമായ ഈ സമീപനം ഇടത് സർക്കാരിന് ചേർന്നതല്ലെന്ന
വിമർശനം ശക്തമാണ്.പണിമുടക്ക് പ്രഖ്യാപിച്ച സി.പി.ഐ സംഘടനകളെ അവഗണിക്കുന്നുവെന്ന സന്ദേശമാണ് സർക്കാർ ഇതിലൂടെ നൽകിയത്.

ചേന്ദമംഗലം കൂട്ടക്കൊലപാതക കേസ്: ജിതിനോടും കുടുംബത്തോടും പ്രതിക്ക് മുൻവൈരാഗ്യം; ഇന്ന് തെളിവെടുപ്പ്

കൊച്ചി : പറവൂർ ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിൽ പ്രതി റിതുവിനെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കും. ജനരോഷം കണക്കിലെടുത്ത് വൻ സുരക്ഷയിലാകും പ്രതിയെ തെളിവെടുപ്പിന് എത്തിക്കുക. നിലവിൽ വടക്കേക്കര പൊലീസിന്റെ കസ്റ്റഡിയിൽ ആണ് പ്രതിയുള്ളത്. ജിതിനോടും കുടുംബത്തോടും ഉള്ള മുൻ വൈരാഗ്യവും കൊലപാതകം നടന്ന ദിവസത്തെ സംഭവങ്ങളും ആക്രമണത്തിന് പ്രേരിപ്പിച്ചു എന്നാണ് റിതുവിന്റെ മൊഴി. അതേ സമയം ചികിത്സയിലുള്ള ജിതിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തലയിൽ ശസ്ത്രക്രിയ ചെയ്തെങ്കിലും ബോധം തിരിച്ചു കിട്ടിയിട്ടില്ല. ജിതിൻ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്.

ജനുവരി 18-നാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ അയൽവാസിയാണ് റിതു. ഇയാളുടെ ആക്രമണത്തിൽ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.തൻ്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെ പറ്റി ജിതിൻ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു റിതു ജയന്‍റെ വാദം. കൊലപാതകത്തിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന പ്രതി കൊലയ്ക്ക് രണ്ട് ദിവസം മുൻപായിരുന്നു നാട്ടിൽ എത്തിയത്.

ആക്രമണം നടത്തുന്ന സമയത്ത് ഇയാൾ മദ്യമോ ലഹരിയോ ഉപയോഗിച്ചിരുന്നില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. മാനസികപരമായി പ്രശന്ങ്ങൾ നേരിടുന്ന വ്യക്തിയല്ല ഇയാളെന്നും പരിശോധനയിൽ വ്യക്തമായിരുന്നു. ജിതിനെ റിതു ആക്രമിക്കാൻ ചെന്നപ്പോൾ ആദ്യം ജിതിൻ്റെ ഭാര്യ വിനീഷയാണ് പുറ‍ത്തിറങ്ങിവന്നത്. വിനീഷയെ അടിച്ച് വീഴ്ത്തിയ ശേഷം പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച ശേഷം കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചുവീഴ്ത്തി. നാല് പേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വേണുവും ഉഷയും വിനീഷയും മരണപ്പെട്ടിരുന്നു. റിതു സ്ഥിരം ശല്യക്കാരനാണെന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. രാത്രി സമീപത്തെ വീടുകളുടെ ടെറസില്‍ കയറി കിടക്കുമെന്നും സ്ത്രീകളെ ജനലിലൂടെ വിളിച്ചു ശല്യം ചെയ്യുമെന്നുമുള്ള ആരോപണങ്ങളും റിതുവിനെതിരെ ഉയർന്നിട്ടുണ്ട്. റിതു പരിസരവാസികളായ സ്ത്രീകളെ സ്ഥിരം ശല്യം ചെയ്യുന്ന ആളാണെന്നും നാട്ടുകാർ ആരോപിച്ചിരുന്നു.

ഇന്ന് 3 ഡിഗ്രി വരെ ചൂട് കൂടാം; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാം. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

പകൽ 11 മുതൽ വൈകീട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം:  പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിൽ 11ഏക്കർ ഭൂമി  അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിലാണ് അന്വേഷണം.

കൊല്ലം സ്വദേശിയായ വ്യവസായ മുരുകേഷ് നരേന്ദ്രൻറെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.  പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലൻസിന് പരാതി കിട്ടിയിരുന്നു.

പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു. ഇതനുസരിച്ച് അന്വേഷണത്തിന് ആഭ്യന്തര അഡീഷണൽ സെക്രട്ടറി ഉത്തരവിട്ടു.

വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച ഉത്തരവ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റിന് കൈമാറി. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിനാണ് അന്വേഷണച്ചുമതല. വിശദമായ അന്വേഷണം നടത്തി സമയപരിധിക്കുളളിൽ റിപ്പോർട്ട് നൽകാനാണ് നി‍ർദേശം.

വീട്ടിൽ ഒരുക്കിയിരിക്കുന്നത് വലിയ രീതിയിലുള്ള സുരക്ഷ; സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു

മുംബൈ: മോഷ്ടാവിന്റെ ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയിലായ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടതായി റിപ്പോർട്ട്. ആക്രമണം നടന്ന് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് മുംബൈ ലീലാവതി ആശുപത്രിയില്‍ നിന്ന് സെയ്ഫ് അലി ഖാനെ ഡിസ്ചാര്‍ജ് ചെയ്യുന്നത്.

അമ്മയും നടിയുമായ ഷര്‍മിള ടാഗോറിനൊപ്പമാണ് സെയ്ഫ് അലി ഖാന്‍ വീട്ടിലേക്ക് മടങ്ങുന്നത് എന്നാണ് ലഭിക്കുന്ന വിവരം. അണുബാധയേല്‍ക്കുന്നതിനാല്‍ സന്ദര്‍കരെ അനുവദിക്കരുതെന്ന് സെയ്ഫിന് നിര്‍ദേശമുണ്ട്.

അതേസമയം ഒരാഴ്ച പൂര്‍ണ വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സെയ്ഫ് അലി ഖാന് വേണ്ടി ആശുപത്രിയിലും വസതിയിലും വലിയ രീതിയിലുള്ള സുരക്ഷയാണ് ഒരുക്കിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അധ്യാപകർക്ക് നേരെ കൊലവിളി !  പ്ലസ് വൺ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു

പാലക്കാട്: അധ്യാപകരോട് കൊലവിളി നടത്തിയ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

പ്രധാനാധ്യാപകൻ മൊബൈല്‍ ഫോണ്‍ വാങ്ങി വച്ചതിനാണ് വിദ്യാര്‍ത്ഥി അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയത്‌. അടുത്ത ദിവസം ചേരുന്ന പിടിഎ മീറ്റിങ്ങില്‍ തുടര്‍ നടപടികള്‍ ആലോചിക്കും.

സ്‌കൂളിന് പുറത്തിറങ്ങിയാൽ തീർക്കുമെന്നായിരുന്നു വിദ്യാർത്ഥി പറഞ്ഞത്. ഇതിൻറെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ആനക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്. സംഭവത്തിൽ അധ്യാപകർ തൃത്താല പൊലീസിൽ പരാതി നൽകിയിരുന്നു.

സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരാൻ അനുവാദമില്ലാതിരുന്നിട്ടും അത് ലംഘിച്ചതോടെയാണ് അധ്യാപകർ ഫോൺ പിടിച്ചുവെച്ചത്. ഫോൺ വാങ്ങിയതിലും വിദ്യാർത്ഥി പ്രശ്‌നമുണ്ടാക്കിയിരുന്നു. തുടർന്ന് പ്രധാനാധ്യാപകന്റെ മുറിയിലേയ്ക്ക് കുട്ടിയെ വിളിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് അധ്യാപകനെ തീർക്കുമെന്നും കൊല്ലുമെന്നുള്ള തരത്തിൽ ഭീഷണി മുഴക്കി വിദ്യാർത്ഥി സംസാരിച്ചത്

ജര്‍മ്മന്‍ ഭാഷ പരീക്ഷ

0

ജര്‍മ്മന്‍ ഭാഷ പരീക്ഷയായ ZB1-OSD എക്‌സാം ഫെബ്രുവരി മാസം 19,20 തീയതികളില്‍ കാലടി, ആദിശങ്കര എഞ്ചിനീയറിംഗ് കോളേജില്‍ വെച്ചു നടത്തുന്നു.കേരള സര്‍ക്കാരിന്റെ സീ ആപ്റ്റ്, കിറ്റ്‌സ്, എല്‍ ബി എസ് എന്നീ സ്ഥാപനങ്ങളുടെ കാന്‍സല്‍ട്ടുമാരായ എക്‌സ്ട്രീമും വോഗല്‍ സര്‍വിസ്സസ് ഇന്ത്യയുമായി സഹകരിച്ചാണ് എക്‌സാം നടത്തുന്നത്. രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ക്ക് +91 97781 92644എന്ന നമ്പറില്‍ ബന്ധപെടാവുന്നതാണ്.

തീറ്റിച്ചത് മതി! അബ്ദുൾ ഹക്കീമിന്റെ പാരഡൈസ് ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കും; പ്രതിഷേധം ശക്തമായതിന് പിന്നാലെ നടപടിയുമായി നഗരസഭ

0

തൃശ്ശൂർ: ഒടുവിൽ അബ്ദുൾ ഹക്കീമിനെതിരെ നടപടിയുമായി ന​ഗരസഭ. ഗുരുവായൂരിലെ നാഷണൽ പാരഡൈസ് ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കാൻ ഗുരുവായൂർ നഗരസഭ തീരുമാനിച്ചു. വിവിധ കോണുകളിൽ നിന്ന് പരാതിയും പ്രതിഷേധവും ഉയർന്നതിനെത്തുടർന്നാണ്  നഗരസഭയുടെ നടപടി.

സാമൂഹ്യസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അബ്​ദുൾ ഹക്കീമിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. ഗുരുവായൂരിലെ ഒരു സ്ഥാപനത്തിന് മുൻപിലുണ്ടായിരുന്ന തുളസിത്തറയിലായിരുന്നു ഇയാളുടെ സാമൂഹ്യവിരുദ്ധ പ്രവൃത്തി. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. കടുത്ത മതമൗലികവാദിയാണ് ഇയാളെന്ന് തെളിയിക്കുന്ന ഇയാളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും പുറത്ത് വന്നിരുന്നു.

അതിനിടെ ഇയാളെ മാനസികരോഗിയാക്കി ചിത്രീകരിച്ച് രക്ഷിച്ചെടുക്കാനുള്ള ശ്രമവും പൊലീസ് നടത്തി. വിവാദ വീഡിയോ ഷെയർ ചെയ്തവർക്കെതിരെ കേസെടുക്കുമെന്ന ഭീഷണിയും പൊലീസ് മുഴക്കി. 24 വർഷമായി ഹോട്ടൽ നടത്തുന്നയാൾ മാനസിക രോഗിയാണെന്ന തരത്തിലുള്ള പോലീസിന്റെ പ്രചാരണത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ പൊലീസ് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

അമ്മയെ കൊലപ്പെടുത്തി മകന്റെ ആത്മഹത്യ? കണ്ണൂരിൽ അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ

0

കണ്ണൂർ: മാലൂരിൽ അമ്മയും മകനും വീട്ടിൽ മരിച്ചനിലയിൽ. നിട്ടാറമ്പ് സ്വദേശി നിർമലയും മകൻ സുമേഷുമാണ് മരിച്ചത്. അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്‌തെന്നാണ് സംശയം.

ഇന്ന് രാവിലെയോടെയാണ് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വീടിനുള്ളിലോ പുറത്തോ ലൈറ്റ് ഉണ്ടായിരുന്നില്ല. വീടിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. ഇതിൽ സംശയം തോന്നിയ നാട്ടുകാർ ആശാ വാർക്കറേയും പഞ്ചായത്ത് അധികൃതരേയും വിവരം ധരിപ്പിച്ചു. ഇവർ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെത്തി വീട് തുറന്ന് പരിശോധിച്ചത്.

വീടിനകത്തെ മുറിയിൽ മകനെ തൂങ്ങി മരിച്ച നിലയിലും അതേ മുറിയിൽ നിലത്ത് മരിച്ചുകിടക്കുന്ന നിലയിൽ അമ്മയെയും കണ്ടെത്തി. മകൻ സ്ഥിരം മദ്യപാനിയാണെന്നും ഇയാൾ മുൻപും മദ്യപിച്ചെത്തി അമ്മയുമായി വഴിക്കിടാറുണ്ടെന്നും നാട്ടുകാർ പറയുന്നു. എന്നാൽ മരണകാരണം വ്യക്തമാകാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.

സെയ്ഫ് അലി ഖാന്റെ വീട്ടിൽ പ്രതിയെ എത്തിച്ചു; വീട്ടിൽ കയറിയത് മുതൽ ഇറങ്ങിയത് വരെയുള്ള കാര്യങ്ങൾ പുനഃസൃഷ്ടിച്ച് മുംബൈ പൊലീസ്

0

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ കേസിൽ മുംബൈ പൊലീസിനെ വട്ടംചുറ്റിച്ച പ്രതി ഷെരീഫുൾ ഇസ്ലാമിനെ തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ചു. പ്രതിയുമായി സെയ്ഫിന്റെ വീട്ടിലെത്തിയ അന്വേഷണ സംഘം കുറ്റകൃത്യം നടത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ പുനഃസൃഷ്ടിച്ചു. വീടിനുള്ളിൽ കയറിയത് മുതൽ പൂട്ടിയിട്ട മുറിയിൽ നിന്ന് രക്ഷപ്പെട്ടത് വരെയുള്ള സംഭവങ്ങൾ അന്വേഷണ സംഘം പ്രതിയെ കൊണ്ട് ചെയ്യിപ്പിച്ചു.

മണിക്കൂറുകളോളമാണ് തെളിവെടുപ്പ് നടന്നത്. മുംബൈ പൊലീസിന് പുറമേ ഫോറൻസിക് വിദ​ഗ്ധരും സ്ഥലത്തുണ്ടായിരുന്നു. കൃത്യം പുനഃസ‍ൃഷ്ടിച്ചതിന് ശേഷം വീടിന് സമീപത്തെ ​ഗാർഡനിലേക്കും പ്രതിയെ കൊണ്ടുപോയി. സെയ്ഫിന്റെ വീട്ടിലെ വിവിധയിടങ്ങളിൽ പതിഞ്ഞ പ്രതിയുടെ വിരലടയാളങ്ങൾ ഫോറൻസിക് സംഘം പരിശോധിച്ചിരുന്നു. ബാത്റൂമിന്റെ ജനൽ, ​പടികൾ, മുറിയുടെ വാതിൽ, പൈപ്പ് എന്നിവിടങ്ങളിൽ നിന്നാണ് വിരലടയാളങ്ങൾ ശേഖരിച്ചത്.

പുലർച്ചെ 1.37 ഓടെയാണ് പ്രതി വീടിന്റെ പടികൾ കയറിയത്. രണ്ട് മണിക്ക് സെയ്ഫിന്റെ ഇളയമകൻ ജെഹാം​ഗീറിന്റെ മുറിയിലേക്ക് കടന്നു. പിന്നാലെയാണ് സെയ്ഫിന് കുത്തേൽക്കുന്നത്. പ്രതി വീട്ടിനുള്ളിലേക്ക് കടന്ന് കൃത്യം അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് സെയ്ഫിന് കുത്തേറ്റത്. പുലർച്ചെ 2.33-ന് അടച്ചിട്ട മുറിയുടെ വാതിൽപൊളിച്ച് ഇയാൾ പുറത്തേക്കിറങ്ങി. അതേസമയത്ത് തന്നെയാണ് സെയ്ഫിനെയും കൂട്ടി ജോലിക്കാരൻ ആശുപത്രിയിലേക്ക് പോയത്.

കഴിഞ്ഞ ഞായറാഴ്ച താനെയിൽ നിന്നാണ് മുംബൈ പൊലിസ് പ്രതിയെ പിടികൂടിയത്. വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഷെരീഫുൾ ഇസ്ലാമിനെ അതിവിദ​ഗ്ധമായാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളായിരുന്നു കേസിൽ നിർണായകമായത്.

ശബരിമല വരുമാനത്തിൽ വൻ വർദ്ധനവ്; അധികമായി ലഭിച്ചത് 110 കോടി രൂപ; മുൻപിൽ അരവണ; മല ചവിട്ടിയത് 52.48 ലക്ഷം പേർ

0

ശബരിമല വരുമാനത്തിൽ വൻ വർദ്ധനവ്. 440 കോടി രൂപയാണ് ഈ മണ്ഡലകാലത്ത് വരുമാനമായി ലഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 110 കോടി രൂപ അധികം  ഇത്തവണ ലഭിച്ചെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

കാണിക്ക ഇനത്തിൽ മാത്രം 17 കോടി രൂപ അധികം ലഭിച്ചു. നാണയങ്ങൾ ഉൾപ്പടെ കാണിക്ക പൂർണമായും എണ്ണിത്തീർന്നു. അരവണ വിറ്റുവരവിലൂടെയാണ് ഏറ്റവും കൂടുതൽ തുക ലഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 കോടി രൂപ അധികം ലഭിച്ചു. 192 കോടി രൂപയാണ് അരവണ വിറ്റതിലൂടെ ദേവസ്വം ബോർഡിന് ലഭിച്ചത്.

കാണിക്ക ഇനത്തിൽ 126 കോടി രൂപയാണ് ലഭിച്ചത്. ഈ മണ്ഡലകാലത്ത് 52.48 ലക്ഷം പേരാണ് മലചവിട്ടിയത്. കഴിഞ്ഞ വർഷത്തേക്കാൾ പത്ത് ലക്ഷം പേർ ഇത്തവണ ശബരിമലയിലെത്തി. ഇത്തവണ അതിവേ​ഗം നാണയം എണ്ണിത്തിട്ടപ്പെടുത്താൻ സാധിച്ചു. 150 ദിവസ വേതനക്കാരെയാണ് നാണയം എണ്ണനായി നിയോ​ഗിച്ചത്.

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി വരെ താപനില വർധനവുണ്ടായേക്കും.

പകൽ 11 മുതൽ 3 വരെയുള്ള വെയിൽ നേരിട്ടേൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.