മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ കേസിൽ മുംബൈ പൊലീസിനെ വട്ടംചുറ്റിച്ച പ്രതി ഷെരീഫുൾ ഇസ്ലാമിനെ തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ചു. പ്രതിയുമായി സെയ്ഫിന്റെ വീട്ടിലെത്തിയ അന്വേഷണ സംഘം കുറ്റകൃത്യം നടത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ പുനഃസൃഷ്ടിച്ചു. വീടിനുള്ളിൽ കയറിയത് മുതൽ പൂട്ടിയിട്ട മുറിയിൽ നിന്ന് രക്ഷപ്പെട്ടത് വരെയുള്ള സംഭവങ്ങൾ അന്വേഷണ സംഘം പ്രതിയെ കൊണ്ട് ചെയ്യിപ്പിച്ചു.
മണിക്കൂറുകളോളമാണ് തെളിവെടുപ്പ് നടന്നത്. മുംബൈ പൊലീസിന് പുറമേ ഫോറൻസിക് വിദഗ്ധരും സ്ഥലത്തുണ്ടായിരുന്നു. കൃത്യം പുനഃസൃഷ്ടിച്ചതിന് ശേഷം വീടിന് സമീപത്തെ ഗാർഡനിലേക്കും പ്രതിയെ കൊണ്ടുപോയി. സെയ്ഫിന്റെ വീട്ടിലെ വിവിധയിടങ്ങളിൽ പതിഞ്ഞ പ്രതിയുടെ വിരലടയാളങ്ങൾ ഫോറൻസിക് സംഘം പരിശോധിച്ചിരുന്നു. ബാത്റൂമിന്റെ ജനൽ, പടികൾ, മുറിയുടെ വാതിൽ, പൈപ്പ് എന്നിവിടങ്ങളിൽ നിന്നാണ് വിരലടയാളങ്ങൾ ശേഖരിച്ചത്.
പുലർച്ചെ 1.37 ഓടെയാണ് പ്രതി വീടിന്റെ പടികൾ കയറിയത്. രണ്ട് മണിക്ക് സെയ്ഫിന്റെ ഇളയമകൻ ജെഹാംഗീറിന്റെ മുറിയിലേക്ക് കടന്നു. പിന്നാലെയാണ് സെയ്ഫിന് കുത്തേൽക്കുന്നത്. പ്രതി വീട്ടിനുള്ളിലേക്ക് കടന്ന് കൃത്യം അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് സെയ്ഫിന് കുത്തേറ്റത്. പുലർച്ചെ 2.33-ന് അടച്ചിട്ട മുറിയുടെ വാതിൽപൊളിച്ച് ഇയാൾ പുറത്തേക്കിറങ്ങി. അതേസമയത്ത് തന്നെയാണ് സെയ്ഫിനെയും കൂട്ടി ജോലിക്കാരൻ ആശുപത്രിയിലേക്ക് പോയത്.
കഴിഞ്ഞ ഞായറാഴ്ച താനെയിൽ നിന്നാണ് മുംബൈ പൊലിസ് പ്രതിയെ പിടികൂടിയത്. വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഷെരീഫുൾ ഇസ്ലാമിനെ അതിവിദഗ്ധമായാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളായിരുന്നു കേസിൽ നിർണായകമായത്.