തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവ സുരക്ഷിത മേഖലയിൽ സൂക്ഷിച്ചിരുന്ന അമൂല്യ ആഭരണങ്ങൾ കാണാതായതായി സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ട്. വജ്രം പതിച്ച ‘വൈരനാമം’ ഉൾപ്പെടെ നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായെന്നാണ് റിപ്പോർട്ടിലുള്ളത്.
കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് കാണാതായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആറുമാസം മുമ്പ് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
‘വൈരനാമം’ പോളിഷ് ചെയ്യുന്നതിനായി പുറത്തേക്ക് കൊണ്ടുപോയെന്നാണ് രേഖകളിലുള്ളത്. ഭക്തർ സമർപ്പിച്ച സ്വർണാഭരണങ്ങളിൽ നിന്നും വലിയ തോതിൽ സ്വർണം നഷ്ടമായതായും പ്രാഥമിക അന്വേഷണത്തിൽ 9.75 പവൻ സ്വർണം കുറവുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന സ്വർണവിളക്കും അറ്റകുറ്റപ്പണിക്കെന്ന പേരിൽ പുറത്തേക്ക് കടത്തിയതായും റിപ്പോർട്ടിലുണ്ട്. നിലവിൽ സ്വർണവിളക്കിന് പകരം വെള്ളിവിളക്കാണ് ഉപയോഗിക്കുന്നതെന്നും പറയുന്നു.
തിരുവനന്തപുരം ഡി.സി.പി നടത്തിയ പരിശോധനയിൽ സ്വർണം ചിതറിക്കിടക്കുന്നതായി കണ്ടെത്തിയിരുന്നു. ക്ഷേത്രത്തിലെ സ്‌ട്രോങ് റൂമുകളിലേക്ക് അവ മാറ്റണമെന്ന ശുപാർശയും റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്.
ക്ഷേത്രത്തിൽ നിന്ന് കാണാതായ വെള്ളിക്കിണ്ണം പിന്നീട് ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരാളുടെ ഡ്രൈവർ തിരിച്ചെത്തിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കൊട്ടാരത്തിലുള്ളവർ മാത്രം ഉപയോഗിക്കുന്ന ചെമ്പകത്തുംമൂട് വാതിൽ വഴിയാണ് മോഷണ സാധനങ്ങൾ പുറത്തേക്ക് കടത്തിയതെന്നാണ് സംശയം.
ഈ ഭാഗത്ത് സുരക്ഷാ പരിശോധനയോ സ്കാനർ സംവിധാനങ്ങളോ ഇല്ലാത്തതും അന്വേഷണത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കവടിയാർ കൊട്ടാരത്തിലെ മോഷണവും ക്ഷേത്രത്തിലെ സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നും അന്വേഷിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറുടെ വിശദീകരണം. ക്ഷേത്രം മുഴുവൻ സി.സി.ടി.വി നിരീക്ഷണത്തിലാണെന്നും സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിനുമുകളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ചെറിയ കൃഷ്ണവിഗ്രഹത്തിന്റെ നെറ്റിയിൽ ചാർത്തിയിരുന്ന ആഭരണമാണ് ‘വൈരനാമം’. 108 രത്നങ്ങൾ പതിപ്പിച്ചിരിക്കുന്ന ഈ ആഭരണത്തിന്റെ നടുവിൽ റൂബിയും ഘടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
English Summary: A police report has revealed that priceless ornaments, including the diamond-studded “Vairanama,” are allegedly missing from the Sree Padmanabhaswamy Temple. The report points to possible thefts involving gold ornaments and temple valuables worth crores.

