23-കാരന്റെ അവയവദാനം നാല് പേർക്ക് പുതുജീവൻ നൽകി; ആസ്റ്റർ മെഡ്‌സിറ്റിയിൽ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയം

0

കൊച്ചി: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച 23-കാരന്റെ അവയവദാനം നാല് രോഗികൾക്ക് പുതുജീവൻ സമ്മാനിച്ചു. യുവാവിന്റെ ഹൃദയം ഉപയോഗിച്ച് കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റിയിൽ വിജയകരമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തി. ആശുപത്രിയുടെ ചരിത്രത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയാണിത്.

കണ്ണൂർ സ്വദേശിയായ യുവാവിന്റെ മസ്തിഷ്കമരണം കണ്ണൂരിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബം അവയവദാനത്തിന് സമ്മതം നൽകുകയായിരുന്നു. ഹൃദയം കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റിയിലേക്കും കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും ഒരു വൃക്ക കോഴിക്കോട് ആസ്റ്റർ മിംസിലേക്കും മറ്റൊരു വൃക്ക മെഡിക്കൽ കോളേജിലേക്കുമാണ് കൈമാറിയത്.

ഹൃദയസ്തംഭനത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന മലപ്പുറം സ്വദേശിയായ 48-കാരനാണ് ഹൃദയത്തിന്റെ സ്വീകർത്താവ്. വിവിധ ചികിത്സകൾ നടത്തിയിട്ടും ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനാൽ ഹൃദയമാറ്റ ശസ്ത്രക്രിയ മാത്രമായിരുന്നു ജീവൻ രക്ഷിക്കാനുള്ള ഏക മാർഗം.

കണ്ണൂരിൽ നിന്ന് എയർ ആംബുലൻസിൽ എത്തിച്ച ഹൃദയം ആസ്റ്റർ മെഡ്‌സിറ്റിയിലെ ഹെലിപ്പാഡിൽ സ്വീകരിച്ച് മിനിറ്റുകൾക്കകം ശസ്ത്രക്രിയാ വിഭാഗത്തിലെത്തിച്ചു. വിദഗ്ധ ഡോക്ടർമാരുടെയും വിവിധ മെഡിക്കൽ ടീമുകളുടെയും ഏകോപിത പ്രവർത്തനത്തിലൂടെയാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

ആസ്റ്റർ ശൃംഖലയിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള കൂട്ടായ പ്രവർത്തനവും അവയവദാനത്തിന് കുടുംബം കാട്ടിയ മനുഷ്യത്വപരമായ തീരുമാനവും ഈ വിജയത്തിന് വഴിയൊരുക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

English Summary

A 23-year-old brain-dead accident victim’s organ donation gave a new lease of life to four patients. His heart was successfully transplanted into a 48-year-old man at Aster Medcity, Kochi, marking the hospital’s first-ever heart transplant surgery. The donor’s liver and kidneys were also allocated to patients in Kozhikode and a medical college. The complex procedure was completed through coordinated efforts by multiple medical teams and the donor’s family’s decision to donate organs.

Slug

Tags

LEAVE A REPLY

Please enter your comment!
Please enter your name here