ഉത്സവത്തിന് ആനയെഴുന്നള്ളിപ്പ്: മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

മലപ്പുറം: ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകൾ ഇടയുന്നതു മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനായി നാട്ടാന പരിപാലന ചട്ടം – ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ വിആർ വിനോദ് അധ്യക്ഷത വഹിച്ചു.

ജില്ലാ തല മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതിക്ക് വിധേയമായി മാത്രമേ ആന എഴുന്നള്ളിപ്പുകൾ നടത്താൻ പാടുള്ളൂ. ജില്ലാതല കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത ആരാധനാലയങ്ങൾക്ക് ആനയെഴുന്നള്ളിപ്പിനുള്ള അനുമതിയുണ്ടായിരിക്കില്ല. ഉത്സവം നടത്താനുദ്ദേശിക്കുന്ന തീയതിക്ക് ഒരു മാസം മുമ്പായി ജില്ലാതല മോണിറ്ററിങ് കമ്മിറ്റിക്ക് അപേക്ഷ നൽകണം.

ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മിൽ സുരക്ഷിത അകലമുണ്ടായിരിക്കണമെന്ന് കമ്മിറ്റി നിർദ്ദേശിച്ചു.

ഇക്കാര്യത്തിൽ കേരള ഹൈക്കോടതി നിർദ്ദേശ പ്രകാരം സംസ്ഥാന സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് വരെ ജില്ലയിലെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മിലുള്ള അകലം സംബന്ധിച്ച് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ താത്ക്കാലിക തീരുമാനം നടപ്പാക്കും.

എഴുന്നള്ളിക്കുന്ന ആനകളുടെ മുന്നിലും പിന്നിലും അഞ്ചു മീറ്ററിലധികം അകലം ഉണ്ടാകണം. പിന്നിൽ ചുമരോ മറ്റോ ഇല്ലാത്ത പക്ഷമാണ് ഈ അകലം വേണ്ടത്. അകലം ക്രമീകരിക്കാൻ ആവശ്യമായ ബാരിക്കേഡുകൾ, വടം എന്നിങ്ങനെയുള്ള സംവിധാനങ്ങൾ ഉത്സവക്കമ്മിറ്റി ഒരുക്കണം. ഈ സ്ഥലത്ത് ആനകളും പാപ്പാന്മാരും കാവടികളും മാത്രമേ ഉണ്ടാവാൻ പാടുള്ളൂ. അപകടകാരിയായ ആനയുടെ സമീപത്തു നിന്നും ജനങ്ങളെ കാലതാമസം കൂടാതെ മാറ്റണമെന്നും കമ്മിറ്റി നിർദ്ദേശിച്ചു.

ഉത്സവക്കമ്മിറ്റികൾക്ക് നാട്ടാന പരിപാലന ചട്ടം-2012 സംബന്ധിച്ച പരിശീലന പരിപാടി സോഷ്യൽ ഫോറസ്ട്രി ഓഫീസ് സംഘടിപ്പിക്കും. തുടർച്ചയായ രണ്ട് പ്രാവശ്യം നാട്ടാന പരിപാലന ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടികളിൽ ആന ഇടഞ്ഞ് പ്രശ്നമുണ്ടാവുകയോ അനുവദിച്ചതിൽ കൂടുതൽ ആനകളെ എഴുന്നള്ളിപ്പിക്കുകയോ ചെയ്‌താൽ ആ പ്രദേശത്തെ ആനയെഴുന്നള്ളിപ്പിന് വിലക്കേർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. ഉത്സവ സ്ഥലത്ത് ആനകൾക്കും പാപ്പാന്മാർക്കും ആവശ്യമായ കുടിവെള്ളം ഒരുക്കാനും ആനകളുടെ ശരീരം തണുപ്പിക്കുന്നതിനായുള്ള സൗകര്യങ്ങൾ ഒരുക്കുവാനും ഉത്സവ കമ്മിറ്റികൾക്ക് മോണിറ്ററിംഗ് കമ്മിറ്റി കർശന നിർദ്ദേശം നൽകി.

സെലിബ്രിറ്റിയുടെ കാര്യത്തിൽ ശരവേഗത്തിൽ നടപടി!  കൂത്താട്ടുകുളം വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: കൂത്താട്ടുകുളം നഗരസഭ കൗൺസിലറെ തട്ടികൊണ്ടുപോയ വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ നേത്യത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപോയി. പിറവം എംഎൽഎ അനൂപ് ജേക്കബാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

കൂത്താട്ടകുളത്തെ സംഭവത്തിൽ പ്രതികൾക്ക് പൊലീസിൻ്റെ പിന്തുണ ലഭിച്ചുവെന്നും കലാരാജുവിനെ വസത്രാക്ഷേപം നടത്തിയതിൽ പ്രതികൾക്കൊപ്പം സിപിഐഎമ്മും പൊലീസും നിൽക്കുന്നുവെന്നും അനൂപ് ജേക്കബ് വിമർശിച്ചു. എന്ത് സ്ത്രീ സുരക്ഷയാണ് കേരളത്തിൽ ഉള്ളത്.

കാല് വെട്ടി എടുക്കും എന്ന് പറയുന്നതാണോ സ്ത്രീ സുരക്ഷ. കേരളത്തിൽ പട്ടാപകൽ സ്ത്രീയെ തട്ടികൊണ്ട് പോകുന്ന സ്ഥിതിയാണുള്ളത്.

കലാ രാജു പൊതു മദ്ധ്യത്തിൽ വസ്ത്രാക്ഷേത്തിന് വിധേയയായി. സെലിബ്രിറ്റിയുടെ കാര്യത്തിൽ ശരവേഗത്തിൽ നടപടി ഉണ്ടായി. ശരവേഗത്തിലുള്ള നടപടി എല്ലാ സ്ത്രീകളുടെ കാര്യത്തിലും ആവശ്യമാണ്. കല രാജുവിന് ഉണ്ടായ അനുഭവം ഒരാൾക്കും ആവർത്തിക്കാൻ പാടില്ലായെന്നും യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അനൂപ് ജേക്കബ് ആവശ്യപ്പെട്ടു.

കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമം; ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളന്‍ പിടിയില്‍

തൃശൂര്‍: യൂട്യൂബര്‍ മണവാളന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീന്‍ ഷാ (26) പൊലീസ് കസ്റ്റഡിയില്‍. തൃശൂര്‍ കേരള വര്‍മ്മ കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഒളിവിലായിരുന്ന മുഹമ്മദ് ഷഹീന്‍ ഷാക്കെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തൃശ്ശൂര്‍ എരനല്ലൂര്‍ സ്വദേശിയാണ് മുഹമ്മദ് ഷഹീന്‍ ഷാ. യൂട്യൂബില്‍ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ് ഇയാള്‍.

കഴിഞ്ഞ ഏപ്രില്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം.കേരളവര്‍മ്മ കോളജിന് സമീപത്തു വച്ച് മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് മുഹമ്മദ് ഷഹീന്‍ വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്നെത്തി അപായപ്പെടുത്താന്‍ ശ്രമിച്ചത്.

‘പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല’; മാപ്പുചോദിച്ച് നടന്‍ വിനായകന്‍

കൊച്ചി: ബാല്‍ക്കണിയില്‍നിന്നുള്ള നഗ്‌നതാ പ്രദര്‍ശനം വലിയ വിമര്‍ശനം വരുത്തിവച്ചതിനു പിന്നാലെ മാപ്പുചോദിച്ച് നടന്‍ വിനായകന്‍. തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നാണ് വിനായകന്റെ പ്രതികരണം. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം മാപ്പ് പറഞ്ഞത്.

‘സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട്ഞാന്‍ മാപ്പ് ചോദിക്കുന്നു. ചര്‍ച്ചകള്‍ തുടരട്ടെ’, എന്നാണ് വിനായകന്‍ പറഞ്ഞത്.

ഫ്ലാറ്റിന്റെ ബാല്‍ക്കണയില്‍നിന്ന് അസഭ്യം പറയുന്നതിന്റേയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്‌നതപ്രദര്‍ശിപ്പിക്കുന്നതിന്റേയും വിഡിയോ ആണ് വിനായകന്റേതായി കഴിഞ്ഞദിവസം മുതല്‍ പ്രചരിക്കുന്നത്. വിഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇതിനുപിന്നാലെയാണ് വിനായകന്‍ മാപ്പുചോദിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

സർക്കാരിനെ വിമർശിച്ച് സിപിഐ മുഖപത്രം

തിരുവനന്തപുരം: സർക്കാരിനെ വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. അധ്യാപക- സർവീസ് സംഘടന നേതാവ് ജയചന്ദ്രൻ കല്ലിങ്ങലാണ് ലേഖനം എഴുതിയിരിക്കുന്നത്.

കേന്ദ്രവിഹിതം കിട്ടിയാലേ ആനുകൂല്യങ്ങൾ നൽകാൻ കഴിയൂ എന്ന വാദം അംഗീകരിക്കാൻ കഴിയില്ല.

വരുമാനവർധനവ് ഉണ്ടായിട്ടും ആനുകൂല്യങ്ങൾ നൽകുന്നില്ല. ജനാധിപത്യ സമരങ്ങളെ അഭിസംബോധന ചെയ്യാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും ലേഖനത്തിൽ പറയുന്നു. 

സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കേരളം പിന്നോട്ടു പോയി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം നടപ്പിലായില്ല. തുടർഭരണകാലത്ത് ശമ്പള പരിഷ്കരണം അടക്കം അട്ടിമറിക്കപ്പെട്ടു തുടങ്ങിയ വിമർശനങ്ങളാണ് ലേഖനത്തിൽ ഉന്നയിക്കുന്നത്.

യുഎസ് ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍മാറുന്നു; നടപടികള്‍ ആരംഭിക്കാന്‍ ട്രംപിന്റെ ഉത്തരവ്

വാഷിംഗ്ടണ്‍ ഡിസി: ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍മാറാന്‍ ഒരുങ്ങി യുഎസ്. ഡോണള്‍ഡ് ട്രംപ് അധികാരമേറ്റെടുത്തതിന് പിന്നാലെയാണ് നിര്‍ണ്ണായക നീക്കം. ഇതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ട്രംപ് ഉത്തരവിട്ടു. ഇതുസംബന്ധിച്ച് എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ഒപ്പ് വെക്കുന്നതിനിടെ ട്രംപ് മാധ്യമപ്രവര്‍ത്തകരോടും പി.ആര്‍ ഡിപ്പാര്‍ട്ട്‌മെന്റുമായും സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

യു.എന്‍ മാനദണ്ഡപ്രകാരം അംഗത്വ പിന്‍മാറ്റം പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷത്തോളം എടുക്കും. ലോകാരോഗ്യ സംഘടനയക്ക് യു.എസ് നല്‍കുന്ന തുകയാണ് ട്രംപിനെ ചൊടിപ്പിച്ചത്. 500 ദശലക്ഷം ഡോളര്‍ യു.എസ് നല്‍കുമ്പോള്‍ വികസിത രാജ്യമായ ചൈന നല്‍കുന്നത് ഇതിന്റെ പത്തിലൊന്നാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടുന്നു. വലിയ ജനസംഖ്യയുള്ള രാജ്യം ഇത്രയും ചെറിയ തുക നല്‍കുന്നതിനെ മുന്‍പും ട്രംപ് വിമര്‍ശിച്ചിരുന്നു.

കഴിഞ്ഞ ടേമില്‍ ധനസഹായം വെട്ടി കുറയ്ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ട്രംപ് തുടക്കമിട്ടെങ്കിലും ജോ ബൈഡന്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഇത് നിര്‍ത്തിവെക്കുകയായിരുന്നു. വലിയ തുക യുഎസ് ചെലവഴിക്കുമ്പോള്‍ അതിന്റെ നേട്ടം ചൈന കൊണ്ടു പോകുന്നതിലുള്ള എതിര്‍പ്പാണ് ട്രംപിനെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. ഈ തുക അമേരിക്കന്‍ ജനതയുടെ ആരോഗ്യ സംരക്ഷണ പദ്ധതികളിലേക്ക് മാറ്റിവെക്കുമെന്ന് മുന്‍പ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കോവിഡ് മഹാമാരിയിടെ സമയത്ത് ലോകാരോഗ്യ സംഘടന നിഷ്‌ക്രീയമായിരുന്നുവെന്നും ചൈനയാണ് സംഘടനയെ നിയന്ത്രിക്കുന്നതെന്നും തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.

ചൈനയോടുളള അമർഷം; ലോകാരോഗ്യ സംഘടനയിൽ നിന്നും പിൻമാറാൻ ഒരുങ്ങി യുഎസ്; നടപടികൾ ആരംഭിക്കാൻ ട്രംപിന്റെ ഉത്തരവ്

0

വാഷിം​ഗ്ടൺ ഡിസി: ലോകാരോ​ഗ്യ സംഘടനയിൽ നിന്നും പിൻമാറാൻ ഒരുങ്ങി യുഎസ്. ഡോണൾഡ് ട്രംപ് അധികാരമേറ്റെടുത്തതിന് പിന്നാലെയാണ് നിർണ്ണായക നീക്കം. ഇതിനുള്ള നടപടികൾ ആരംഭിക്കാൻ ട്രംപ് ഉത്തരവിട്ടു കഴിഞ്ഞു. ഇത് സംബന്ധിച്ച് എക്സിക്യൂട്ടീവ് ഓർഡർ ഒപ്പ് വെക്കുന്നതിനിടെ ട്രംപ് മാദ്ധ്യമപ്രവർത്തകരോടും പിആർ ഡിപ്പാർട്ട്മെന്റുമായും സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. യുഎൻ മാനദണ്ഡപ്രകാരം അം​ഗത്വം പിൻമാറ്റം പൂർത്തിയാകാൻ ഒരു വർഷത്തോളം എടുക്കും.

ലോകാരോ​ഗ്യ സംഘടനയക്ക് യുഎസ് നൽകുന്ന തുകയാണ് ട്രംപിനെ ചൊടിപ്പിച്ചത്. 500 ദശലക്ഷം ഡോളർ യുഎസ് നൽകുമ്പോൾ വികസിത രാജ്യമായ ചൈന നൽകുന്നത് ഇതിന്റെ പത്തിലൊന്നാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി . വലിയ ജനസംഖ്യയുള്ള രാജ്യം ഇത്രയും ചെറിയ തുക നൽകുന്നതിനെ മുൻപും ട്രംപ് വിമർശിച്ചിരുന്നു.

കഴിഞ്ഞ ടേമിൽ ധനസഹായം വെട്ടി കുറയ്‌ക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് ട്രംപ് തുടക്കമിട്ടെങ്കിലും ജോബൈഡൻ അധികാരത്തിൽ വന്നതിന് പിന്നാലെ ഇത് നിർത്തിവെക്കുകയായിരുന്നു. വലിയ തുക യുഎസ് ചെലവഴിക്കുമ്പോൾ അതിന്റെ നേട്ടം ചൈന കൊണ്ടു പോകുന്നതിലുള്ള എതിർപ്പാണ് ട്രംപിനെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. ഈ തുക അമേരിക്കൻ ജനതയുടെ ആരോ​ഗ്യസംരക്ഷണ പദ്ധതികളിലേക്ക് മാറ്റിവെക്കുമെന്ന് മുൻപ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കോവിഡ് മഹാമാരിയിടെ സമയത്ത് ലോകാരോഗ്യ സംഘടന നിഷ്ക്രീയമായിരുന്നുവെന്നും ചൈനയാണ് സം​ഘടനയെ നിയന്ത്രിക്കുന്നതെന്നും തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.

യുഎസിന്റെ പിൻമാറ്റം മൂന്നാലോക രാജ്യങ്ങളേയും ആഫ്രിക്കൻ രാജ്യങ്ങളെയാണ് കൂടുതലായും ബാധിക്കുക. യുഎസ് ധനസഹായം നിർത്തലാകുന്നതോടെ പല പൊതുജനാരോ​ഗ്യ പരിപാടികളുടെയും നടത്തിപ്പ് പോലും അവതാളത്തിലാകും. 2022-ലും 2023-ലും1.284 ബില്യൺ ഡോളറാണ് യുഎസ് ലോകാരോഗ്യ സംഘടനയ്‌ക്ക് നൽകിയത്.

ഇല്ലിക്കൽ ഷാപ്പിനു മുന്നിൽ കത്തിക്കുത്ത്; വയോധികൻ മരിച്ചു ; അലഞ്ഞു തിരിഞ്ഞു നടന്ന ആൾ കസ്റ്റഡിയിൽ

0

കോട്ടയം: കോട്ടയത്ത് കള്ളു ഷാപ്പിനു മുന്നിൽ കുത്തേറ്റ് വയോധികൻ മരിച്ചു. കോട്ടയം കുമരകം റോഡിൽ ഇല്ലിക്കൽ കവലലെ ഷാപ്പിനു മുന്നിൽ തിങ്കൾ രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്.

ഇല്ലിക്കൽ സ്വദേശിയും, മത്സ്യ തൊഴിലാളിയമായ പ്ലാത്തറ റെജിയാണ് മരിച്ചത്. സംഭവത്തിലെ പ്രതി കോട്ടയം തിരുവാർപ്പ് സ്വദേശി ഹരിദാസിനെ കുമരകം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ പരിസര പ്രദേശങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആളാണെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇയാൾക്കും ആക്രമണത്തിനിടെ പരിക്കേറ്റതിനാൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇല്ലിക്കൽ ഷാപ്പിന് മുന്നിൽ എത്തിയ രണ്ടു പേരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും, തുടർന്ന് പ്രതിയുടെ കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് റെജിയെ കുത്തുകയുമായിരുന്നു. കുത്തേറ്റ് പതിനഞ്ച് മിനിറ്റോളം റെജി വീണു കിടന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ആംബുലന്‍സ് വിളിച്ചു വരുത്തിയാണു റെജിയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പു തന്നെ റെജി മരണപ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് തന്നെ പ്രതിയെയും കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

പാരമ്പര്യ ചികിത്സാരീതികളിലേക്ക് തിരിഞ്ഞ് മലയാളി; 52 ശതമാനം പേർക്കും പ്രിയം ആയുഷ് ശാഖകളോട്; നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് സർവേ പുറത്ത്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂരിപക്ഷം പേർക്കും ആയുഷ് ശാഖകളോട് താത്പര്യം പ്രകടിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. 52 ശതമാനം പേർ ചികിത്സയ്‌ക്കായി ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി തുടങ്ങിയ ആയുഷ് ശാഖകളെ ആശ്രയിക്കുന്നു.

​ഗ്രാമങ്ങളിൽ 38.64 ശതമാനം പേരും ന​ഗരങ്ങളിൽ 31.98 ശതമാനം പേരും ആയുർവേദത്തെ ആശ്രയിക്കുന്നുവെന്നും നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് നടത്തിയ ദേശീയ ആയുഷ് സാമ്പിൾ സർവേയിൽ കണ്ടെത്തി. 2022 ജൂലൈ മുതൽ 2023 ജൂൺ വരെയുള്ള കാലഘട്ടത്തിലെ കണക്കാണിത്.

ഔഷധസസ്യങ്ങളുടെ ഉപയോ​ഗത്തെ കുറിച്ച് 99 ശതമാനം വീട്ടുകാർക്കും അറിവുണ്ട്. പത്തിൽ എട്ട് വീടുകളിലും ആയുഷ് ചികിത്സ അല്ലെങ്കിൽ മരുന്ന് ഫലവത്താണെന്നറിയാം. പത്തിൽ നാല് വീടുകളും ആയുഷ് ചികിത്സയയുടെ മുൻകാല ​ഗുണഫലങ്ങളെ അടിസ്ഥാനമാക്കി ചികിത്സ തുടരുന്നവരാണെന്നും സർവേയിൽ പറയുന്നു. ആയുഷ് ശാഖകളെ കുറിച്ചുള്ള അവബോധത്തിലും ഉപയോ​ഗത്തിലും ദേശീയ ശരാശരിയേക്കാൾ വളരെ മുന്നിലാണ് കേരളം. ന​ഗരമേഖലകളിൽ ഇത് 99.3 ശതമാനവും ​ഗ്രാമീണ മേഖലയിൽ 98.43 ശതമാനവുമാണ് ആയുഷ് മേഖലയെകുറിച്ചുള്ള അവബോധം.

രോ​ഗപ്രതിരോധത്തിനും ചികിത്സയ്‌ക്കും പ്രസവാനന്തരശുശ്രൂഷയ്‌ക്കും ​ഗർഭിണികളുടെ പരിചരണത്തിനും മറ്റുമുള്ള ആയുഷ് ചികിത്സാരീതികളുടെ ഉപയോ​ഗം, ​​ഗൃഹ ഔഷധങ്ങൾ, ഔഷധ സസ്യങ്ങൾ, ആയുഷ് പാരമ്പര്യ അറിവുകൾ എന്നിവയും സർവേ വിശകലനം ചെയ്തു.

ഒറ്റയടിക്ക് ഒരു ലോഡ് ഒപ്പ്!! ഉത്തരവുകളുടെ ചാകര; ശേഷം പേന കറക്കി മാസ് നടത്തവും; ട്രംപ് 2.0യുടെ 28 സുപ്രധാന തീരുമാനങ്ങൾ

0

വാഷിംഗ്ടൺ ഡിസി: രണ്ടാം വരവിന്റെ ആദ്യ ദിനം തന്നെ ഉത്തരവുകളുടെ പെരുമഴ തീർത്തിരിക്കുകയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ നിർണായക പ്രഖ്യാപനങ്ങൾ നടത്തുകയും സുപ്രധാനമായ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഉടൻ തന്നെ ഒപ്പുവെക്കുകയും ചെയ്തു. ഒന്നും രണ്ടുമല്ല 28 ഉത്തരവുകളാണ് ഒറ്റയടിക്ക് ട്രംപ് ഒപ്പുവച്ച് പാസാക്കിയത്.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ നൽകിയ വാ​ഗ്ദാനങ്ങൾ അടക്കം നിരവധി പ്രഖ്യാപനങ്ങൾ ആദ്യ ദിനം, ആദ്യ മണിക്കൂറിൽ തന്നെ ട്രംപ് പാലിച്ചു. ടിക് ടോക് നിരോധനത്തിന് കാലതാമസം വരുത്തിയത് മുതൽ ലോകാരോ​ഗ്യ സംഘടനയിൽ നിന്ന് പുറത്തുകടന്നതു വരെ നീളുന്നു പുതിയ തീരുമാനങ്ങൾ. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ പല നടപടികളും പിൻവലിച്ച ട്രംപ്, അനധികൃത കുടിയേറ്റത്തിനെതിരെ കർശനമായ നിലപാടെടുത്തു.

ആദ്യ ടേമിൽ ആകെ 220 എക്സിക്യൂട്ടീവ് ഉത്തരവുകളായിരുന്നു ട്രംപ് ഒപ്പുവച്ചത്. എന്നാൽ അതിന് ശേഷം അധികാരമേറ്റ ബൈഡനാകട്ടെ വെറും 160 ഉത്തരവുകളിൽ ഒതുക്കി. രണ്ടാം ടേം ആരംഭിച്ച ട്രംപ്, വാഷിം​ഗ്ടൺ ഡിസിയിലെ കാപിറ്റൽ വൺ അരീനയിൽ അനുയായികളെ സാക്ഷിനിർത്തി എട്ട് എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ആദ്യം ഒപ്പുവച്ചത്. പിന്നീട് ഓഫീസിലെത്തിയ അദ്ദേഹം ശേഷിക്കുന്ന ഉത്തരവുകളും പാസാക്കി.

സെയ്ഫിനെ ആക്രമിച്ച പ്രതി ബംഗ്ലാദേശിലെ ഗുസ്തി ചാമ്പ്യന്‍; ലക്ഷ്യമിട്ടത് ഇളയമകനെ തട്ടിക്കൊണ്ടുപോകാന്‍

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതി ലക്ഷ്യമിട്ടത് സെയ്ഫിന്റെ ഇളയമകനെ തട്ടിക്കൊണ്ടുപോകാനായിരുന്നോ എന്ന കാര്യം അന്വേഷിക്കന്‍ പൊലീസ്. കഴിഞ്ഞ ദിവസം കേസില്‍ അറസ്റ്റിലായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഷെഹ്സാദിന്റെ ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു എന്നാണ് പൊലീസ് സംഘം വിശദമായി അന്വേഷിക്കുന്നത്.

അദ്ദേഹത്തിന്റെ ഇളയമകനെ തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടാണോ പ്രതി വീട്ടില്‍ അതിക്രമിച്ച് കയറിയത് എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

താരത്തിന്റെ ഇളയമകനെ ബന്ദിയാക്കി, വന്‍തുക മോചന ദ്രവ്യമായി ആവശ്യപ്പെട്ട്, അത് കൈക്കലാക്കിയ ശേഷം ബംഗ്ലാദേശിലേക്ക് മടങ്ങാനായിരുന്നും പ്രതിയുടെ പദ്ധതിയെന്നാണ് പൊലീസ് സംശയം. നടന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി ഹോംനഴ്സായ ഏലിയാമ്മ ഫിലിപ്പിനെയാണ് ആദ്യം കണ്ടത്. അക്രമി ഒരുകോടി രൂപ ചോദിച്ചതായും ഇയാളെ ചെറുത്തപ്പോള്‍ ബ്ലേഡ് കൊണ്ട് ആക്രമിച്ചതായുമാണ് ഏലിയാമ്മ പൊലീസിന് നല്‍കിയ മൊഴി. ഇത് ഉള്‍പ്പെടെയുള്ള മൊഴികള്‍ വിശകലനം ചെയ്ത ശേഷമാണ് കവര്‍ച്ച എന്നതിലുപരി പ്രതിക്ക് മറ്റെന്തെങ്കിലും പദ്ധതികളുണ്ടായിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നത്.

അതിനിടെ അറസ്റ്റിലായ മുഹമ്മദ് ഷെഹ്സാദ് ബംഗ്ലാദേശിലെ ഗുസ്തി ചാമ്പ്യനായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ബംഗ്ലാദേശില്‍ ദേശീയതലത്തിലടക്കം പങ്കെടുത്ത ഗുസ്തിതാരമായിരുന്നു ഇയാളെന്നാണ് അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഇയാള്‍ വിജയ് ദാസ് എന്ന പേരിലാണ് കഴിഞ്ഞിരുന്നത്. ഇയാളുടെ ഗുസ്തി പശ്ചാത്തലമാണ് സെയ്ഫ് അലി ഖാന്‍ അടക്കമുള്ളവരെ ശാരീരികമായി കീഴ്പ്പെടുത്താന്‍ സഹായിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

സെയ്ഫ് അലി ഖാന്റെ വീട്ടിലെ ആക്രമണത്തിന് ശേഷം ബാന്ദ്രയില്‍ നിന്ന് ദാദര്‍, വര്‍ളി, അന്ധേരി എന്നിവിടങ്ങളിലെത്തിയശേഷമാണ് പ്രതി താനെയില്‍ എത്തിയത്. പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെടാനായി താനെയിലെ ഒരു ലേബര്‍ക്യാമ്പിലാണ് പ്രതി ഒളിച്ചിരുന്നത്.

പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കോഴിക്കോട്: നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. കോഴിക്കോട് കസബ പൊലീസാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയത്.

കഴിഞ്ഞ വർഷം ജൂൺ എട്ടിനാണ് നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.

ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് ലഭിച്ച പരാതി പൊലീസിന് കൈമാറുകയായിരുന്നു. എന്നാൽ ഇതിൽ തുടർനടപടി ഉണ്ടായില്ല. അതിനിടെ ജൂലൈ മാസത്തിൽ കൂട്ടിക്കൽ ജയചന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.

പോക്സോ കേസിൽ ജയചന്ദ്രൻ സമർപ്പിച്ച മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതിയും തള്ളിയിരുന്നു.  

മാസങ്ങളായി ഒളിവുജീവിതം നയിക്കുന്ന പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിയാതെ വന്നത് വലിയ വിമർശനങ്ങൾക്കും ഇടയാക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. 

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്;  രണ്ടാം പ്രതി അനുശാന്തി പുറത്തിറങ്ങി

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ജാമ്യം ലഭിച്ച രണ്ടാം പ്രതി അനുശാന്തി പുറത്തിറങ്ങി. തിങ്കളാഴ്ച വൈകിട്ടോടെയാണ് അനുശാന്തി പുറത്തിറങ്ങിയത്.

കാഴ്ചയ്ക്ക് തകരാറുണ്ടെന്നും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു അനുശാന്തിയുടെ ആവശ്യം. നേരത്തേ കണ്ണിന്റെ ചികിത്സയ്ക്കായി അനുശാന്തിക്ക് സുപ്രീംകോടതി രണ്ട് മാസത്തെ പരോള്‍ അനുവദിച്ചിരുന്നു.

ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കുംവരെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സുപ്രീംകോടതിയായിരുന്നു അനുശാന്തിക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യത്തിനുള്ള ഉപാധികള്‍ വിചാരണ കോടതി തീരുമാനിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.

2014ലായിരുന്നു കേരളത്തെ നടുക്കിയ ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം നടന്നത്. അനുശാന്തിയുടെ ഭർതൃമാതാവ് ഓമന, നാല് വയസുകാരിയായ മകള്‍ സ്വാസ്തിക എന്നിവരായിരുന്നു അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. ടെക്‌നോപാര്‍ക്കില്‍ അനുശാന്തിയുടെ സഹപ്രവര്‍ത്തകനായിരുന്ന നിനോ മാത്യുവായിരുന്നു വീട്ടില്‍ അതിക്രമിച്ച് കയറി ഇരുവരേയും കൊലപ്പെടുത്തിയത്. കൊലപാതകം ആസൂത്രണം ചെയ്തതിലടക്കം അനുശാന്തിക്ക് പങ്കുണ്ടായിരുന്നു.

കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ഇരട്ടജീവപര്യന്തവുമാണ് വിധിച്ചത്.

വധശിക്ഷയ്ക്ക് വിധിച്ച  ഗ്രീഷ്മ ഹൈക്കോടതിയിലേയ്ക്ക്

കൊച്ചി: പാറശ്ശാല ഷാരോണ്‍ വധകേസിൽ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ച പ്രതി ഗ്രീഷ്മ ഹൈക്കോടതിയിലേയ്ക്ക്. കേസിൽ ഇന്നോ നാളെയോ ഗ്രീഷ്മ അപ്പീൽ നൽകുമെന്നാണ് വിവരം.

അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് അല്ലായിതെന്നും പ്രായത്തിൻ്റെ ആനുകൂല്യം ഗ്രീഷ്മക്ക് നൽകണമെന്ന് ഹൈക്കോടതിയെ അറിയിക്കുമെന്നും പ്രതിഭാഗം അറിയിച്ചു.

വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ ഹൈക്കോടതിയിൽ ഹർജി നൽകും. മെറിറ്റ് നോക്കിയല്ല വിധിയെന്നും പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന വിധിയാണ് സെഷൻസ് കോടതി നടത്തിയതെന്നും ചൂണ്ടികാട്ടിയാണ് അപ്പീൽ നൽകുന്നത്.

കഴിഞ്ഞ ദിവസമാണ് പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

വധശിക്ഷയ്‌ക്കൊപ്പം രണ്ട് ലക്ഷം രൂപ പിഴയും ഗ്രീഷ്മയ്ക്ക് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിർമ്മൽ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 

മലപ്പുറത്ത് ബസുകള്‍ കൂട്ടിയിടിച്ച് അപകടം; മൂപ്പതോളം പേര്‍ക്ക് പരിക്ക്

മലപ്പുറം:മലപ്പുറം എടപ്പാളിനടുത്ത് മാണൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി.ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ടു ബസുകളിലുമായുള്ള 30ലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 2.50-ന് ആണ് അപകടമുണ്ടായത്.

അപകടത്തില്‍ ബസുകളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.അപകടത്തിന്റെ കാരണം ഉള്‍പ്പെടെ വ്യക്തമല്ല. പരിക്കേറ്റവരെ എടപ്പാളിലേയും ചങ്ങരുകുളത്തെയും സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരില്‍ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്.