സിദ്ധാര്‍ത്ഥന്‍ ഹോസ്റ്റലില്‍ അതിക്രൂരമര്‍ദ്ദനത്തിന് ഇരയായത് അസിസ്റ്റന്റ് വാര്‍ഡന്‍ അറിഞ്ഞിരുന്നു; വിദ്യാര്‍ത്ഥിയുടെ മൊഴി പുറത്ത്

0

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ ഹോസ്റ്റലില്‍ അതിക്രൂരമര്‍ദ്ദനത്തിന് ഇരയായത് കോളജ് അധികൃതര്‍ക്ക് അറിയാമായിരുന്നുവെന്ന് വിദ്യാര്‍ത്ഥിയുടെ മൊഴി. ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുണ്ടായിരുന്ന ഡോ. കാന്തനാഥന് സംഭവത്തെക്കുറിച്ച് അറിവുണ്ട്. അസ്വാഭാവിക സംഭവമാണെന്ന് തോന്നിയിരുന്നെങ്കിലും ആരും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ആന്റ് റാഗ്ങ് സ്‌ക്വാഡിന് കോളജിലെ 2020 ബാച്ചിലെ വിദ്യാര്‍ത്ഥികളിലൊരാള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.സിദ്ധാര്‍ത്ഥന്‍ മര്‍ദ്ദനത്തിന് വിധേയനായത് അറിഞ്ഞിരുന്നില്ലെന്നാണ് കോളജ് അധികൃതര്‍ വിശദീകരിച്ചിരുന്നത്. ഹോസ്റ്റല്‍ അന്തേവാസികള്‍ ആരും വിവരം അറിയിച്ചില്ലെന്നും അധികൃതര്‍ പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥിയുടെ മൊഴി പുറത്തു വന്നതോടെ, കോളജ് അധികൃതരുടെ ഇടപെടലും അന്വേഷണ വിധേയമാകുമെന്നാണ് റിപ്പോര്‍ട്ട്.

സിദ്ധാര്‍ത്ഥന്‍ ഹോസ്റ്റല്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോളജ് ഡീന്‍ എംകെ നാരായണന്‍, അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുണ്ടായിരുന്ന ഡോ. കാന്തനാഥന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അതിനിടെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണത്തിന് ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ ആദ്യയോഗം അടുത്തയാഴ്ച ചേരും. കമ്മീഷന്‍ തലവനായ ഹൈക്കോടതി മുന്‍ ജഡ്ജി എ ഹരിപ്രസാദ് ഡല്‍ഹിയില്‍ നിന്നെത്തിയ ശേഷമാകും യോഗം ചേരുക.

LEAVE A REPLY

Please enter your comment!
Please enter your name here