‘കൊടി പോകട്ടെ, പച്ചത്തൊപ്പിയെങ്കിലും ധരിക്കാന്‍ അവകാശം നല്‍കിക്കൂടായിരുന്നോ?’

0

മലപ്പുറം : രാഹുല്‍ഗാന്ധി വരുമ്പോള്‍ ഉയര്‍ത്താന്‍ പറ്റാത്ത പതാകയാണ് ലീഗിന്റെ പച്ചപ്പതാകയെങ്കില്‍ അടിയന്തിരമായി ലീഗ്, കൊടിയുടെ നിറം മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് മുന്‍മന്ത്രി കെ ടി ജലീല്‍. പച്ചക്കൊടിയോട് രാഹുല്‍ ഗാന്ധിക്ക് ഇത്ര അലര്‍ജിയാണെങ്കില്‍ പച്ചക്കൊടി ആരും പിടിക്കാത്ത കര്‍ണ്ണാടകയിലോ അന്ധ്രയിലോ യുപിയിലോ അദ്ദേഹത്തിന് മല്‍സരിക്കാമായിരുന്നില്ലേയെന്ന് ജലീല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

വയനാടിന് പ്രകൃതി കനിഞ്ഞരുളിയ നിറമാണ് പച്ച. ആ പച്ച തന്നെയല്ലേ ലീഗിന്റെ കൊടിയുടെ നിറത്തിലെ പച്ചയും?. കൊടി പോകട്ടെ, ലീഗ് പ്രവര്‍ത്തകര്‍ക്ക് പച്ചത്തൊപ്പിയെങ്കിലും ധരിക്കാന്‍ അവകാശം നല്‍കിക്കൂടായിരുന്നോ?. അഞ്ചുപതിറ്റാണ്ടിലധികമായി ലീഗിന്റെ സഖ്യകക്ഷിയായ കോണ്‍ഗ്രസ്സിന് പോലും അലര്‍ജിയാണ് ‘അര്‍ധനക്ഷത്രാങ്കിത ഹരിതപതാക’യെങ്കില്‍ പിന്നെ ആര്‍ക്കാണ് ആ പതാക ദഹിക്കുക? സംഘ് പരിവാറിന്റെ മറ്റൊരു പതിപ്പായി കോണ്‍ഗ്രസ്സും മാറുകയാണെന്നല്ലേ അതിനര്‍ത്ഥം?ഇന്നലെ ‘തൊപ്പി’ ഊരാന്‍ പറഞ്ഞ കോണ്‍ഗ്രസ്സ് ഇന്ന് ”കൊടി’ ഊരാന്‍ പറഞ്ഞു. നാളെ അവര്‍ ലീഗിന്റെ മുന്നിലെ ‘മുസ്ലിം’ ഊരാന്‍ പറഞ്ഞാല്‍ അതും ലീഗ് കേള്‍ക്കേണ്ടി വരില്ലേ? ‘ഇന്‍ഡ്യ’ മുന്നണിയിലെ മറ്റേതെങ്കിലും ഒരു ഘടക കക്ഷിയോട് കോണ്‍ഗ്രസ് ഇത്തരമൊരാവശ്യം മുന്നോട്ടു വെക്കുമോ? പച്ചപ്പതാകയുടെ ‘മഹാത്മ്യം’ ദയവായി ലീഗ് ഇനി മേലില്‍ പാടി നടക്കരുത്. കെടി ജലീല്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

Leave a Reply