‘തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?’; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

0

തിരുവനന്തപുരം: പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തില്‍ പാര്‍ട്ടിക്കെല്ലാം ബോധ്യമായെന്നും എല്ലാം മാധ്യമ സൃഷ്ടിയാണെന്നും ഇ പി ജയരാജന്‍. മാധ്യമങ്ങളെ പഴിചാരിയാണ് ജയരാജന്‍ പ്രതികരിച്ചത്. തലക്ക് വെളിവില്ലാത്തവള്‍ വിളിച്ച് പറയുന്നതെല്ലാം കൊടുക്കാനുള്ളതാണോ നിങ്ങളുടെ മാധ്യമ ധര്‍മമെന്നും തിരുവനന്തപുരത്ത് ഇ പി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെ പറഞ്ഞു.

”മാധ്യമങ്ങളാണ് എല്ലാം വരുത്തിവെക്കുന്നത്. നിങ്ങള്‍ ആരുടെയൊക്കെ പ്രസ്താവനകളാണ് പത്രത്തില്‍ കൊടുക്കുന്നത്. മാധ്യമങ്ങള്‍ നിലവാരം കാത്തു സൂക്ഷിക്കണം ആദ്യം. നിങ്ങള്‍ ചെയ്തതിനെക്കുറിച്ച് നിങ്ങള്‍ ആലോചിച്ച് നോക്ക്. നിങ്ങള്‍ എന്താണ് രണ്ട് മൂന്ന് ദിവസമായി കാട്ടിക്കൂട്ടിയത്. എന്തൊക്കെയാ കാട്ടിക്കൂട്ടിയത്. ഒരു പത്രധര്‍മമാണോ ഇത്. ഒരു ന്യായമായ ഒരു പത്രധര്‍മത്തിന്റെ പ്രവൃത്തിയാണോ നിങ്ങള്‍ ചെയ്തത്. ഇത്തരത്തിലുള്ള മാധ്യമപ്രവര്‍ത്തനം ആണ് നമ്മുടെ രാജ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നത്.

ഞാനെന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊടുക്കുമോ. പരിശോധിക്കാതെ കൊടുക്കാന്‍ പാടില്ല. ഞാന്‍ ഇന്നു വരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരു സ്ത്രീയാണ് എനിക്കെതിരായിട്ട് പറയുന്നത്. ഞാന്‍ ബിജെപിയിലേക്ക് പോകുമെന്ന് വാര്‍ത്ത കൊടുക്കാന്‍ മാധ്യമങ്ങള്‍ക്ക് എവിടുന്നാണ് ധൈര്യം കിട്ടിയത്. ശോഭാ സുരേന്ദ്രന്‍ ആരാണ്. പൊതുപ്രവര്‍ത്തകരായ ഞങ്ങളെ ഏതെങ്കിലും നിലവാരമില്ലാത്തവരുടെ അവസ്ഥയിലേക്ക് കൊണ്ടുപോകരുത്. നിങ്ങള്‍ വ്യക്തിഹത്യ നടത്താന്‍ ആസൂത്രിതമായ ഗൂഢാലോചനയാണ് നടത്തിയത്.മാധ്യമങ്ങള്‍ പരസ്യത്തിന്റെ പണം വാങ്ങി സിപിഎമ്മിനേയും ഇടതുപക്ഷ മുന്നണിയേയും തകര്‍ക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കി ആസൂത്രണം ചെയ്ത് നിങ്ങള്‍ പ്രസിദ്ധീകരിച്ചു. അതില്‍ നിങ്ങള്‍ ആദ്യം പലരേയും നോക്കി. അവസാനം നിങ്ങള്‍ക്ക് എന്നെയാണ് ഇരയായി കിട്ടിയത്. എന്നാപ്പിന്നെ കൊത്തിവലിച്ചു കളയാം. നിങ്ങള്‍ കൊത്തി വലിച്ചാലൊന്നും വലിഞ്ഞുപോകുന്ന ആളല്ല ഞാന്‍. ദല്ലാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞാല്‍ കൊടുക്കുമോ. എന്റെ വിശദീകരണം അല്ല നിങ്ങള്‍ കൊടുത്തത്. നിയമനടപടിയിലേക്ക് പോകും”, അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply