അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

0

ന്യൂഡല്‍ഹി: അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാകില്ലെന്ന് പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. പ്രധാനപ്പെട്ട വിഷയമെന്ന് ചീഫ് ജസ്റ്റിസ് വാദത്തിനിടെ നീരീക്ഷിച്ചു.

സ്വത്ത് അവകാശം സംബന്ധിച്ച് ശരിയത്ത് നിയമത്തിന് പകരം ഇന്ത്യന്‍ പിന്തുടര്‍ച്ച അവകാശ നിയമം ബാധകമാക്കണം എന്ന് ആവശ്യപ്പെട്ട് മലയാളിയായ സഫിയ പിഎം ആണ് ഹര്‍ജി നല്‍കിയത്. ആലപ്പുഴ പനവള്ളി സ്വദേശിനിയും, എക്സ് മുസ്ലിംസ് ഓഫ് കേരള എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമാണ് ഹര്‍ജിക്കാരിയായ സഫിയ. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഈ കേസിനായി പ്രത്യേക അഭിഭാഷകനെ ചുമതലപ്പെടുത്താന്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.ശരീഅത്ത് നിയമത്തില്‍ ലിംഗ സമത്വം ഇല്ലെന്നും, സ്വത്ത് ഭാഗം വയ്ക്കുമ്പോള്‍ ഉള്‍പ്പടെ പെണ്‍കുട്ടികള്‍ക്ക് തുല്യ അവകാശം ലഭിക്കുന്നില്ലെന്നും ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ പ്രശാന്ത് പത്മനാഭന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികള്‍ക്ക് തുല്യ സ്വത്ത് ഉറപ്പാക്കുന്നതിന് ചില മുസ്ലിം ദമ്പതികള്‍ പുനഃവിവാഹം ചെയ്ത സംഭവം ഉണ്ടായിട്ടുണ്ടെന്നും അഭിഭാഷകന്‍ അറിയിച്ചു. മുസ്ലിം മതം ഉപേക്ഷിക്കുന്നവര്‍ക്ക് പോലും പാരമ്പര്യ സ്വത്തുക്കള്‍ ഭാഗം ചെയ്യുമ്പോള്‍ ഈ ശരീഅത്ത് നിയമം ആണ് ബാധകമാകുന്നതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

വിശ്വാസിയല്ലാത്തവര്‍ക്ക് മുസ്ലീം വ്യക്തിനിയമത്തിന് പകരം അനന്തരാവകാശവുമായി ബന്ധപ്പെട്ട് 1925ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം ബാധകമാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനപ്പെട്ട വിഷയമെന്ന് അഭിപ്രായപ്പെട്ട കോടതി, കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചു. ജൂലൈ രണ്ടാം വാരം സുപ്രീംകോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here