എട്ടു കേന്ദ്രമന്ത്രിമാര്‍, രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍, ഒരു മുന്‍ ഗവര്‍ണര്‍; ആദ്യഘട്ടത്തില്‍ ജനവിധി തേടി പ്രമുഖര്‍

0

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് വെള്ളിയാഴ്ച തുടക്കം കുറിക്കുമ്പോള്‍, എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ഒരു മുന്‍ ഗവര്‍ണറുമാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. ബിജെപി മുന്‍ അധ്യക്ഷന്‍ കൂടിയായ നിതിന്‍ ഗഡ്കരിയാണ് ജനവിധി തേടുന്ന കേന്ദ്രമന്ത്രിമാരില്‍ പ്രമുഖന്‍. നാഗ്പൂര്‍ സീറ്റില്‍ ഹാട്രിക് വിജയമാണ് ഗഡ്കരി ലക്ഷ്യമിടുന്നത്.

അരുണാചല്‍ വെസ്റ്റ് മണ്ഡലത്തില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു മത്സരിക്കുന്നു. അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ നബാം തുകിയാണ് 52 കാരനായ റിജിജുവിന്റെ മുഖ്യ എതിരാളി. കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ് സോനോവാളാണ് ആദ്യഘട്ടത്തില്‍ ജനസമ്മതി തേടുന്നത്.അസമിലെ ദിബ്രുഗഡ് മണ്ഡലത്തില്‍ നിന്നാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ സോനോവാള്‍ മത്സരിക്കുന്നത്. നിലവില്‍ രാജ്യസഭാംഗമാണ് സോനോവാള്‍. കേന്ദ്രസഹമന്ത്രി രാമേശ്വര്‍ തേലിക്ക് സീറ്റ് നിഷേധിച്ചിട്ടാണ് സോനോവാളിനെ ബിജെപി മത്സരിപ്പിക്കുന്നത്. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാണ്‍ ജനവിധി തേടുന്നു.

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ജമ്മു കശ്മീരിലെ ഉധംപൂരിലും കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ് രാജസ്ഥാനിലെ ആല്‍വാറിലും മത്സരിക്കുന്നു. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ് വാള്‍ രാജസ്ഥാനിലെ ബികാനീറിലും, തമിഴ്‌നാട്ടിലെ നീലഗിരിയില്‍ കേന്ദ്രമന്ത്രി എല്‍ മുരുഗനും ജനവിധി തേടുന്നു. മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ എ രാജയാണ് മുരുഗന്റെ എതിരാളി.

തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിളിസൈ സൗന്ദര്‍രാജനാണ് ആദ്യഘട്ടത്തില്‍ മത്സരരംഗത്തുള്ള മറ്റൊരു പ്രമുഖ സ്ഥാനാര്‍ത്ഥി. ചെന്നൈ സൗത്ത് മണ്ഡലത്തിലാണ് തമിളിസൈ ബിജെപി ടിക്കറ്റില്‍ ജനവിധി തേടുന്നത്. തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ, കാര്‍ത്തി ചിദംബരം, കനിമൊഴി തുടങ്ങിയവരും ആദ്യഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here