രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശുന്നു; ഉത്തര്‍പ്രദേശില്‍ ബിജെപിയെ തൂത്തെറിയുമെന്ന് അഖിലേഷ് യാദവ്

0

ലഖ്‌നൗ: രാജ്യത്ത് മാറ്റത്തിന്റെ കാറ്റുവീശുന്നുവെന്നും പടിഞ്ഞാറന്‍ യുപിയില്‍ ഇന്ത്യാ സഖ്യം തൂത്തുവാരുമെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ നടക്കാനിരിക്കെയാണ് അഖിലേഷിന്റെ പ്രതികരണം. പടിഞ്ഞാറ് നിന്ന് വീശുന്ന കാറ്റ് ഉത്തര്‍പ്രദേശിന്റെയും രാജ്യത്തെയും മാറ്റി മറയ്ക്കാന്‍ പോകുകയാണെന്ന് രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഗാസിയാബാദ് മുതല്‍ ഗാസിപ്പൂര്‍പൂര്‍ വരെയുള്ള മണ്ഡലങ്ങളില്‍ നിന്ന് ഇന്ത്യാ സഖ്യം ബിജെപിയെ തൂത്തെറിയുമെന്ന് അഖിലേഷ് പറഞ്ഞു. ബിജെപിയുടെ വാഗ്ദാനങ്ങളും അവകശാവാദങ്ങളും വലിയ നുണയാണെന്ന് ജനം തിരിച്ചറിഞ്ഞു. കര്‍ഷകന്റെ വരുമാനം വര്‍ധിക്കുകയോ യുവാക്കള്‍ക്ക് തൊഴിലവസരമോ ഉണ്ടായില്ല. ഇലക്ട്രറല്‍ ബോണ്ട് പുറത്തുവന്നതോടെ അഴിമതിക്കാരുടെ ഗോഡൗണായി ബിജെപി മാറി. അഴിമതിക്കാരെ മാത്രമല്ല അവരുടെ സമ്പാദ്യവും ബിജെപിയെടുക്കുന്നു. നുണ മാത്രമാണ് ബിജെപിയുടെ ഐഡന്‍ഡിറ്റിയെന്നും യാദവ് പറഞ്ഞു.ബിജെപി സ്ഥാപിച്ച ബോര്‍ഡുകള്‍ നോക്കൂ, അവിടെ സ്ഥാനാര്‍ഥികളെ കാണാനില്ല, ഒരു വ്യക്തിമാത്രമേയുള്ളു, തെരഞ്ഞെടുപ്പിന് ശേഷം ആ വ്യക്തിയും അപ്രത്യക്ഷമാകുമെന്ന് അഖിലേഷ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയിലൂടെ 60 ലക്ഷം യുവാക്കളുടെ ഭാവിയാണ് ഇരുട്ടിലായിരിക്കുന്നത്. ഒരുവോട്ടുപോലും ഭിന്നിക്കില്ലെന്ന് ഉറപ്പാക്കണം. ബിജെപിയെ തുടച്ചുനീക്കുമെന്നും പോളിങ് ബുത്തുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും അഖിലേഷ് പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. യുപിയില്‍ നിന്ന് മാറ്റത്തിന്റെ കാറ്റ് വീശുന്നു. രാജ്യത്ത് ഇന്ത്യാ മുന്നണി അധികാരത്തില്‍ വരുമെന്നും അഖിലേഷ് പറഞ്ഞു. 2014ല്‍ അധികാരത്തിലെത്തിയവര്‍ 2024ല്‍ പുറത്തുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുപിയില്‍ സമാജ് വാദിയും കോണ്‍ഗ്രസും സഖ്യമായാണ് മത്സരിക്കുന്നത്. 80 സീറ്റുകളില്‍ 17 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍, കൈരാന, മുസാഫര്‍നഗര്‍, ബജ്നോര്‍, നാഗിന, മുറാദാബാദ്, രാംപൂര്‍, പിലിഭിത്ത് എന്നീ എട്ട് മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് വെള്ളിയാഴ്ച തുടക്കമാകും, ജൂണ്‍ നാലിന് വോട്ടെണ്ണല്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here