വനത്തിനുള്ളില്‍ പുരാതന കണ്ണകി ക്ഷേത്രം; മംഗളാദേവി ചിത്രാപൗര്‍ണമി നാളെ

0

കുമളി: മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം നാളെ ( ചൊവ്വാഴ്ച). ചൊവ്വാഴ്ച രാവിലെ 5.30 മുതല്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍നിന്നും അതിര്‍ത്തി ചെക്ക് പോസ്റ്റില്‍നിന്നും തീര്‍ഥാടകര്‍ക്ക് പാസ് ലഭിക്കും.

രാവിലെ ആറു മുതല്‍ 2.30 വരെ കുമളി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍നിന്ന് ജീപ്പുകള്‍ സര്‍വീസ് നടത്തും. മോട്ടോര്‍ വാഹന വകുപ്പ്, വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചശേഷമായിരിക്കും പാസ് നല്‍കുക. പാസുള്ള വാഹനങ്ങള്‍ മാത്രമേ ചെക്ക് പോസ്റ്റിലൂടെ കടത്തിവിടൂ. വനമേഖലയായതിനാല്‍ ഉച്ചഭാഷിണിയോ ലൗഡ് സ്പീക്കറുകളോ പാടില്ല. പ്ലാസ്റ്റിക്കിന് കര്‍ശന നിയന്ത്രണമുണ്ട്. ഭക്ഷണം ഇലയിലോ കടലാസിലോ മാത്രമേ കൊണ്ടുവരാവൂ. വനമേഖലയില്‍ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിവ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം കൊണ്ടുപോകരുത്. ആവശ്യമെങ്കില്‍ അഞ്ചുലിറ്റര്‍ ക്യാനുകള്‍ ഉപയോഗിക്കാം. ഉത്സവദിവസം വിവിധ സ്ഥലങ്ങളില്‍ ആംബുലന്‍സ് സംവിധാനം ഉള്‍പ്പെടെ ആരോഗ്യവകുപ്പ് സജ്ജമാക്കും. മംഗളാദേവി ക്ഷേത്രപരിസരത്തും കരടിക്കവലയിലുമായി വനംവകുപ്പിന്റെ ആംബുലന്‍സും ലഭിക്കും.കുമളി മുതല്‍ മംഗളാദേവി വരെ വിവിധ പോയിന്റുകളില്‍ കേരള, തമിഴ്നാട് പൊലീസിന്റെ പരിശോധന ഉണ്ടായിരിക്കും. വനംവകുപ്പിന്റെ പട്രോളിങ് യൂണിറ്റുകളും രംഗത്തുണ്ടാകും.

കുമളിയില്‍നിന്നു ക്ഷേത്രത്തിലേക്കും തിരിച്ചുമുള്ള തീര്‍ഥാടക യാത്രാനിരക്ക് ഒരാള്‍ക്ക് ഒരു വശത്തേക്ക് 150 രൂപയാണ്. ടാക്സിനിരക്ക് 2,000 രൂപ വരും. മംഗളാ ദേവി ക്ഷേത്രം കേരളത്തിലെ ഏറ്റവും പുരാതന ക്ഷേത്രത്തിലൊന്നാണ്. ഇടുക്കി ജില്ലയിലെ കുമളിയില്‍ പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന് 15 കിലോമീറ്റര്‍ ഉള്ളിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പുരാതനമായ കണ്ണകി ക്ഷേത്രമാണ് ഇത്. വര്‍ഷത്തിലെ ഒരേയൊരു ദിവസം മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. കേരളവും തമിഴ്‌നാടും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന മലയിലാണ് ഈ കണ്ണകി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തര്‍ക്ക പ്രദേശമായതിനാല്‍ തേനി, ഇടുക്കി ജില്ല കളക്ടര്‍മാരുടേയും പൊലീസ് മേധാവികളുടേയും സാനിധ്യത്തില്‍ മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം.

LEAVE A REPLY

Please enter your comment!
Please enter your name here