തിരുവനന്തപുരം: പ്രസിദ്ധ മോഹിനിയാട്ട നർത്തകനും കലാഭവൻ മണിയുടെ അനിയനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെ ജാതീയമായും വംശീയമായും അധിക്ഷേപിച്ച് മോഹിനിയാട്ടം അധ്യാപിക. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ തിരുവനന്തപുരം സ്വദേശിയായ കലാമണ്ഡലം സത്യഭാമയാണ് വിവാദ പരാമർശങ്ങൾ നടത്തിയത്.
പേരെടുത്തു പറയുന്നില്ലെങ്കിലും തന്നെയാണ് ടീച്ചർ അധിക്ഷേപിക്കുന്നതെന്നു വ്യക്തമാക്കി ആർഎൽവി രാമകൃഷ്ണൻ രംഗത്തെത്തി. അധ്യാപികക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘മോഹിനി ആയിരിക്കണം മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ടു കഴിഞ്ഞാൽ കാക്കയുടെ നിറം. ഒരു പുരുഷൻ കാലും അകത്തി വച്ച് മോഹിനിയാട്ടം കളിക്കുക എന്നാൽ ഇതുപോലെ ഒരു അരോചകം ഇല്ല. മോഹിനിയാട്ടം ആൺപിള്ളേർക്ക് പറ്റണമെങ്കിൽ അതുപോലെ സൗന്ദര്യം ഉണ്ടാകണം. ആൺപിള്ളേരിൽ സൗന്ദര്യമുള്ളവരുണ്ട്. അവരായിരിക്കണം. ഇവനെ കണ്ടു കഴിഞ്ഞാൽ ദൈവം പോലും, പെറ്റ തള്ള സഹിക്കില്ല’- അധ്യാപിക അധിക്ഷേപിച്ചു.