സിദ്ധ വൈദ്യം പ്രോത്സാഹിപ്പിക്കണം; ലോകമെങ്ങും എത്തിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

0

ചെന്നൈ: അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ മെഡിസിനില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി സിദ്ധ വൈദ്യം പ്രോത്സാഹിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ച ലോകമെമ്പാടും എത്തിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. പാളയംകോട്ടയിലെ പഴയ സര്‍ക്കാര്‍ സിദ്ധ മെഡിക്കല്‍ കോളജ് പൊളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ജസ്റ്റിസ് എസ് എസ് സുന്ദറും ജസ്റ്റിസ് ബി പുഗലേന്തിയും അടങ്ങുന്ന ബെഞ്ചിന്റേതാണ് പരാമര്‍ശം. ചെന്നൈയില്‍ 30 ഏക്കര്‍ സ്ഥലത്ത് ഇന്ത്യന്‍ മെഡിസിന്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ സംസ്ഥാനം നിര്‍ദ്ദേശിച്ചിരുന്നു. തമിഴ്‌നാട് സിദ്ധ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആക്ട് 2022 നിയമനിര്‍മാണത്തിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെയും കോടതി അഭിനന്ദിച്ചു. ചെന്നൈയില്‍ പുതിയ സര്‍വകലാശാല സ്ഥാപിക്കാനുള്ള തീരുമാനം സംസ്ഥാനം പുനഃപരിശോധിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സിദ്ധ വൈദ്യ സമ്പ്രദായം ഉത്ഭവിച്ച പശ്ചിമഘട്ടത്തില്‍ സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനെക്കുറിച്ച് സംസ്ഥാനം ആലോചിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.ബ്രിട്ടീഷുകാരുടെ കാലത്തും സിദ്ധ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ചികിത്സാ സമ്പ്രദായം ഒരു മരുന്നായി അംഗീകരിക്കപ്പെട്ടിരുന്നതായി ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍ പിന്നീട് ഇങ്ങോട്ട് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നും കോടതി പറഞ്ഞു.

Leave a Reply