ചെന്നൈ: തമിഴ്‌നാട്ടിലെ വിരുധുനഗര്‍ മണ്ഡലത്തില്‍ നടി രാധികാ ശരത് കുമാര്‍ ബിജെപി സ്ഥാനാര്‍ഥിയാവും. രാധികയും ഭര്‍ത്താവ് ശരത് കുമാറും തെരഞ്ഞടെുപ്പു പ്രഖ്യാപനത്തിനു തൊട്ടു മുമ്പാണ് തങ്ങളുടെ പാര്‍ട്ടിയായ സമത്വ മക്കള്‍ കച്ചിയെ ബിജെപിയില്‍ ലയിപ്പിച്ചത്.
തമിഴ്‌നാട്ടിലെ പതിനാലു സീറ്റുകളിലും പുതുച്ചേരിയിലെ ഏക സീറ്റിലും ബിജെപി ഇന്നലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി എ നമശ്ശിവായമാണ് പുതുച്ചേരിയിലെ സ്ഥാനാര്‍ഥി. ചെന്നൈ നോര്‍ത്തില്‍ അഡ്വ. ആര്‍സി പോള്‍ കനകരാജ് മത്സരിക്കും. തിരുവണ്ണാമലയില്‍ സംസ്ഥാന സെക്രട്ടറി എ അശ്വന്തമന്‍ ആണ് സ്ഥാനാര്‍ഥി.തിരുവള്ളൂരില്‍ പൊന്‍ വി ബാലഗണപതിയും നമക്കലില്‍ കെപി രാമലിംഗവും തിരുപ്പൂരില്‍ എപി മുരുഗാനന്ദവും പൊള്ളാച്ചിയില്‍ കെ വസന്തരാജനും കരൂരില്‍ വിവി സെന്തില്‍നാഥനും ചിദംബരത്ത് പി കാര്‍ത്യായനിയും സ്ഥാനാര്‍ഥികളാവുമെന്ന് പാര്‍ട്ടി അറിയിച്ചു.
തമിഴ്‌നാട്ടിലെ 39ല്‍ 19 സീറ്റിലാണ് ബിജെപി മത്സരിക്കുക. പുതുച്ചേരിയിലെ ഏക സീറ്റിലും പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തും. പട്ടാളി മക്കള്‍ കച്ചി പത്തു സീറ്റിലും തമിഴ് മാനില കോണ്‍ഗ്രസ് മൂന്നിലും അമ്മ മക്കള്‍ മുന്നേറ്റ കഴകം രണ്ടിലും ഒ പനീര്‍ സെല്‍വം ഒരു സീറ്റിലും മത്സരിക്കും. ന്യൂ ജസ്റ്റിസ് പാര്‍ട്ടി, ഇന്ത്യ ജനനായക കക്ഷി, ഇന്ത്യ മക്കള്‍ കല്‍വി മുന്നേറ്റ കഴകം, തമിഴ് മക്കള്‍ മുന്നേറ്റ കഴകം എന്നിവയ്ക്ക് ഓരോ സീറ്റും നല്‍കിയിട്ടുണ്ട്.