തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കുന്നതിനായി സാക്ഷം ആപ്ലിക്കേഷനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍ പ്രക്രിയ മുതല്‍ വോട്ടെടുപ്പ് ദിവസം പിക് ആന്‍ഡ് ഡ്രോപ്പ് സൗകര്യം വരെ വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സാക്ഷം ആപ്പിനാണ് രൂപം നല്‍കിയിരിക്കുന്നത്.
ഇതിനായി ഉപയോക്താവിന് ഒരു സജീവ മൊബൈല്‍ നമ്പര്‍ ഉണ്ടായിരിക്കണം. പുതിയ വോട്ടര്‍ രജിസ്‌ട്രേഷനുള്ള അപേക്ഷ, ഭിന്നശേഷി ആയി അടയാളപ്പെടുത്താനുള്ള അഭ്യര്‍ഥന, മൈഗ്രേഷനുള്ള അഭ്യര്‍ത്ഥന (ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വോട്ട് കൈമാറ്റം), തിരുത്താനുള്ള അപേക്ഷ, സ്റ്റാറ്റസ് ട്രാക്കിംഗ്, ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ അറിയുക, വീല്‍ ചെയറിനുള്ള അഭ്യര്‍ത്ഥന, ഇലക്ടറല്‍ റോളില്‍ പേര് തിരയുക, പോളിംഗ് സ്റ്റേഷന്‍ അറിയുക, ബൂത്ത് ലൊക്കേറ്റര്‍, സ്ഥാനാര്‍ത്ഥികളെ അറിയുക, പരാതികള്‍ രജിസ്റ്റര്‍ ചെയ്യുക തുടങ്ങിയവക്കായി ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. സാക്ഷം ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാണ്.