കല്യാണച്ചടങ്ങിനിടെ നവവധുവിനെ ചുംബിച്ചു; വരനെ പൊതിരെ തല്ലി വീട്ടുകാര്‍

0

ലഖ്‌നൗ: കല്യാണപ്പന്തലില്‍ വച്ച് നവവധുവിനെ ചുംബിച്ച വരന് പെണ്‍വീട്ടുകാരുടെ ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ ഹാപ്പൂരിലാണ് സംഭവം. വിവാഹചടങ്ങിനിടെ വരന്‍ വധുവിനെ ചുംബിച്ചതാണ് പെണ്‍വീട്ടുകാരെ പ്രകോപിപ്പിച്ചത്.

ചുംബിച്ചത് ചോദ്യം ചെയ്ത് വധുവിന്റെയും വരന്റെയും വീട്ടുകാര്‍ തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ വിവാഹവേദിയില്‍ കയറി വധുവിന്റെ ബന്ധുക്കള്‍ മര്‍ദിക്കുകയായിരുന്നു. വടിയും മറ്റും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വധുവിന്റെ അച്ഛനുള്‍പ്പടെ ആറ് പേര്‍ക്ക് പരിക്കേറ്റു.

പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലുംപ്പെട്ട ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാത്രിയായിരുന്നു രണ്ടു പെണ്‍മക്കളുടെയും വിവാഹം. ആദ്യത്തെ പെണ്‍കുട്ടിയുടെ വിവാഹം ഭംഗിയായി നടന്നു. രണ്ടാമത്തെ വിവാഹമാണ് അടിപിടിയില്‍ കലാശിച്ചത്. ചടങ്ങിനിടെ വരന്‍ വധുവിനെ ബലമായി ചുംബിക്കുകയായിരുന്നെന്ന് പെണ്‍വീട്ടുകാര്‍ ആരോപിച്ചു. വഴക്കിട്ടെങ്കിലും സംഭവത്തില്‍ രണ്ടുകൂട്ടരും രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Leave a Reply