യുവതിയുടെ പരാതി, ഗള്‍ഫിലുള്ള അബൂബക്കറിന് പകരം ജയിലിലായത് മറ്റൊരു യുവാവ്; നാലുദിവസം ജയിലില്‍ കിടന്നു

0

മലപ്പുറം: പൊന്നാനിയില്‍ ആളുമാറി യുവാവിനെ ജയിലില്‍ അടച്ചു. വെളിയങ്കോട് സ്വദേശി ആലുങ്ങല്‍ അബൂബക്കറിനെയാണ് ആളുമാറി പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് ജീവനാംശം നല്‍കുന്നില്ലെന്ന യുവതിയുടെ പരാതിയിലാണ് വടക്കേപ്പുറത്ത് അബൂബക്കറിന് പകരം ആലുങ്ങല്‍ അബൂബക്കറിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. ഗള്‍ഫിലാണ് വടക്കേപ്പുറത്ത് അബൂബക്കര്‍.

വടക്കേ പുറത്ത് അബൂബക്കര്‍ ഗാര്‍ഹിക പീഡന കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ്. ഇയാളാണെന്ന് കരുതിയാണ് ആലുങ്ങല്‍ അബൂബക്കറിനെ പൊലീസ് ജയിലിലടച്ചത്. നാലു ദിവസം ആലുങ്ങല്‍ അബൂബക്കറിന് ജയിലില്‍ കിടക്കേണ്ടി വരികയും ചെയ്തു. ബന്ധുക്കള്‍ പരാതിയുമായി കോടതിയെ സമീപിച്ചതോടെയാണ് അബൂബക്കര്‍ ജയില്‍ മോചിതനായത്.മലപ്പുറം വെളിയംകോട് കോടതി വിധി നടപ്പാക്കാന്‍ എത്തിയപ്പോഴാണ് പൊലീസ് ആളുമാറി അറസ്റ്റ് ചെയ്തത്.ഭാര്യയുടെ പരാതിയിലാണ് വടക്കേപ്പുറത്ത് അബൂബക്കറിനെ അറസ്റ്റുചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്. 4 ലക്ഷം പിഴ അടച്ചില്ലെങ്കില്‍ റിമാന്‍ഡ് ചെയ്യാനും തിരൂര്‍ കുടുംബ കോടതി നിര്‍ദേശിച്ചിരുന്നു.

ആലുങ്ങല്‍ അബൂബക്കറിന്റെ പേരില്‍ ഭാര്യ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇത് ഗൗരവമുള്ള വിഷയമല്ലെന്നും ഇനിയും പരാതി ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാനുമായിരുന്നു സ്റ്റേഷനില്‍ നിന്ന് ഭാര്യയോട് പറഞ്ഞത്. പരാതിയില്‍ സ്റ്റേഷനില്‍ കേസെടുത്തില്ല. ഫാമിലി പ്രശ്‌നം ആയത് കൊണ്ട് കോടതിയില്‍ പോയിക്കൊള്ളാനും പൊലീസ് പറഞ്ഞു. ആലുങ്ങല്‍ അബൂബക്കര്‍ ഇത് തെറ്റിദ്ധരിച്ചിട്ടാണ് താന്‍ അബൂബക്കര്‍ ആണെന്നും കേസ് ഉണ്ടെന്നും പറഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു. ഇങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണ്. അതുകൊണ്ട് പരാതിയുമായി മുന്നോട്ടുപോകുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here