തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആഴ്ച മുതല്‍ ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം വീണ്ടും തുടങ്ങും. പ്രിന്റിംഗ് കമ്പനിക്ക് കുടിശ്ശിക വന്നതോടെ മാസങ്ങളോളമായി ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം മുടക്കിക്കിടക്കുകയാണ്. പ്രിന്റിംഗുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് 9 കോടി നല്‍കാന്‍ ഇന്നലെ ധനവകുപ്പ് ഉത്തരവിറക്കിയതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.
വിതരണത്തിനായി 25,000 രേഖകള്‍ ഇതിനോടകം അച്ചടിച്ചു കഴിഞ്ഞു. അതേസമയം പോസ്റ്റല്‍ വഴിയുള്ള വിതരണത്തില്‍ തീരുമാനം ഇനിയുമായിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. രേഖകള്‍ ആര്‍ടിഒ ഓഫീസുകളില്‍ നേരിട്ടെത്തിച്ച് വിതരണം നടത്താനാണ് നിലവിലെ തീരുമാനം.കോടികളുടെ കുടിശിക വന്നതിനെ തുടര്‍ന്നാണ് കരാറുകാരന്‍ അച്ചടി നിര്‍ത്തിവച്ചത്. ഇതോടെ മാസങ്ങളോളമായി നിരവധി പേരാണ് ആര്‍സി ബുക്കോ ലൈസന്‍സോ കിട്ടാതെ വലഞ്ഞത്. മൂന്ന് ലക്ഷം രേഖകള്‍ അച്ചടിക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും പണം ലഭിച്ച ഉടന്‍ അച്ചടി ആരംഭിക്കുമെന്നും കരാറുകാര്‍ അറിയിച്ചിരുന്നു. വിദേശത്തേക്ക് പോകുന്നവര്‍ക്കുള്‍പ്പെടെ അടിയന്തരമായി ലൈസന്‍സ് വേണ്ടവര്‍ക്ക് മാത്രമാണ് നിലവില്‍ അച്ചടിക്കുന്നത്.