ആർഎൽവി രാമകൃഷ്ണനെ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ക്ഷണിച്ച് കലാമണ്ഡലം; ആദ്യമായി കിട്ടിയ അവസരമെന്ന് താരം

0

തൃശൂര്‍: വിവാദത്തിനു പിന്നാലെ നർത്തകനും നടനുമായ ആര്‍എല്‍വി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. മോഹിനിയാട്ടം അവതരിപ്പിക്കാനാണ് ക്ഷണിച്ചത്. ഇന്ന് വൈകീട്ട് അഞ്ചിന് കലാമണ്ഡലത്തിന്‍റെ കൂത്തമ്പലത്തിലാണ് മോഹിനിയാട്ടം അവതരിപ്പിക്കുക.

കലാമണ്ഡലത്തിൽ നിന്ന് ലഭിച്ച ക്ഷണത്തിൽ രാമകൃഷ്ണൻ സന്തോഷം പങ്കുവച്ചു. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് ആര്‍എല്‍വി രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർത്ഥി കൂടിയായിരുന്നു രാമകൃഷ്ണൻ. കലാമണ്ഡലം വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നൃത്താധ്യാപികയായ സത്യഭാമയാണ് ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ചുകൊണ്ട് രംഗത്തെത്തിയത്. രാമകൃഷ്ണൻ മോഹിനിയാട്ടം കളിക്കുന്നതിന് എതിരെയായിരുന്നു അവരുടെ പരാമർശം. മോഹിനിയാട്ടം കളിക്കാൻ സൗന്ദര്യം വേണം എന്നാണ് ഇവർ പറഞ്ഞത്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും കണ്ടുകഴിഞ്ഞാല്‍ പെറ്റ തള്ള സഹിക്കില്ലെന്നുമായിരുന്നു സത്യഭാമയുടെ പരാമര്‍ശം.ഇതിനെതിരെ കലാമണ്ഡലം തന്നെ രംഗത്തെത്തിയിരുന്നു. സത്യഭാമയുടേത് പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനയാണ്. സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കമുണ്ടാക്കുന്നതാണ്. കലാമണ്ഡലത്തിലെ പൂർവ വിദ്യാർഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും കേരള കലാമണ്ഡലം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here