രോഹിത് പുറത്ത്; ലീഡുയര്‍ത്തി ഇന്ത്യ പൊരുതുന്നു

0

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് രോഹിതിനെ നഷ്ടമായി. നിലവില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെന്ന നിലയില്‍.

ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 319 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 445 റണ്‍സിനു പുറത്തായി. 126 റണ്‍സ് ലീഡുമായാണ് മൂന്നാം ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. നിലവില്‍ ഇന്ത്യക്ക് 181 റണ്‍സ് ലീഡ്.

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ രോഹിത് രണ്ടാം ഇന്നിങ്‌സില്‍ 19 റണ്‍സില്‍ പുറത്തായി. ജോ റൂട്ടിനാണ് വിക്കറ്റ്. 27 റണ്‍സുമായി യശസ്വി ജയ്‌സ്വാളും 8 റണ്ണുമായി ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍.നേരത്തെ നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് പോകാന്‍ അനുവദിക്കാതെ പിടിച്ചു നിര്‍ത്തിയത്. ബെന്‍ ഡുക്കറ്റാണ് അവരുടെ ടോപ് സ്‌കോറര്‍. താരം 153 റണ്‍സെടുത്തു.

ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (41), ഒലി പോപ്പ് (39) എന്നിവരും തിളങ്ങി. മറ്റൊരാളും ക്രീസില്‍ അധികം നിന്നില്ല. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ജസ്പ്രിത് ബുംറ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റടുത്തു.

ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് ബാസ്ബോള്‍ ശൈലിയില്‍ അതിവേഗത്തില്‍ സ്‌കോര്‍ ചെയ്തു. മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണ് ഡുക്കറ്റ് രാജ്കോട്ടില്‍ കുറിച്ചത്. എന്നാല്‍ മൂന്നാം ദിനത്തില്‍ അവര്‍ക്ക് ആ മികവ് തുടരാന്‍ സാധിച്ചില്ല.

15 റണ്‍സെടുത്ത സഹ ഓപ്പണര്‍ സാക് ക്രൗളിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിനു ആദ്യം നഷ്ടമായത്. ആര്‍ അശ്വിനാണ് വിക്കറ്റ്. 37 റണ്‍സുമായി ഒലി പോപ്പിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിനു രണ്ടാമത് നഷ്ടമായത്. ഡുക്കറ്റിനൊപ്പം ടീമിനെ മുന്നോട്ടു നയിക്കുന്നതിനിടെ ഒലി പോപ്പിനെ മുഹമ്മദ് സിറാജാണ് മടക്കിയത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ച്വറികളും അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന്റെ അര്‍ധ സെഞ്ച്വറിയും ഇന്ത്യക്ക് കരുത്തായി. വാലറ്റത്ത് ധ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുംറ എന്നിവരുടെ സംഭാവനകളും നിര്‍ണായകമായി.

രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112), സര്‍ഫറാസ് ഖാന്‍ (62), ധ്രുവ് ജുറേല്‍ (46), അശ്വിന്‍ (37), ബുംറ (26) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍.

ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. റെഹാന്‍ അഹമദ് രണ്ട് വിക്കറ്റെടുത്തു. ജെയിംസ് ആന്‍ഡേഴ്‌സന്‍, ടോം ഹാര്‍ട്‌ലി, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Leave a Reply