പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ടം: സഹോദരങ്ങളായ അഖില്‍ജിത്തും അമല്‍ജിത്തും കീഴടങ്ങി, റിമാന്‍ഡില്‍

0

തിരുവനന്തപുരം: തിരുവനന്തപുരത്തെ പിഎസ് സി പരീക്ഷയിലെ ആള്‍മാറാട്ടക്കേസില്‍ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. നേമം സ്വദേശികളായ അഖില്‍ജിത്ത് സഹോദരന്‍ അമല്‍ജിത്ത് എന്നിവരാണ് കീഴടങ്ങിയത്. രണ്ട് പേരെയും കോടതി റിമാന്‍ഡ് ചെയ്തു. നിലവില്‍ കേസ് അന്വേഷിക്കുന്ന പൂജപ്പുര പൊലീസ് ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി വിട്ടുകിട്ടാന്‍ കസ്റ്റഡി അപേക്ഷ നല്‍കും.

അമല്‍ജിത്തിനായി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ജിത്ത് ആണെന്നാണ് പൊലീസിന്റെ നിഗമനം. അമല്‍ജിത്തും അഖില്‍ജിത്തും ഒളിവില്‍ പോയതാണ് പൊലീസിന് സംശയം ഇരട്ടിച്ചത്.

കഴിഞ്ഞ ബുധനാഴ്ച പൂജപ്പുരയിലെ സ്‌കൂളിലെ പിഎസ് സി പരീക്ഷാസെന്ററില്‍ ബയോ മെട്രിക് പരിശോധനയ്ക്കിടെ ഒരു ഉദ്യോഗാര്‍ത്ഥി ഇറങ്ങി ഓടിയതാണ് ആള്‍മാറാട്ടമാണെന്ന സംശയത്തിനിടയാക്കിയത്. നേമം സ്വദേശി അമല്‍ജിത്ത് ആണ് പരീക്ഷ എഴുതേണ്ട ഉദ്യോഗാര്‍ത്ഥി. എന്നാല്‍ അമല്‍ജിത്തിന് പകരം മറ്റൊരാളാണ് പരീക്ഷാ ഹാളില്‍ എത്തിയതെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.

സ്‌കൂളിന്റെ മതില്‍ ചാടി രക്ഷപ്പെട്ട യുവാവ് മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ബൈക്ക് അമല്‍ജിത്തിന്റേതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here