പത്തില്‍ ഒന്‍പത് വിക്കറ്റുകളും ജലജ് സക്‌സേനയ്ക്ക്! ബംഗാളിനെതിരെ കേരളത്തിനു ലീഡ്

0

തിരുവനന്തപുരം: ബംഗാളിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിനു ഒന്നാം ഇന്നിങ്‌സ് ലീഡ്. ബംഗാളിന്റെ ഒന്നാം ഇന്നിങ്‌സ് 180 റണ്‍സില്‍ അവസാനിപ്പിച്ച കേരളം 183 റണ്‍സിന്റെ ലീഡാണ് സ്വന്തമാക്കിയത്. കേരളം ഒന്നാം ഇന്നിങ്‌സില്‍ 363 റണ്‍സാണ് സ്വന്തമാക്കിയത്.

ബംഗാളിനു നഷ്ടമായ 10ല്‍ 9 വിക്കറ്റുകളും കേരളത്തിന്റെ ജലജ് സക്‌സേന പോക്കറ്റിലാക്കി. 21.1 ഓവര്‍ പന്തെറിഞ്ഞ താരം 68 റണ്‍സ് വഴങ്ങിയാണ് 9 വിക്കറ്റുകള്‍ വീഴ്ത്തിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 37കാരന്റെ ഏറ്റവും മികച്ച ബൗളിങായും ഈ ഫിഗര്‍ മാറി. നേരത്തെ 36 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം. ശേഷിച്ച ഒരു വിക്കറ്റ് എംഡി നിധീഷിനാണ്.

രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ കേരളം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എന്ന നിലയില്‍. ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മല്‍, ജലജ് സക്‌സേന സഖ്യം മികച്ച തുടക്കമാണിട്ടത്. രോഹന്‍ അര്‍ധ സെഞ്ച്വറിയുമായി പുറത്തായി. താരം 51 റണ്‍സെടുത്തു. ജലജ് സക്‌സേന 37 റണ്‍സും സ്വന്തമാക്കി.

ഒന്നാം ഇന്നിങ്‌സിലെ സെഞ്ച്വറിക്കാരായ സച്ചിന്‍ ബേബി (30), അക്ഷയ് ചന്ദ്രന്‍ (22) എന്നിവര്‍ ബാറ്റിങ് തടരുന്നു. കേരളത്തിന്റെ ആകെ ലീഡ് ഇപ്പോള്‍ 325 റണ്‍സ്.

72 റണ്‍സെടുത്ത അഭിമന്യു ഈശ്വരന്‍ മാത്രമാണ് ബംഗാളിനായി മികവ് കാട്ടിയത്. സുദീപ് കുമാര്‍ (33), കരണ്‍ ലാല്‍ (പുറത്താകാതെ 27) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് രണ്ട് പേര്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി എവര്‍ഗ്രീന്‍ സച്ചിന്‍ ബേബി വീണ്ടും തിളങ്ങി. താരം സെഞ്ച്വറി നേടി. 124 റണ്‍സാണ് സച്ചിന്‍ അടിച്ചെടുത്തത്. അക്ഷയ് ചന്ദ്രനും കേരളത്തിനായി ശതകം കണ്ടെത്തി. താരം 106 റണ്‍സെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here