ഡര്‍ബന്‍സിനെ തകര്‍ത്തെറിഞ്ഞ് കിരീടം നിലനിര്‍ത്തി; തുടരെ രണ്ടാം വട്ടവും സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് എസ്എ20 ചാമ്പ്യന്‍മാര്‍

0

കേപ് ടൗണ്‍: പ്രഥമ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് സൗത്ത് ആഫ്രിക്ക 20 (എസ്എ20) കിരീടം നിലനിര്‍ത്തി. തുടര്‍ച്ചയായ രണ്ടാം കിരീടമാണ് ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സഹോദര ഫ്രാഞ്ചൈസിയായ ഈസ്റ്റേണ്‍ കേപ് സ്വന്തമാക്കിയത്. ഫൈനലില്‍ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സിനെയാണ് അവര്‍ വീഴ്ത്തിയത്. 89 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായാണ് അവരുടെ കിരീടധാരണം.

ആദ്യം ബാറ്റ് ചെയ്ത ഈസ്റ്റേണ്‍ കേപ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 204 റണ്‍സെടുത്തു. മറുപടി പറയാനിറങ്ങിയ ഡര്‍ബന്‍സ് 17 ഓവറില്‍ വെറും 115 റണ്‍സിനു എല്ലാവരും പുറത്തായി.

ഡേവിഡ് മാലന്‍ ഒഴികെ ഈസ്റ്റേണ്‍ കേപിനായി ബാറ്റെടുത്തവരെല്ലാം ടീമിനായി മികച്ച ബാറ്റിങ് പുറത്തെടുത്തു. ടോം അബെല്‍ (34 പന്തില്‍ 55), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (30 പന്തില്‍ 56) എന്നിവര്‍ അര്‍ധ സെഞ്ച്വറികള്‍ കണ്ടെത്തി. അബെല്‍ എട്ട് ഫോറും രണ്ട് സിക്‌സും തൂക്കി. സ്റ്റബ്‌സ് നാല് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ നിന്നു.

ഓപ്പണര്‍ ജോര്‍ദാന്‍ ഹെര്‍മന്‍, ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ 26 പന്തില്‍ 42 റണ്‍സെടുത്തു. മാര്‍ക്രം മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം സ്റ്റബ്‌സിനൊപ്പം പുറത്താകാതെ നിന്നു.

അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ മാര്‍ക്കോ ജാന്‍സന്റെ ബൗളിങ് വിജയം തേടിയിറങ്ങിയ ഡര്‍ബന്‍സിനു വിലങ്ങായി. നാല് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്.

38 റണ്‍സെടുത്ത വിയാന്‍ മള്‍ഡറാണ് ടോപ് സ്‌കോറര്‍. ഡ്വെയ്ന്‍ പ്രിട്ടോറിയസ് 28 റണ്‍സും മാത്യു ബ്രീറ്റ്‌സ്‌കെ 18 റണ്‍സും ജൂനിയര്‍ ഡാല 15 റണ്‍സും കണ്ടെത്തി.

ഡര്‍ബന്‍സിനെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായകമായി നിന്ന ഹെയ്ന്റിച് ക്ലാസന്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയത് അവര്‍ക്ക് വലിയ തിരിച്ചടിയായി. 447 റണ്‍സുമായി ക്ലാസന്‍ ടൂര്‍ണമെന്റിന്റെ താരമായി.

LEAVE A REPLY

Please enter your comment!
Please enter your name here