കെഎല്‍ രാഹുല്‍ മൂന്നാം ടെസ്റ്റിനില്ല; ദേവ്ദത്ത് പടിക്കല്‍ ഇന്ത്യന്‍ ടീമില്‍

0

ഹൈദരാബാദ്: നടപ്പ് രഞ്ജി സീസണില്‍ മിന്നും ഫോമില്‍ ബാറ്റ് വീശുന്ന കര്‍ണാടകയുടെ മലയാളി ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമിലേക്കാണ് ദേവ്ദത്തിനു വിളിയെത്തിയത്. കെഎല്‍ രാഹുലിന്റെ പരിക്ക് മാറാത്ത സാഹചര്യത്തിലാണ് യുവ താരത്തെ നടാടെ ടീമിലേക്ക് വിളിച്ചത്.

രാഹുല്‍ പരിക്കിനെ തുടര്‍ന്നു ആദ്യ ടെസ്റ്റിനു ശേഷം പുറത്തായിരുന്നു. രണ്ടാം ടെസ്റ്റില്‍ താരം കളിക്കാനിറങ്ങിയില്ല. പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ രാഹുലും ടീമില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കാല്‍മുട്ടിനേറ്റ പരിക്ക് വീണ്ടും വില്ലനായി. ഈ സാഹചര്യത്തിലാണ് ദേവ്ദത്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

രഞ്ജിയില്‍ മൂന്ന് സെഞ്ച്വറികള്‍ ദേവ്ദത്ത് പടിക്കല്‍ നേടിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം തമിഴ്‌നാടിനെതിരെ 151 റണ്‍സ് പടിക്കല്‍ കണ്ടെത്തി. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റിലും താരം സെഞ്ച്വറി നേടിയിരുന്നു. 105 റണ്‍സാണ് പടിക്കല്‍ അടിച്ചെടുത്തത്.

31 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നു ആറ് സെഞ്ച്വറികളും 12 അര്‍ധ സെഞ്ച്വറികളും ദേവ്ദത്ത് പടിക്കലിന്റെ അക്കൗണ്ടിലുണ്ട്. ഇത്രയും മത്സരങ്ങളില്‍ നിന്നു 2227 റണ്‍സാണ് 23കാരന്റെ സമ്പാദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here