45 മീറ്റര്‍ വീതി, ദേശീയപാത 66ന്റെ നിര്‍മാണം അടുത്തവര്‍ഷം പൂര്‍ത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

0

തിരുവനന്തപുരം: 45 മീറ്റര്‍ വീതിയില്‍ ദേശീയപാത 66ന്റെ നിര്‍മാണം അടുത്തവര്‍ഷം പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. ഒരിടത്തും നിര്‍മാണം മുടങ്ങിയിട്ടില്ല.യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ച പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തോടുകൂടിയ ഇടപെടലിലാണ് സാധ്യമാകുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

2019 ജൂണ്‍ 15ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വിളിച്ചുചേര്‍ത്ത യോഗമാണ് സ്ഥലം ഏറ്റെടുക്കല്‍ പ്രശ്നം ചര്‍ച്ച ചെയ്തത്. യോഗത്തില്‍ ചെലവിന്റെ 25 ശതമാനം കേരളം വഹിക്കണമെന്ന നിലപാട് ദേശീയപാത അതോറിറ്റി സ്വീകരിച്ചു. ഡല്‍ഹിയില്‍നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി ജൂണ്‍ 19ന് ഉന്നതയോഗം വിളിച്ചു. ദേശീയപാത വികസനം സാധ്യമാക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിന് 25 ശതമാനം തുക വഹിക്കാനുള്ള തീരുമാനം എടുത്തു. രാജ്യത്ത് ആദ്യമായാണ് ഒരുസംസ്ഥാന സര്‍ക്കാര്‍ ദേശീയപാത വികസനത്തിന് ഫണ്ട് ചെലവിക്കുന്നത്.

സമയബന്ധിതമായി ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തീകരിച്ചു. ദേശീയപാത വികസനത്തിന് കേരളം 5580.73 കോടി രൂപയാണ് ചെലവഴിച്ചത്. ഇക്കാര്യം നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ, കോവളം -കാരോട് ബൈപാസ്, നീലേശ്വരം ആര്‍ഒബി എന്നിവ തുറന്നു. തലശേരി -മാഹി ബൈപാസ്, മൂരാട് പാലം എന്നിവയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. 17 പദ്ധതിയുടെ നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുകയാണ്. അരൂര്‍ -തുറവൂര്‍ എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണം നടന്നുവരികയാണ്. ഇടപ്പള്ളി- അരൂര്‍ എലിവേറ്റഡ് ഹൈവേയ്ക്കുള്ള സാധ്യത പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here