‘ഇന്ത്യയിൽ ടെന്നീസിനെ വളർത്താൻ സാനിയ്‌ക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’; ജോക്കോവിച്ച്

0

ഭാവിയിൽ കൂടുതൽ സമയം ഇന്ത്യയിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നതായി ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച്. ഇന്ത്യയിൽ ടെന്നീസുമായി ബന്ധപ്പെട്ട പരിപാടികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ ടെന്നീസിനായി വ്യക്തിപരമായ സംഭാവനകൾ നൽകണമെന്നുണ്ട്. ഇന്ത്യയിൽ ടെന്നീസിനെ വളർത്തിയെടുക്കാൻ സാനിയ മിർസയ്‌ക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും ജോക്കോവിച്ച്.
“എനിക്ക് ഇന്ത്യയുമായി വലിയ ബന്ധമുണ്ട്. സെർബിയയുടെയും ഇന്ത്യയുടെയും ചരിത്രം പരിശോധിച്ചാൽ ധാരാളം സമാനതകളും ബന്ധങ്ങളും കണ്ടെത്താൻ കഴിയും. ഞാൻ ഇന്ത്യൻ ജനതയെ സ്നേഹിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും സൗമ്യരും സ്‌നേഹമുള്ളവരും ആത്മാർത്ഥതയുള്ളവരുമാണ് ഇന്ത്യക്കാർ. കായിക വിനോദങ്ങളെ അവർ നെഞ്ചോട് ചേർക്കുന്നു. ക്രിക്കറ്റാണ് ഇന്ത്യയിൽ വലുത്, അതിൽ സംശയമില്ല. ഇന്ത്യയിലുടനീളം ടെന്നീസിനെ പിന്തുടരുന്ന വളരെയധികം ആളുകളുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു.”

“പത്തുവർഷങ്ങൾക്കുമുമ്പ് ഡൽഹിയിൽ ഒരു പ്രദർശന മത്സരത്തിൽ പങ്കെടുക്കാൻ ഒരിക്കൽ മാത്രമേ ഇന്ത്യയിൽ പോയിട്ടുള്ളൂ. മനോഹരമായ രാജ്യത്ത് ഭാര്യയ്ക്കും കുടുംബത്തോടുമൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹമുണ്ട്. കുട്ടികൾ ഉൾപ്പെടുന്ന ടെന്നീസ് പ്രോഗ്രാമുകളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നു. കുട്ടികളെ ടെന്നീസ് പരിശീലിപ്പിക്കുക എന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. ഭാവിയിൽ എന്ത് നടക്കുമെന്ന് നമുക്ക് നോക്കാം..”

“കൂടുതൽ കുട്ടികൾ ടെന്നീസ് റാക്കറ്റ് പിടിച്ച് കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു ടെന്നീസ് കളിക്കാരൻ എന്ന നിലയിൽ ഏറെ സന്തോഷം നൽകുന്ന ഒന്നാണിത്. അതിലേക്ക് എനിക്ക് വ്യക്തിപരമായി സംഭാവന ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ ടെന്നീസിനെ വളർത്തിയെടുക്കാനുള്ള ഈ ദൗത്യത്തിൽ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം”- ഒരു അഭിമുഖത്തിൽ ജോക്കോവിച്ച് സാനിയയോട് പറഞ്ഞു.

Leave a Reply