അധികാരം എന്നാൽ ആധിപത്യമോ സർവാധിപത്യമോ ആ‍യി മാറി; പിണറായിയെ വേദിയിലിരുത്തി എം.ടിയുടെ വിമർശനം

0

 

അധികാരം എന്നാൽ ആധിപത്യമോ സർവാധിപത്യമോ ആ‍യി മാറിയെന്ന് സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയാണ് എം.ടിയുടെ വിമർശനം. അധികാരം എന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടിയെന്നും എം.ടി. വ്യക്തമാക്കി. ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തിൽ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളിൽ ഇരമ്പിക്കൂടിയും വോട്ടുപെട്ടികൾ നിറച്ചും സഹായിച്ച ആൾക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി മാറ്റാനുള്ള മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതു കൊണ്ടാണ് ഇ.എം.എസ്. സമാരാധ്യനും മഹാനായ നേതാവുമാകുന്നത്.

 

നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കൽപത്തെ മാറ്റിയെടുക്കാനാണ് ഇ.എം.എസ്. എന്നും ശ്രമിച്ചത്. നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ട് തന്നെ. കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളിൽ ചില നിമിത്തങ്ങളായി ചിലർ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച്, എല്ലാ വിധത്തിലുമുള്ള അടിച്ചമർത്തലുകളിൽ നിന്ന് മോചനം നേടാൻ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചു കൊണ്ടിരിക്കണം. അപ്പോൾ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. ഇതായിരുന്നു ഇ.എം.എസ്. ഇത് കാലത്തിന്റെ ആവശ്യമാണെന്നും അധികാരത്തിലുള്ളവർ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തയാറാകുമെന്ന് പ്രത്യാശിക്കാമെന്നും എം.ടി. വാസുദേവൻ നായർ ചൂണ്ടിക്കാട്ടി.

 

LEAVE A REPLY

Please enter your comment!
Please enter your name here