‘സര്‍ക്കാര്‍ പ്രതിസന്ധിയില്‍’; ‘തമ്മില്‍ കണ്ടാല്‍ മിണ്ടില്ല, ഗവര്‍ണറും മുഖ്യമന്ത്രിയും എല്‍പി സ്‌കൂള്‍ കുട്ടികളെ പോലെ’

0

കൊച്ചി: സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ നാടകമാണെന്നും കേരളത്തിലെ ജനങ്ങളെ ഇരുകൂട്ടരും ചേര്‍ന്ന് കബളിപ്പിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കേന്ദ്രത്തിനെതിരെ പ്രതിഷേധമുണ്ടെങ്കില്‍ അത് ചെയ്യുന്നതിനു പകരം യുവജനസംഘടനകളെ ഇറക്കി വിടുന്ന നാടകമാണ് നടക്കുന്നതെന്നും സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിക്ക് കേന്ദ്ര ഏജന്‍സികളെ ഭയമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചാല്‍ കെഎസ്‌യുക്കാരെയും യൂത്ത് കോണ്‍ഗ്രസുകാരെയും പൊലീസിനെയും ക്രിമിനലുകളെയും ഉപയോഗിച്ച് മര്‍ദിക്കുക, ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്താനും അദ്ദേഹത്തിന്റെ വാഹനം തകര്‍ക്കാനുമുള്ള എല്ലാ സൗകര്യവും സര്‍ക്കാര്‍ ചെയ്തു കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സതീശന്‍ പറഞ്ഞു.മുഖ്യമന്ത്രിക്കെതിരെ ആരും പ്രതിഷേധിക്കാന്‍ പാടില്ല. എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ സ്വന്തം പാര്‍ട്ടിക്കാരെ തന്നെ ഇറക്കിവിടുന്നു. ഗവര്‍ണര്‍ക്ക് സംരക്ഷണം നല്‍കേണ്ട സര്‍ക്കാരും അതിനു നേതൃത്വം നല്‍കേണ്ട മുഖ്യമന്ത്രിയും തങ്ങളുടെ യുവജന സംഘടനകളെ പറഞ്ഞുവിട്ട് ഗവര്‍ണറെ വഴിയില്‍ തടയുന്നത് നാടകമല്ലാതെ പിന്നെന്താണെന്നും സതീശന്‍ ചോദിച്ചു.

‘മുഖ്യമന്ത്രിയെ വേദിയിലിരുത്തി റിപ്പബ്ലിക്ദിന പരേഡില്‍ കടന്നാക്രമിച്ചു കൊണ്ട് ഗവര്‍ണര്‍ പ്രസംഗിച്ചു. ഒരക്ഷരം മുഖ്യമന്ത്രി സംസാരിച്ചില്ല. മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരായി സംസാരിക്കാന്‍ ഭയമാണ്. കേന്ദ്ര സര്‍ക്കാര്‍ ഏജര്‍സികളെ ഭയന്നാണ് കേരളത്തിലെ മുഖ്യമന്ത്രി ജീവിക്കുന്നത്. എന്നിട്ടു നാട്ടുകാരെ കബളിപ്പിക്കാന്‍ കാട്ടുന്നതാണ് ഇതൊക്കെ’ സതീശന്‍ പറഞ്ഞു. ‘മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ സംസാരിക്കില്ല. എല്‍പി സ്‌കൂളിലെ കുട്ടികളല്ലേ, ഇതൊക്കെ ആരെ കാണിക്കാനാണ്? ഇതാണോ രാഷ്ട്രീയം? രാഷ്ട്രീയം തുറന്നു പറയണം. കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നെങ്കില്‍ സമരം ചെയ്യണം. അല്ലാതെ പൊതുസമ്മേളനം നടത്തുകയല്ല വേണ്ടതെന്നും സതീശന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here