കുസാറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം അനുവദിച്ച് മന്ത്രിസഭായോഗം

0

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ നാല് പേരുടെയും കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയല്‍ നിന്ന് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒപ്പം പതിനഞ്ചാം നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനമായി. അതേസമയം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ 28 സയന്റിഫിക് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിച്ചു. ബയോളജി – 12, ഡോക്കുമെന്‍സ് – 10, കെസ്മിട്രി – 6 എന്നിങ്ങനെയാണ് തസ്തികകള്‍. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും സമയബന്ധിതമായി ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനുമാണ് തസ്തികകള്‍ സൃഷ്ടിച്ചത്.

 

ലോക ബാങ്ക് ധനസഹായത്തോടെ കേരള കാര്‍ഷിക കാലാവസ്ഥാ പ്രതിരോധ മൂല്യവര്‍ദ്ധിത ശൃംഖല നവീകരണ പദ്ധതി നടപ്പാക്കാന്‍ മന്ത്രി സഭ അനുമതി നല്‍കി. 285 ദശലക്ഷം യുഎസ് ഡോളറാണ് മൊത്തം പദ്ധതി അടങ്കല്‍. 709.65 കോടി രൂപ സംസ്ഥാന വിഹിതവും 1655.85 കോടി രൂപ ലോക ബാങ്ക് വിഹിതവുമാണ്. ചെറുകിട കര്‍ഷകര്‍ക്കും കാര്‍ഷികാധിഷ്ഠിത എംഎസ്എംഇകള്‍ക്കും കാലാവസ്ഥയെ പ്രതിരോധിക്കുന്ന രീതികള്‍ അവലംബിച്ച് കൃഷിയിലും അനുബന്ധ മേഖലയിലും നിക്ഷേപം നടത്താന്‍ സഹായിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്ത് ഗവര്‍ണറോടൊപ്പം മന്ത്രി വി ശിവന്‍കുട്ടി പങ്കെടുക്കും.

 

എയ്‌റോസ്‌പെയ്‌സ് കണ്‍ട്രോള്‍ സിസ്റ്റംസ് സെന്ററിന് സ്ഥലം ലഭ്യമാക്കാന്‍ തുക അനുവദിക്കും. സംസ്ഥാനത്ത് ഐടി കോറിഡോര്‍, സാറ്റലൈറ്റ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് കിഫ്ബിയില്‍ നിന്ന് നീക്കിവെച്ച 1000 കോടി രൂപയില്‍ നിന്നാണ് തുക അനുവദിക്കുക. വേളി, തുമ്പയില്‍ വിഎസ്‌സിക്ക് അടുത്തുള്ള 60 ഏക്കര്‍ സ്ഥലം ലഭ്യമാക്കുന്നതിനാണ് തുക കണ്ടെത്തുന്നത്. സംസ്ഥാനത്ത് നാഷണല്‍ അര്‍ബന്‍ ഡിജിറ്റല്‍ മിഷന്‍ നടപ്പാക്കുന്ന ഇ – ഗവേര്‍ണന്‍സ് സേവനം പൈലറ്റ് അടിസ്ഥാനത്തില്‍ നടത്താന്‍ തീരുമാനിച്ചു. ഇതിനായി സംസ്ഥാന എക്‌സിക്യൂട്ടീവ്, ഇംപ്ലിമെന്റേഷന്‍ കമ്മിറ്റികള്‍ക്കും, സ്റ്റേറ്റ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിനും അംഗീകാരം നല്‍കി. കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിടുന്നതിന് ഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കി.

 

പത്തനംതിട്ട അടൂര്‍ ഏറത്ത് വില്ലേജില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി നെടുംകുന്നുമല ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് കമ്പോള വിലയുടെ രണ്ട് ശതമാനം തുക വാര്‍ഷിക പാട്ടം ഈടാക്കി പത്തനംതിട്ട ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് 30 വര്‍ഷത്തേക്കും തിരുവനന്തപുരം ചെറുവക്കല്‍ വില്ലേജില്‍ ഒരേക്കര്‍ ഭൂമി കേരള സംസ്ഥാന റിമോര്‍ട്ട് സെന്‍സിങ്ങ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററിന് കെട്ടിടവും ക്യാമ്പസും നിര്‍മ്മിക്കുന്നതിനും പാട്ടത്തിന് അനുവദിക്കാന്‍ തീരുമാനിച്ചു. കൂടാതെ കേരള സംസ്ഥാന പിന്നോക്ക വിഭാഗ കോര്‍പ്പറേഷന് 200 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here