രണ്ടാംഘട്ട വികസനത്തിനൊരുങ്ങി ചെന്നൈ മെട്രോ

0

ചെന്നൈ: രണ്ടാംഘട്ട മെട്രോ വികസനത്തിനായി ഒരുങ്ങുകയാണ് ചെന്നൈ. പല വിദേശരാജ്യങ്ങളിലും കണ്ടുവരുന്ന മാതൃകയിൽ ബഹുനില കെട്ടിടങ്ങള്‍ക്കുള്ളിലൂടെ ട്രെയിനുകള്‍ കടന്നുപോകുന്നത് യാഥാര്‍ഥ്യമാക്കാനാണ് ചെന്നൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (സിഎംആര്‍എല്‍) പദ്ധതിയിടുന്നത്. വികസനത്തിന്റെ ഭാഗമായി തിരുമംഗലത്താണ് 12 നിലകെട്ടിടവും ഇതിനകത്ത് സ്റ്റേഷനും വരുന്നത്. മെട്രോ വികസനത്തിന്റെ ഭാഗമായി തിരുമംഗലത്തുള്‍പ്പെടെ മൂന്നിടങ്ങളിലും വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുക. തിരുമംഗലത്ത് 12 നില കെട്ടിടത്തിന്റെ ഉള്ളിലൂടെയാവും ട്രെയിന്‍ കടന്നുപോവുക. ഈ കെട്ടിടത്തിലെ മൂന്നാംനിലയിലാവും സ്‌റ്റേഷന്‍. ഇതിന്റെ രൂപരേഖയും സിഎംആര്‍എല്‍ പുറത്തുവിട്ടിട്ടുണ്ട്. കോയംമ്പേട്, തിരുമയിലൈ എന്നിവയാണ് രണ്ടാംഘട്ട വികസനപ്രവൃത്തികള്‍ നടക്കുന്ന മറ്റുസ്ഥലങ്ങള്‍.

 

പൊതുഗതാഗതം, കെട്ടിടങ്ങള്‍, ജനങ്ങള്‍ ഇവ മൂന്നും യോജിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്കാണ് രൂപം നല്‍കുന്നത്‌. മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിനായാണ് മൂന്നിടങ്ങളിലും പദ്ധതി ആവിഷ്‌കരിച്ചത്‌. പദ്ധതിക്കായുള്ള തുക അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോയമ്പേടില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ എലവേറ്റഡ് സ്റ്റേഷന്‍ വികസനത്തിനായി ഉപയോഗിക്കും. നിലവിലെ സ്‌റ്റേഷന് മുകളിലായിട്ടാവും പുതിയ സ്റ്റേഷന്‍. വിംകോ നഗര്‍ സ്‌റ്റേഷനുമുകളില്‍ നാല് നിലകളില്‍ കാര്‍ പാര്‍ക്കിങ് സൗകര്യമുള്ള 20 നില കെട്ടിടം പണിയാനും സിഎംആര്‍എല്‍ പദ്ധതിയിടുന്നുണ്ട്.

 

ലോകത്തില്‍ പലയിടത്തും സമാനരീതിയിലുള്ള മെട്രോസ്‌റ്റേഷനുകളുണ്ട്. ചൈനയിലെ ചോങ്ക്യൂങില്‍ 19 നിലകളുള്ള കെട്ടിടത്തിന്റെ ആറാം നിലയിലാണ് മെട്രോ സ്‌റ്റേഷനുള്ളത്. നാഗ്പുരിലെ സീറോ മൈല്‍ മെട്രോ സ്‌റ്റേഷന്‍ 15 നിലകളുള്ള ആഢംബര ഹോട്ടല്‍ കെട്ടിടത്തിനുള്ളിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here