ശബരിമലയില്‍ അസൗകര്യം ഉണ്ടെന്ന പ്രചാരണം രാഷ്ട്രീയ താല്‍പര്യങ്ങള്‍ മൂലമാണെന്ന് ; പി.എസ് പ്രശാന്ത്

0

 

ശബരിമലയില്‍ അസൗകര്യം ഉണ്ടെന്ന പ്രചാരണം രാഷ്ട്രീയ താല്‍പര്യങ്ങള്‍ മൂലമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. സര്‍ക്കാരും ദേവസ്വം ബോര്‍ഡ് ഒന്നും ചെയ്തില്ലെന്ന് വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ആരെയും കുറ്റപ്പെടുത്താനോ വിവാദത്തിനോ താല്പര്യമില്ല. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

സന്നിധാനത്ത് എത്തുന്ന ഭക്തജനങ്ങള്‍ക്ക് ദര്‍ശനസൗകര്യം ഉറപ്പാക്കുന്നതിന് മുമ്പ് 17 മണിക്കൂര്‍ ആയിരുന്ന ദര്‍ശന സമയം 18 മണിക്കൂറായി ദീര്‍ഘിപ്പിച്ചു. ശബരിമലയില്‍ സീസണ്‍ തുടങ്ങിയ കാലയളവ് മുതല്‍ വെര്‍ച്വല്‍ ക്യൂവില്‍ 90,000 പേര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനാണ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 80,000 പേര്‍ക്ക് മാത്രമായി ചുരുക്കി. ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്ന അയ്യപ്പഭക്തര്‍ക്ക് വലിയ നടപ്പന്തല്‍, ഡൈനാമിക്ക് ക്യൂ കോംപ്ലക്‌സ് എന്നിവയില്‍ മതിയായ ചുക്കുവെള്ളവും ബിസ്‌ക്കറ്റും വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ദിവസവും 23 മണിക്കൂറും ഭക്തജനങ്ങള്‍ക്ക് തേങ്ങയടിച്ച് പതിനെട്ടാംപടി കയറുന്നതിന് അനുവദിക്കുന്നുണ്ട്. അപ്പം അരവണ എന്നീ പ്രസാദങ്ങള്‍ ഭക്തജനങ്ങള്‍ക്ക് നല്‍കുന്നതിന് 18 ആം പടിക്ക് താഴെയുള്ള കൗണ്ടര്‍ കോംപ്ലക്‌സില്‍ 10 കൗണ്ടറുകളും മാളികപ്പുറത്തിന് സമീപം 6 കൗണ്ടറുകളും നിലവിലുണ്ട്. നെയ്യഭിഷേകത്തിനുള്ള കൂപ്പണ്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

ശബരിമലയില്‍ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും മതിയായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടില്ലെന്നുമുള്ള ആക്ഷേപം ശക്തമാകുന്നതിനിടെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെ വിശദീകരണം. ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കിയിട്ടില്ല എന്നുള്ള പ്രചരണം വസ്തുത വിരുദ്ധമാണ്. മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മറ്റുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 2 തവണ അവലോകനയോഗം ചേര്‍ന്നു. അവധി ദിവസങ്ങളില്‍ ഉണ്ടാകുന്ന പ്രതിസന്ധിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here