പമ്പാനദിക്കരയിൽ കാട്ടാന പ്രസവിച്ചു; അമ്മയ്ക്കും കുഞ്ഞിനും സുരക്ഷയൊരുക്കി 13 അംഗ കാട്ടാനക്കൂട്ടം

0

സീതത്തോട്: ജനവാസ മേഖലയോട് ചേർന്ന് കാട്ടാന പ്രസവിച്ചതോടെ അമ്മയ്ക്കും കുഞ്ഞിനും സുരക്ഷ ഒരുക്കി 13 അം​ഗ കാട്ടാനക്കൂട്ടം അണിനിരന്നത് ജനങ്ങൾക്ക് കൗതുകക്കാഴ്ച്ചയായി. അട്ടത്തോട് കിഴക്കേക്കര കോളനിക്കു സമീപം പമ്പാ നദിയോടു ചേർന്ന് ‌‌വനമേഖലയിലാണ് കഴിഞ്ഞ ദിവസം കാട്ടാന പ്രസവിച്ചത്. ചെങ്കുത്തായ സ്ഥലത്താണ് കുട്ടിയാന ഉള്ളതെന്നതും കടുവകൾ ആനക്കുട്ടികളെ ആക്രമിക്കുന്ന പ്രദേശമാണ് ഇവിടം എന്നതും ആശങ്ക ഉയർത്തുന്നുണ്ട്.

ഇന്നലെ പുലർച്ചെയാണു ആന പ്രസവിച്ചതെന്നു സ്ഥലവാസികൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഈ പ്രദേശത്ത് ആനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. രാത്രി ആനകളുടെ അലർച്ച കേൾക്കാമായിരുന്നു. നേരം പുലർന്നപ്പോൾ തെളിഞ്ഞ് കിടക്കുന്ന സ്ഥലത്ത് അമ്മയെയും കുഞ്ഞിനെയും കണ്ടതോടെ സ്ഥലവാസികൾ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.

ചെങ്കുത്തായ സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്ന കുട്ടിയാന താഴേക്കു ഉരുണ്ട് വീഴുമെന്നാണ് ആശങ്ക. ആനക്കുട്ടി പലതവണ താഴേക്കു ഉരുണ്ട് പോകാൻ തുടങ്ങിയപ്പോൾ അമ്മയാന തുമ്പിക്കൈ കൊണ്ടു താങ്ങി നിർത്തി ഒപ്പം കൂട്ടുകയായിരുന്നു. ആനകൾ നിൽക്കുന്ന സ്ഥലത്തിനു അടിവശം പമ്പാ നദിയാണ്. കടുവയുടെ ഭീഷണിയുള്ള പ്രദേശമാണ് ഇവിടെ. ആനക്കുട്ടികളെ കടുവ ആക്രമിക്കാറുണ്ട്. അമ്മയ്ക്കും കുഞ്ഞിനും സുരക്ഷ ഒരുക്കി ഒപ്പമുള്ള 13 അംഗ കാട്ടാനക്കൂട്ടത്തിലും ചെറിയ ആനക്കുട്ടികളുണ്ട്.

രണ്ട് ദിവസം കൂടി ആന ഈ പ്രദേശത്തു തന്നെ കാണുമെന്നും കുട്ടിയാന സുരക്ഷിതമായി നടക്കാറാവുമ്പോൾ ഇവർ ഉൾ വനത്തിലേക്കു കയറുമെന്ന് വനപാലകർ പറഞ്ഞു. പ്ലാപ്പള്ളി, കണമല സ്റ്റേഷനുകളിലെയും എലിഫന്റ് സ്ക്വാഡിലെയും വനപാലകർ പ്രദേശത്ത് റോന്ത് ചുറ്റുന്നുണ്ട്. പെരിയാർ കടുവ സങ്കേതം പടിഞ്ഞാറ് ഡിവിഷൻ പമ്പാ റേഞ്ചിന്റെ പരിധിയിൽപെട്ട സ്ഥലമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here