മുഖ്യമന്ത്രിയുടെ അകമ്പടിവാഹനങ്ങളുടെ എണ്ണം ഒമ്പതാക്കി കുറച്ചു; മുഖ്യമന്ത്രിക്ക് കടന്നുപോകാൻ ട്രാഫിക് നിയന്ത്രണവും ഇനിയുണ്ടാകില്ല; തന്റെ യാത്രകൾ സാധാരണ ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഒരുവിധത്തിലുള്ള അസൗകര്യവും ഉണ്ടാക്കരുതെന്ന് നിർദ്ദേശിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

0

ഹൈദരാബാദ്: അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തുന്നത്. ഇപ്പോഴിതാ, തന്റെ സുരക്ഷയ്ക്കായി നിയോ​ഗിച്ച അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ അകമ്പടി 20 വാഹനങ്ങളിൽനിന്ന് ഒമ്പതാക്കി കുറച്ചു. തെലങ്കാനയിലും ഹൈദരാബാദിലും മുഖ്യമന്ത്രി സഞ്ചരിക്കുമ്പോൾ ഇനി ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്നും നിർദ്ദേശമുണ്ട്. തന്റെ യാത്രകൾ സാധാരണ ജനങ്ങൾക്കും വാഹനങ്ങൾക്കും ഒരുവിധത്തിലുള്ള അസൗകര്യവും ഉണ്ടാക്കരുതെന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഡി.ജി.പി.ക്ക് നിർദേശം നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി അങ്ങോട്ടുമിങ്ങോട്ടും പ്രത്യേകിച്ച് ഹൈദരാബാദിൽ സഞ്ചരിക്കുമ്പോൾ 10-15 മിനിറ്റ് വരെ ട്രാഫിക് തടസ്സപ്പെടാറുണ്ട്. ഇത് ട്രാഫിക് കുരുക്കുകൾ ഉണ്ടാകാൻ എപ്പോഴും ഇടവരുന്നു. കൂടാതെ അടിയന്തരമായി സഞ്ചരിക്കുന്നവർക്കും ഇത് പ്രശ്‌നമാകാറുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇങ്ങനെ ഒരു തീരുമാനം എടുത്തത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ‘സിറോ ട്രാഫിക് പ്രോട്ടക്കോൾ’ നയമാണ് രേവന്ത് സ്വീകരിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ട്രാൻസ്‌പോർട്ട്, സെക്യൂരിറ്റി, പ്രോട്ടക്കോൾ ഉദ്യോഗസ്ഥർക്കുംവേണ്ട നിർദേശങ്ങൾ നൽകും.

സാമാന്യ ജനങ്ങൾക്കും വാഹനങ്ങൾക്കും പ്രയാസങ്ങളുണ്ടാകാതെ ഒരു ബദൽസംവിധാനവും തേടാൻ രേവന്ത് നിർദേശിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവാണെങ്കിലും കെ.സി.ആറിനും തിരക്കുള്ള നഗരവീഥികളിലും മറ്റും ഗ്രീൻ ചാനൽ ഉണ്ടാകില്ല. എന്നാൽ മുഖ്യമന്ത്രിക്ക് ഇസഡ് പ്ലസ് സെക്യൂരിറ്റി നിർബന്ധമായതിനാൽ ബുള്ളറ്റ് പ്രൂഫ് കാർ ഉപയോഗിക്കേണ്ടിവരും. ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്കയും മന്ത്രിമാരും സ്പീക്കറും ഇതേ പ്രോട്ടക്കോൾ പിന്തുടർന്നേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here