ഗാസയ്ക്ക് ഐക്യദാർഢ്യം; കടലിൽ ആക്രമണവുമായി ഹൂതികൾ, ആഗോള വ്യാപാരം പ്രതിസന്ധിയിലേക്ക്

0

 

 

ഗാസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കപ്പലുകൾക്കുനേരെ ഹൂതികൾ നടത്തുന്ന ആക്രമണം കാരണം ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള ചരക്ക് നീക്കം പ്രതിസന്ധിയിൽ. സുപ്രധാന പാതയായ ചെങ്കടലിൽ ഹൂതികൾ ഉയർത്തുന്ന ഭീഷണി കാരണം ആഗോള വ്യാപാര മേഖല കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ലോകമെമ്പാടുമുള്ള വ്യാപാരത്തിന്റെ 12% കൈകാര്യം ചെയ്യുന്ന സൂയസ് കനാലിലൂടെയുള്ള കപ്പൽ ഗതാഗതത്തെ ആക്രമണം പ്രതിസന്ധിയിലാക്കി.

 

ആക്രമണങ്ങൾ കാരണം ചില ഷിപ്പിംഗ് സ്ഥാപനങ്ങൾ തങ്ങളുടെ കപ്പലുകൾ ദൈർഘ്യമേറിയതും ചെലവേറിയതുമായ റൂട്ടുകളിലേക്ക് തിരിച്ചുവിടാൻ നിർബന്ധിതരായിട്ടുണ്ട്. ഇത് കയറ്റുമതി , ഇറക്കുമതി മേഖലയിലെ ചെലവ് വർധിക്കുന്നതിനും ഇടയാക്കും. ആക്രമണങ്ങൾ തുടരുകയും നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയും ചെയ്തില്ലെങ്കിൽ അടുത്ത ആറ് മുതൽ 12 മാസത്തിനുള്ളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തൽ.

 

സൂയസ് കനാൽ മറികടന്ന് ആഫ്രിക്കയുടെ തെക്കേ അറ്റം വഴി വാണിജ്യ കപ്പലുകൾ ബദൽ മാർഗം തിരഞ്ഞെടുക്കുകയാണെങ്കിൽ, കടൽ ചരക്ക് ഒരു കണ്ടെയ്‌നറിന് 5,000 ഡോളറായി ഉയരുമെന്നാണ് കണക്ക്. ഈ വഴി സ്വീകരിച്ചാൽ കപ്പലുകൾ എത്തിച്ചേരുന്ന സമയം 20 ദിവസം വരെ നീളുകയും ഇന്ധനച്ചെലവ് വർദ്ധിക്കുകയും ചെയ്യും.

 

മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതകളിൽ ഒന്നാണ്. ഇത് ഏഷ്യയും യൂറോപ്പും തമ്മിലുള്ള ദൂരം ആയിരക്കണക്കിന് കിലോമീറ്ററുകൾ കുറയ്ക്കുന്നു. അതേ സമയം പ്രതിസന്ധി ഘട്ടങ്ങളിൽ, ആക്രമണ സാധ്യത ഒഴിവാക്കാൻ ചില ഷിപ്പിംഗ് ലൈനുകൾ കേപ് ടൗൺ വഴി ദൈർഘ്യമേറിയ പാത സ്വീകരിക്കുന്നുണ്ട്.

 

ഗാസയിലെ ഇസ്രായേലിന്റെ ആക്രമണത്തിനെതിരെ കഴിഞ്ഞ മാസം മുതൽ കപ്പലുകൾക്ക് നേരെ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചുകൊണ്ടിരിക്കുന്ന യെമൻ വിമതരെ ചെറുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here