ദേശീയ ഗാനത്തിനിടെ സംസാരിച്ചു; തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ മർദ്ദിച്ച് അവശനാക്കി അദ്ധ്യാപകൻ

0

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ചത് ക്ലാസിൽ സംസാരിച്ചുവെന്ന് ആരോപിച്ച്. മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ ചുണ്ടിന് മുറിവും കണ്ണിന് താഴെ നീർവീക്കവുമുണ്ട്. കണ്ടല ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലാണ് സംഭവം നടന്നത്. ക്ലാസ് മുറിയിൽ മറ്റ് വിദ്യാർത്ഥികളുടെ മുന്നിലാണ് സുധീഷ് എന്ന അദ്ധ്യാപകൻ കുട്ടിയുടെ തലയ്ക്കും മുതുകിനും മർദ്ദിച്ചത്.

 

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ വിദ്യാർത്ഥി നെയ്യാറ്റിൻകര ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കുട്ടിയുടെ പിതാവ് അദ്ധ്യാപകനെതിരെ മാറനല്ലൂർ പൊലീസിൽ പരാതി നൽകി. സ്‌കൂളിൽ ദേശീയ ഗാനം ആലപിക്കുമ്പോൾ വിദ്യാർത്ഥി സംസാരിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

 

സുധീഷ് കുട്ടിയുടെ തലയ്ക്കടിച്ച ആഘാതത്തിൽ മുഖം ചുവരിലിടിച്ചാണ് ചുണ്ടിന് മുറിവേറ്റത്. തുടർന്ന് ഇയാൾ കുട്ടിയുടെ മുതുകിൽ രണ്ട് തവണ ഇടിച്ചതായും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മർദ്ദനത്തെ തുടർന്ന് വിദ്യാർത്ഥി പ്രധാന അദ്ധ്യാപകനെ കണ്ട് പരാതി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. മുഖത്ത് ചോരയൊലിപ്പിച്ച് നിന്ന വിദ്യാർത്ഥിയുടെ പരാതി പ്രധാന അദ്ധ്യാപകൻ അവഗണിക്കുകയായിരുന്നു. മർദ്ദനം വീട്ടിൽ അറിയിക്കരുതെന്ന് കുട്ടിയോട് പ്രധാന അദ്ധ്യാപകൻ ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here