ധനപ്രതിസന്ധിക്ക് കാരണം പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥത; വി. മുരളീധൻ

0

തിരുവനന്തപുരം: കേരളത്തിലെ ധനപ്രതിസന്ധിക്ക് കാരണം പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേന്ദ്രഫണ്ടിൻ്റെ യഥാർഥ കണക്കും മന്ത്രി പുറത്തുവിട്ടു.കേന്ദ്രം അനുവദിക്കുന്ന തുക കേരള സർക്കാർ പലപ്പോഴും വകമാറ്റി ചെലവഴിക്കുകയോ ലാപ്സാക്കുകയോ ചെയ്യുന്നു. പ്രധാനമന്ത്രി മത്സ്യയോജന, വന്യമൃഗ ശല്യം ഒഴിവാക്കാനുള്ള ഫണ്ട് തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. പ്രധാനമന്ത്രി മത്സ്യസമ്പദ യോജനപ്രകാരം ലഭിച്ച 13,286 കോടിയിൽ 7855.95 മാത്രമാണ് കേരളം ചെലവിട്ടത്.

സാമൂഹ്യസുരക്ഷാ പെൻഷനുള്ള കേന്ദ്രവിഹിതം കുടിശിക സഹിതം മുഴുവൻ തുകയും കഴിഞ്ഞമാസം തന്നെ സംസ്ഥാനത്തിന് കൈമാറിക്കഴിഞ്ഞു. 604.14 കോടിയാണ് വിധവാ പെൻഷൻ, വികലാംഗ പെൻഷൻ, വാർധക്യകാല പെൻഷൻ എന്നിവയ്ക്കായി കേരളത്തിന് നൽകിയത്. രണ്ടാം ഗഡുവിനുള്ള അപേക്ഷ കേരളം ഇതുവരെ നൽകിയിട്ടില്ല.

ഏഴാം ശമ്പളപരിഷ്ക്കരണത്തിൻ്റെ കുടിശിക ഇനത്തിൽ ലഭിക്കേണ്ടിയിരുന്ന 750 കോടി കെടുകാര്യസ്ഥതകൊണ്ട് കേരള സർക്കാർ നഷ്ടപ്പെടുത്തി. പണം ലഭിക്കുന്നതിനുള്ള ശുപാർശ സമർപ്പിക്കാൻ നിശ്ചയിച്ചിരുന്ന അവസാന തിയതി 2022 മാർച്ച് 31 ആയിരുന്നു. രണ്ടു തവണ കേന്ദ്രം കത്തയച്ചെങ്കിലും സംസ്ഥാനം അനങ്ങിയില്ല. ദേശീയ ഭക്ഷ്യസുരക്ഷ ആക്ട് പ്രകാരം 259.63 കോടി കൈമാറിക്കഴിഞ്ഞു. ഇതിൽ കുടിശിക ഇല്ല.

കേന്ദ്രാവിഷ്കൃത പദ്ധതികൾക്കാവശ്യമായ മൂലധന സഹായ ഇനത്തിൽ 1,925 കോടി കിട്ടാനുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ഇതിന് തടസം. നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് തെളിയിക്കുന്ന റിപ്പോർട്ട് സെപ്റ്റംബർ 30-ന് മുമ്പ് ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് സമർപ്പിക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും നവംബർ ആദ്യ ആഴ്ചയിലും കേരളം ഇത് നൽകിയിട്ടില്ല.

പിണറായി വിജയൻ സർക്കാരിൻ്റെ ധൂർത്തും കെടുകാര്യസ്ഥതയും സാമ്പത്തിക മിസ്മാനേജ്മെൻ്റും മൂലമാണ് കേരളം സാമ്പത്തിക പ്രതിസന്ധിയിലായത്. അക്കാര്യത്തിൽ കേന്ദ്രസർക്കാരിന് ഒരു പങ്കുമില്ല. നിരന്തരമുള്ള വ്യാജപ്രചാരണങ്ങളെ കേരള ജനത തള്ളുമെന്നുറപ്പാണെന്നും വി. മുരളീധരൻ പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here