പിറന്നാൾ നിറവിൽ സുശീലാമ്മ

0

ദക്ഷിണേന്ത്യൻ ഭാഷകളിലുടനീളം ആയിരക്കണക്കിന് ചലച്ചിത്രഗാനങ്ങൾക്ക് സ്വരമായി മാറിയ പി സുശീല എന്ന സംഗീതാസ്വാദകരുടെ സുശീലാമ്മയ്ക്ക് ഇന്ന് 88-ാം പിറന്നാൾ. സീത എന്ന സിനിമയിലെ ‘പാട്ടുപാടിയുറക്കാം ഞാൻ ‘ എന്ന ഗാനത്തിലൂടെയാണ് പി സുശീല എന്ന ഗായികയെ മലയാളികൾക്ക് ലഭിച്ചത്. അമ്പതുകളിൽ മുതൽ എഴുപതുകൾ വരെ തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള സ്ത്രീശബ്ദം ആയിരുന്നു ആരാധകരുടെ പ്രിയപെട്ട സുശീലാമ്മ. പാട്ടിന്റെ പൂർണമായ അർത്ഥം പുറത്തുകൊണ്ടുവരാനുള്ള അസാമാന്യമായ കഴിവ് തന്നെയാണ് സുശീലാമ്മയുടെ പാട്ടുകളുടെ പ്രത്യേകത.

1960 ൽ സീത എന്ന ചിത്രത്തിൽ ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ പാടിയ സുശീല പിന്നീട് മലയാളസിനിമയുടെ അവിഭാജ്യഘടകമായിത്തീർന്നു. ജി ദേവരാജൻ, എം കെ അർജ്ജുനൻ എന്നീ സംഗീതസംവിധായകരുടെ പാട്ടുകളാണു സുശീല കൂടുതലും ആലപിച്ചത്. എം എസ് വിശ്വനാഥന്റെ സംഗീതത്തിൽ തമിഴ് ചിത്രമായ ‘ഉയർന്ത മനിത’നിലെ ‘നാളൈ ഇന്ത വേലൈ പാർത്തു’ എന്ന ഗാനത്തിനാണു 1969ൽ ആദ്യ ദേശീയ അവാർഡ് ലഭിക്കുന്നത്. പിന്നീട് 1971, 1977, 1983, 1984 വർഷങ്ങളിൽ ദേശീയ അവാർഡും 1971 ഇൽ കേരള സംസ്ഥാന അവാർഡും, 1978, 1979 ൽ തമിഴ്നാട് കലൈമണി അവാർഡും, 1979 ൽ ആന്ധ്രാപ്രദേശിലെ നന്ദി അവാർഡും പി സുശീലക്ക് ലഭിച്ചു.

2016 ജനുവരി 28 നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുശീല 17695 ഗാനങ്ങൾ (സോളോ, ഡ്യുയറ്റ്, കോറസ്) പാടിയിട്ടുണ്ട്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവ ഇന്ത്യൻ ഭാഷകളിൽ ഏറ്റവും കൂടുതൽ ഗാനമാലപിച്ച സുശീലയുടെ ഈ നേട്ടത്തെ അംഗീകരിച്ചിട്ടുണ്ട്.

Leave a Reply