പ്രധാനവേദി പി. വത്സല നഗര്‍; അമരത്ത് ഡോ. ദീപാ ചന്ദ്രന്‍

0

കാലടി: ഏത് കലോത്സവത്തിന്റെയും മികച്ച നടത്തിപ്പിനു പിന്നില്‍ മത്സരാര്‍ത്ഥികളുടെ അമ്മമാരുടേയും അധ്യാപികമാരുടേയും വനിതാപരിശീലകരുടേയും പങ്ക് ഏറെ വലുതാണെങ്കില്‍ കാലടിയെ ഉത്സവലഹരിയിലാഴ്ത്തി അരങ്ങേറുന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തില്‍ സ്ത്രീകള്‍ക്ക് അഭിമാനിക്കാന്‍ അതിലേറെ. കാലടി ശ്രീ ശാരദാ വിദ്യാലയത്തില്‍ ഉദ്ഘാടനച്ചടങ്ങും പ്രധാന ഗ്രൂപ്പിനങ്ങളും അരങ്ങേറുന്ന ഒന്നാമത് വേദിയുടെ പേര് പി വത്സലാ നഗര്‍. 7000ത്തിലേറെ മത്സരാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും അധ്യാപകരും ഒഴുകിയെത്തിയിരിക്കുന്ന മേളയുടെ ജനറല്‍ കണ്‍വീറായിരിക്കുന്നത് ആതിഥേയരായ ശ്രീ ശാരദാ വിദ്യാലയത്തിന്റെ പ്രിന്‍സിപ്പല്‍ കൂടിയായ ഡോ. ദീപാ ചന്ദ്രന്‍. മൂന്നു ദിവസം നീളുന്ന മത്സരങ്ങള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയവര്‍ പലരും പണം മുടക്കി ഹോട്ടലുകളിലും മറ്റും താമസിക്കുന്നുണ്ടെങ്കിലും മറ്റു വിദ്യാലയങ്ങള്‍, കന്യാസ്ത്രീമഠങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയ ഒട്ടേറെ ഇടങ്ങളില്‍ സൗജന്യ താമസസൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഡോ. ദീപാ ചന്ദ്രന്‍ പറഞ്ഞു. മേളയ്ക്കായി പ്രവര്‍ത്തിക്കുന്ന 25 സബ്കമ്മറ്റികളിലും ശ്രീ ശാരദ വിദ്യാലയത്തിലെ അധ്യാപികമാരാണ് ഏറെയും. ഇതിനു പുറമെയാണ് 200ലേറെ വരുന്ന വളണ്ടിയര്‍മാര്‍. ‘ആദ്യദിവസം രാവിലെ 8 മണിക്കാരംഭിച്ച നൃത്തമത്സരങ്ങള്‍ക്കായി വെളുപ്പിന് 2 മണിക്കു തന്നെ വന്ന് മത്സരാര്‍ത്ഥികള്‍ മേക്കപ്പ് തുടങ്ങിയിരുന്നതിനാല്‍ വളണ്ടിയര്‍മാരുടെ സേവനവും തലേ രാത്രി തന്നെ ആരംഭിച്ചിരുന്നു. അതെ, ഞങ്ങള്‍ക്കിത് മൂന്ന് ഉറക്കമില്ലാത്ത രാവുകള്‍’ ഡോ ദീപ പറയുന്നു. മത്സരാര്‍ത്ഥികള്‍ക്ക് മൂന്നു നേരവും സുരക്ഷിതവും സ്വാദിഷ്ടവുമായ ഭക്ഷണമെത്തിക്കുകയാണ് ഏറ്റവും വലിയ ഉത്തരവാദിത്തമായി കരുതുന്നതെന്നും ഡോ. ദീപ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here